ശ്രുതി മെറിൻ ലാലിനു അലോഷ്യൻ യൂത്ത് ഐക്കൻ അവാർഡ്
ശ്രുതി മെറിൻ ലാൽ
മംഗലാപുരം: സെന്റ് അലോഷ്യസ് കോളേജ് (കല്പിത സർവകലാശാല) ആലെംനൈ അസോസിയേഷന്റെ 'ദി അലോഷ്യൻ യൂത്ത് ഐക്കൻ' അവാർഡിനു മലയാളി വിദ്യാർഥിനി ശ്രുതി മെറിൻ ലാൽ അർഹയായി. കോളേജിലെ പൂർവവിദ്യാർഥികളിൽ പ്രവർത്തന, ജോലി മേഖലകളിൽ വിശിഷ്ടസേവനം കാഴ്ചവയ്ക്കുന്നവർക്കായി രണ്ടു വർഷത്തിലൊരിക്കൽ ഏർപ്പെടുത്തുന്ന അവാർഡാണു ഐപിസി ഷാർജ സഭാംഗങ്ങളായ മല്ലപ്പള്ളി മാളിയേക്കൽ ലാൽ മാത്യുവിന്റെയും സൂസൻ ലാലിന്റെയും ഇളയ മകളായ ശ്രുതി നേടിയത്.
ഭാരത സർക്കാർ വിദേശകാര്യ മന്ത്രാലയം ആഗോളരാഷ്ട്രീയത്തെയും ആഗോളസമ്പദ്ഘടനയെയും സംബന്ധിച്ച് സംഘടിപ്പിച്ച 'റെയ്‌സീനാ ഡയലോഗ് 2025'(Raisina Dialogue 2025)ൽ ശ്രുതി കാഴ്ചവച്ച മികച്ച പ്രകടനമാണു അവാർഡിനു പ്രധാനമായും പരിഗണിച്ചത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്കു പുറമെ മുൻ രാഷ്ട്രത്തലവന്മാർ, സൈനികമേധാവികൾ, സാങ്കേതിക വിദഗ്ധർ, അക്കാദമിക വിദഗ്ധർ തുടങ്ങിയരുൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന സംവാദസമ്മേളനമാണു റെയ്‌സീനാ ഡയലോഗ്.
ഫെബ്രുരി 16നു നടന്ന പ്രത്യേക ചടങ്ങിൽ ശ്രുതി അവാർഡ് ഏറ്റുവാങ്ങി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ റവ. ഡോ. പ്രവീൺ മാർറ്റിസ് എസ്‌ജെ, സെന്റ് അലോഷ്യസ് ഇൻസ്റ്റിറ്റിയൂഷൻസ് റെക്ടർ റവ. ഫാ. മെൽവിൻ പിന്റോ എസ്. ജെ തുടങ്ങിയ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.
സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ദി ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നു അന്തർദേശീയ ബന്ധങ്ങളിൽ മാസ്റ്റർ ബിരുദം നേടിയ ശ്രുതി അവിടെത്തന്നെ നരവംശശാസ്ത്രത്തിൽ മാസ്റ്റർ പഠനം തുടരുന്നു. പിതാവ് ലാൽ മാത്യു, ഐപിസി ഗ്ലോബൽ മീഡിയ യു.എ.ഇ ചാപ്റ്റർ പ്രസിഡന്റാണ്.
Advertisement


































































































