ഘടികാരത്തിലെ മൂന്നു മണി
സുവി.സിംജൻ ചീരൻ
ഉച്ചക്ക് മൂന്ന് മണിയായി!
എന്റെ കൂടെ ജോലി ചെയുന്ന സഹപ്രവത്തകയുടെ അമ്പതാം പിറന്നാൾ ആഘോഷമാണ് പശ്ചാത്തലം. അനേകർ ആശംസകൾ കൈമാറുന്നതിനടിയിൽ ജീവിതത്തിന്റെ വേഗതയെക്കുറിച്ചു ചർച്ചാവിഷയം മാറി. പെട്ടെന്ന് ഒരു സുഹൃത്ത് ആ സഹപ്രവർത്തകയോട് പറഞ്ഞു "താങ്കളുടെ ജീവിതത്തെ ഒരു ദിവസത്തോട് ഉപമിക്കുകയാണെങ്കിൽ ഇപ്പോൾ ഏകദേശം വൈകീട്ട് മൂന്ന് മണി ആയി എന്ന്, അതും എൺപതു വയസുവരെ ജീവിച്ചാൽ". പെട്ടെന്ന് ഒരു ഞെട്ടലോടെ താൻ പ്രതികരിച്ചു " അയ്യോ".
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മൾ ഈ യാഥാർഥ്യം തിരിച്ചറിയാറില്ല. ഓരോ ദിവസം കഴിയുന്തോറും ജീവിതത്തിന്റെ ഘടികാരം മുന്നോട്ടു പോകുകയാണ്. നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും ജീവിതം അതേ വേഗതയിൽ മുന്നോട്ടു തന്നെ പോകും... പക്ഷെ ജീവിതത്തിന്റെ സാഹചര്യങ്ങളനുസരിച്ച് ചിലപ്പോൾ സമയത്തിന് വേഗത കൂടിയോ കുറഞ്ഞോ എന്ന ഒരു തോന്നൽ മാത്രം ഉളവാകും.. അത് വെറും ഒരു തോന്നൽ മാത്രം...

നൈമഷികമായ ഈ ജീവിതത്തിൽ ദൈവം തരുന്ന ഓരോ ദിവസവും ദാനമായി കണക്കാക്കി ദൈവരാജ്യത്തിന്റെ ഭാഗമായി നമ്മുക്ക് മുന്നോട്ടു പോകാം!
ഒരു കാര്യം ഓർക്കുക... ക്രിസ്തുവിശ്വാസിയുടെ ഈ ലോകജീവിതത്തിന്റെ ഘടികാരം നിലക്കുമ്പോൾ നിത്യതയുടെ ഘടികാരം ചലിക്കാൻ തുടങ്ങും...അത് ഒരു നാളും നിലക്കുകയില്ല!

പ്രാർത്ഥന : ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ...

