ഗുരുവിനെപ്പോലെ വഴി നടത്തുന്ന ദൈവം

ഗുരുവിനെപ്പോലെ  വഴി നടത്തുന്ന ദൈവം

റവ. ജോർജ് മാത്യു പുതുപ്പള്ളി

ദൈവം നമ്മെ പ്രത്യേക ഉദ്ദേശ്യത്തിനായി തെരഞ്ഞെടുത്തിരിക്കുന്നു എങ്കിൽ സാധാരണ വിശ്വാസികളെ നടത്തുന്നതിലും അധികം ശിക്ഷണത്തിലും പ്രതികൂലങ്ങളിലുംകൂടെ അവിടുന്ന് നമ്മെ നടത്തും. ദൈവം എല്ലാവരോടും ഒരുപോലെയാണ് ഇടപെടുന്നത് എന്നും ദൈവത്തിന് ആരോടും പ്രത്യേകത ഒന്നുമില്ല എന്നും ഒരുപക്ഷെ നാം പറഞ്ഞേക്കാം. എന്നാൽ ദൈവം തന്റെ പ്രത്യേക ഉദ്ദേശ്യത്തിനായി ചിലരെ പ്രത്യേകം തെരഞ്ഞെടുക്കുന്നു എന്ന് ദൈവവചനവും ക്രിസ്തീയസഭയുടെ ചരിത്രവും വളരെ വ്യക്തമായി തെളിയിക്കുന്നുണ്ട്. ദൈവം അപ്രകാരം തെരഞ്ഞെടുക്കുന്നവരെ തന്റെ പദ്ധതിപ്രകാരം രൂപം വരുത്തേണ്ടതിന് തന്റെ ആയുധങ്ങൾ ഉപയോഗിക്കുന്നു.

ഒരുവനെ അസാധാരണക്കാരനാക്കിത്തീർക്കുവാൻ ദൈവം ഉദ്ദേശിക്കുന്നു എങ്കിൽ തന്റെ ഹിതപ്രകാരം പ്രത്യേക അനുഭവങ്ങളിലൂടെ നടത്തും. അവനിൽമാത്രം ആശ്രയിക്കേണ്ടതിന് നാം ആശ്രയിച്ചിരിക്കുന്നതെല്ലാം ആശ്രയിക്കുവാൻ കൊള്ളാവുന്നതല്ല എന്ന് കർത്താവ് പഠിപ്പിക്കും. വിലയേ റിയതായി നാം കരുതിയത് വെന്തു ചാമ്പലായിത്തീരേണ്ടത് ആവശ്യമത്രേ. ഇപ്രകാരമുള്ള പാതകളിൽ ദൈവം നമ്മെ നടത്തുമ്പോൾ ജീവിതം നമുക്കു ഭാരമേറിയതും പ്രതികൂലങ്ങൾകൊണ്ടു നിറഞ്ഞതും ആയിത്തീരാവുന്നതാ ണ്.

നമ്മുടെ ഹൃദയത്തിൽ ഒരിക്കൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന സന്തോഷം കുറഞ്ഞുവെന്നു വരാം. ദൈവത്തിന്റെ മുഖം നമുക്കു മറയ്ക്കപ്പെട്ടിരിക്കുന്നു എന്നു തോന്നാം. എന്നാൽ ദൈവം മറന്നു കളയുന്നില്ല. നമ്മുടെ ദൃഷ്ടിയിൽ നിന്ന് അവൻ മറഞ്ഞിരിക്കുന്നു എന്നുമാത്രം. ഇപ്രകാരമാണ് ദൈവം നമ്മെ വിശ്വാസം പഠിപ്പിക്കുന്നത്. നമ്മുടെ ആത്മീയ സന്തോഷം മാറിയും മറിഞ്ഞും കൊണ്ടിരിക്കാം. എന്നാൽ അതു നമ്മുടെ ആത്മീയനിലയ്ക്കു ഒരു വ്യത്യാസവും വരുത്തുന്നില്ല എന്നു നാം മനസിലാക്കണം. നാം ദൈവമക്കൾ തന്നെയാണ്. സ്വർഗീയ പിതാവ് നമ്മെ ഉപേക്ഷിച്ചു കളയുന്നില്ല.

എത്രകാലം നാം അന്ധകാരത്തിൽക്കൂടെ നടത്തപ്പെടണം എന്നുള്ളത് ദൈവമത്രേ നിശ്ചയിക്കുന്നത്. ഇപ്രകാരം അന്ധകാരത്തിലൂടെ കടന്നു പോകുവാൻ നിവൃത്തിയില്ല എന്നു നമുക്കു തോന്നുമ്പോൾ ചില പ്രകാശരശ്മികളാൽ ദൈവം നമ്മെ ധൈര്യപ്പെടുത്തും. ഈ പ്രകാശരശ്മികൾ സൂര്യോദയത്തിന്റെ മുൻകുറികളത്രേ. നമ്മുടെ അന്ധകാരം ഉന്നതമായ പ്രകാശത്തിന്റെ അനുഭവത്തിലേക്കു നമ്മെ നടത്തുന്ന വഴികൾ എന്നു നാം അറിയും. അതു സാധിക്കണമെങ്കിൽ നമുക്കു ദൈവവുമായി വ്യക്തിപരമായ ബന്ധം ഉണ്ടാകണം. അതു സാധിച്ചാൽ നാം ഭാഗ്യവാന്മാരായി.

ചിന്തക്ക് : 'അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞ് അവരോട് ഉപദേശിച്ചത് എന്തെന്നാൽ : ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, സ്വർഗരാജ്യം അവർക്കുള്ളത്. ദു:ഖിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്ക് ആശ്വാസം ലഭിക്കും. സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ, അവർ ഭൂമിയിൽ, ഭൂമിയെ അവകാശമാക്കും. നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്കു തൃപ്തിവരും. കരുണയുള്ളവർ ഭാഗ്യവാന്മാർ, അവർക്കു കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, അവർ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ, അവർ ദൈവത്തിന്റെ പുത്രന്മാരെന്നു വിളിക്കപ്പെടും. നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ, സ്വർഗരാജ്യം അവർക്കുള്ളത്' (മത്തായി 5 : 1...10).