ബെഞ്ചമിൻ ബെയ്‌ലിയുടെ പേരിൽ പുതിയ ചെടി; ആദരവായി ശാസ്ത്രലോകം


ബെഞ്ചമിൻ ബെയ്‌ലിയുടെ പേരിൽ പുതിയ ചെടി; ആദരവായി ശാസ്ത്രലോകം

കോട്ടയം: ആഗ്രയിൽ യമുനാ നദിതീരത്തു കണ്ടെത്തിയ പുതിയ സസ്യത്തിന് പ്രശസ്തനായ ബെഞ്ചമിൻ ബെയ്‌ലിയുടെ പേര് നൽകി. മലയാള അച്ചടിക്ക് അടിത്തറയിട്ട ബെഞ്ചമിൻ ബെയ്‌ലിയോടുള്ള ആദരമായാണ്  പുതിയ സസ്യത്തിന് ഈ പേര് നൽകിയിരിക്കുന്നത്. 'സ്റ്റെല്ലേറിയ ബെയ്‌ലി' എന്നാണ് ഈ പുതിയ സസ്യത്തിന്റെ ശാസ്ത്രീയനാമം. കോട്ടയം സി.എം.എസ് കോളേജിന്റെ പ്രഥമ പ്രിൻസിപ്പൽ കൂടിയായിരുന്നു ബെഞ്ചമിൻ ബെയ്‌ലി.

ചങ്ങനാശേരി എസ്.ബി കോളേജ് സസ്യശാസ്ത്ര വിഭാഗത്തിലെ ഡോ. ആര്യ സിന്ധു, ഉത്തർപ്രദേശിലെ മാ ശാകുമ്പരി സർവകലാശാലയിലെ ഡോ. ഹർഷ് സിങ്, കോട്ടയം സിഎംഎസ് കോളേജ് സസ്യശാസ്ത്ര വിഭാഗത്തിലെ ഡോ. റോജിമോൻ പി. തോമസ് എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഈ പുതിയ സസ്യം കണ്ടെത്തിയത്. ഈ കണ്ടെത്തലുമായി ബന്ധപ്പെട്ട വിവരങ്ങൾ സസ്യശാസ്ത്ര ഗവേഷണ ജേണലായ 'ഫൈറ്റോടാക്സയിൽ' പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈർപ്പമുള്ള മണ്ണിൽ വളരുന്ന സസ്യമാണിത്.

കേരളത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ബ്രിട്ടീഷ് മിഷണറിയും പണ്ഡിതനുമായിരുന്നു റവ. ബെഞ്ചമിൻ ബെയ്‌ലി (Rev. Benjamin Bailey). 1816-ൽ കേരളത്തിലെത്തിയ അദ്ദേഹം, കോട്ടയം സി.എം.എസ് കോളേജിന്റെ പ്രഥമ പ്രിൻസിപ്പലായും കേരളത്തിൽ ആദ്യമായി അച്ചുകൂടം (CMS Press) സ്ഥാപിച്ചും ചരിത്രം സൃഷ്ടിച്ചു. മലയാള അച്ചടിക്ക് മനോഹരമായ അച്ചുകൾ സ്വന്തമായി വാർത്തെടുത്തും, മലയാളം ബൈബിൾ വിവർത്തനം ചെയ്തും, ആദ്യകാല ഇംഗ്ലീഷ്-മലയാളം നിഘണ്ടുക്കൾ സമാഹരിച്ചും അദ്ദേഹം നമ്മുടെ മാതൃഭാഷയ്ക്ക് നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്. ആധുനിക കോട്ടയത്തിന്റെ ശില്പിയെന്നും മലയാള അച്ചടിയുടെ പയനിയറെന്നും വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് യമുനാതീരത്തു കണ്ടെത്തിയ പുതിയ സസ്യത്തിന് 'സ്റ്റെല്ലേറിയ ബെയ്‌ലി' എന്ന പേിരിട്ടിരിക്കുന്നത്.