'കുടിയേറ്റം ഭയാനകം,യൂറോപ്പിനെ ഇല്ലാതാക്കും; സഹകരിച്ചുനീങ്ങണം', മുന്നറിയിപ്പുമായി ട്രംപ്

'കുടിയേറ്റം ഭയാനകം,യൂറോപ്പിനെ ഇല്ലാതാക്കും; സഹകരിച്ചുനീങ്ങണം', മുന്നറിയിപ്പുമായി ട്രംപ്
ട്രംപ്

എഡിന്‍ബര്‍ഗ്: കുടിയേറ്റം യൂറോപ്പിനെ ഇല്ലാതാക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും ട്രംപ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ഭയാനകമായ അധിനിവേശം നിര്‍ത്തലാക്കുന്നതാണ് നല്ലതെന്നും ഇല്ലെങ്കില്‍ യൂറോപ്പ് ഇല്ലാതാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. സ്‌കോട്‌ലന്‍ഡില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ചില രാഷ്ട്രത്തലവന്‍മാര്‍ കുടിയേറ്റം അനുവദിക്കുന്നില്ലെന്നും അവര്‍ക്ക് അര്‍ഹമായ അഭിനന്ദനം ലഭിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ 2020 ലെ കണക്കനുസരിച്ച് 87 മില്യണ്‍ വിദേശകുടിയേറ്റക്കാരാണ് യൂറോപ്പിലുള്ളത്.

യുഎസ്- മെക്‌സികോ അതിര്‍ത്തിയില്‍ കര്‍ശനനടപടി സ്വീകരിക്കുന്നതിനെ കുറിച്ചും ട്രംപ് സംസാരിച്ചു. കഴിഞ്ഞ മാസം യുഎസിലേക്ക് ആരേയും പ്രവേശിക്കാനനുവദിച്ചില്ലെന്നും മോശക്കാരായ ആളുകളെ യുഎസില്‍ നിന്ന് തുരത്തിയതായും ട്രംപ് പറഞ്ഞു. ജനുവരിയില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ശേഷം കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് ട്രംപ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ആയിരക്കണക്കിന് കുടിയേറ്റക്കാരെ യുഎസില്‍ നിന്ന് നാടുകടത്തുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തിരുന്നു. ട്രംപിന്റെ നടപടികള്‍ക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം, യൂറോപ്പില്‍നിന്ന് യുഎസിലേക്ക് കുടിയേറിയവരാണ് ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപും മാതാവ് മേരി ആന്‍ മക്‌ലി യോഡും എന്നത് വിമർശകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്‌കോട്‌ലന്‍ഡില്‍ ട്രംപിന് ഗോള്‍ഫ് കളിസ്ഥലങ്ങള്‍ സ്വന്തമായുണ്ട്. രണ്ടാമത്തെ ഗോള്‍ഫ് കേന്ദ്രം തുറക്കുന്നത് ട്രംപിന്റെ മാതാവിന്റെ പേരിലാണ്. ട്രംപിന്റെ മാതാവിന്റെ ജന്മദേശം കൂടിയാണ് സ്‌കോട്‌ലന്‍ഡ്. ഇവിടങ്ങളിലെ സന്ദര്‍ശനം കൂടാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മറും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെനുമായുള്ള കൂടിക്കാഴ്ചകളാണ് യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യങ്ങളെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമായും വ്യാപാരക്കരാറാണ് ചര്‍ച്ചയാവുകയെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെ പിന്തുണച്ച സ്‌കോട്ടിഷ് നേതാവ് ജോണ്‍ സ്വിന്നിയേയും ട്രംപ് കാണുമെന്നും സൂചനയുണ്ട്.

Advertisement