സാഹോദര്യ ബന്ധത്തിൻ്റെ കുളിർമയും ഊഷ്മളതയും വർണനാതീതം : റവ. സാം വർഗീസ്
കാനഡ: മഞ്ഞ് പെയ്തിറങ്ങുന്ന ഇടങ്ങളിൽ സാഹോദര്യ ബന്ധത്തിൻ്റെ കുളിർമയും ഊഷ്മളതയും വർണനാതീതമാണെന്നും ഐക്യപ്പെടുന്നിടത്ത് ദൈവത്തിൻ്റെ അത്ഭുത പ്രവൃത്തികൾ നടക്കുമെന്നും ഇരുപതാമത് നോർത്തമേരിക്കൻ ഐ.പി.സി.ഫാമിലി കോൺഫറൻസ് ചെയർമാൻ പാസ്റ്റർ സാം വർഗീസ് പ്രസ്താവിച്ചു. കാനഡയിലെ എഡ്മണ്ടനിൽ ആരംഭിച്ച കോൺഫറൻസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഞ്ഞ് പെയ്ത് നിലം നനഞ്ഞ് കൃഷിക്കു പാകമാവുക എന്നത് ഏതൊരു കർഷകൻ്റെയും സ്വപ്നമാണ്, മഞ്ഞിൽ കുതിർന്ന് നിലം ഒരുക്കപ്പെട്ടാൽ അവിടെ വിതറുന്ന വിത്തിന് നൂറ് മേനി വിളവ് തരുവാൻ കഴിയും എന്നത് പോലെ ഈ കോൺഫറൻസിൽ വിതറുന്ന വചന വിത്തുകൾ അത്ഭുതകരമായ ഫലം നല്കട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു. മഞ്ഞ് പെയ്തിറങ്ങുമ്പോൾ മണ്ണിലെ മാലിന്യങ്ങൾ അലിഞ്ഞില്ലാതെയാകുമെന്നും നിലം ശുദ്ധമായി തീരുമെന്നും പാസ്റ്റർ സാം പറഞ്ഞു. മഞ്ഞ് പെയ്തിറങ്ങുന്ന ദേശത്തേക്ക് ദൈവം അയക്കുമെന്ന ദൂതിനെ പിൻപറ്റി എത്തിയ നമ്മൾ ഓരോരുത്തരെയും സ്വപ്നം കാണാൻ കഴിയുന്നതിനുമപ്പുറം ഈ രാജ്യത്ത് ദൈവം മാനിച്ച ദൈവത്തിന് നന്ദി അർപ്പിക്കുന്നതിനൊപ്പം നമ്മുടെ ആത്യന്തിക ലക്ഷ്യമാകുന്ന നിത്യകനാൻ എന്ന സുന്ദരദേശത്തെ നോക്കിപ്പാർക്കുന്നതിനുള്ള ജാഗ്രതയെ കൂടുതൽ കരുത്തുള്ളതാക്കുന്നതിന് ഈ കോൺഫറൻസ് അവസരമൊരുക്കണം. അതിനായുള്ള ആഗ്രഹത്തോടും പ്രാർത്ഥനയോടും ഓരോരുത്തരും ആയിരിക്കണമെന്നും പാസ്റ്റർ സാം വർഗീസ് ഉദ്ബോധിപ്പിച്ചു.
ഐക്യത്തിന് ഹെർമോൻ മഞ്ഞിൻ്റെ സൗന്ദര്യമുണ്ട്.ഒരുമയും സ്നേഹവും കരുതലും ചേർത്ത് ഐക്യത വർദ്ധിപ്പിച്ച് ഒന്നിച്ച് മുന്നോട്ടു പോകണമെന്നും അത് അത്ഭുതകരമായ ഫലം നല്കുമെന്നും അദ്ദേഹം തുടർന്നു. യേശുവിൻ്റെ നന്മകൾ രുചിച്ചറിഞ്ഞ നാളുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ യേശു ക്രിസ്തു എന്ന മാധുര്യവാനെ കാണുന്നതുപോലെ, മഞ്ഞ് പെയ്തിറങ്ങുന്നിടത്തു നിന്നും മാധുര്യവും കൂടുതലായി പുറപ്പെടട്ടെ എന്ന സമർപ്പണ ഗാനം എല്ലാവരും ആലപിച്ചു കൊണ്ടാണ് പാസ്റ്റർ സാം വർഗീസിൻ്റെ ഉദ്ഘാടന പ്രസംഗം സമാപിച്ചത്. പാസ്റ്റർ തോമസ് ഇടിക്കുള അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർ ഇട്ടി എബ്രഹാം സങ്കീർത്തനം വായിച്ചു. പാസ്റ്റേഴ്സ് ജോനാഥൻ സാമുവേൽ, സാബു വർഗീസ് ന്യൂയോർക്ക്, ഷാജി ഡാനിയേൽ ഹൂസ്റ്റൺ എന്നിവർ പ്രസംഗിച്ചു.പാസ്റ്റർ ടോം ജോർജ്, പാസ്റ്റർ അലക്സാണ്ടർ വർഗീസ് , ജോർജ് തോമസ് എന്നിവർ പ്രാർത്ഥിച്ചു. റോണി എസ്. മാത്യൂസ് സ്വാഗതം പറഞ്ഞു.പ്രസംഗകരെ റോബിൻ ജോൺ പരിചയപ്പെടുത്തി. പാസ്റ്റർ സാം വർഗീസിനൊപ്പം ഫിന്നി എബ്രഹാം (സെക്രട്ടറി) എബ്രഹാം മോനിസ് ജോർജ് (ട്രഷറർ) റോബിൻ ജോൺ (യൂത്ത് കോർഡിനേറ്റർ) സൂസൻ ജോൺസൻ (ലേഡീസ് കോർഡിനേറ്റർ) തുടങ്ങിയവരുടെ നേതൃത്വത്തിൽ നാഷണൽ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയും നേതൃത്വം നല്കുന്ന കോൺഫറൻസ് ഞായറാഴ്ച നടക്കുന്ന സഭായോഗത്തോടും കർതൃമേശയോടും കൂടെ സമാപിക്കും.

