ഈസ്റ്ററിൽ വെളിപ്പെട്ട ക്ഷമയുടെ ശക്തി
റവ. ജോർജ് മാത്യു പുതുപ്പള്ളി
നാസികളുടെ ക്രൂരതകൾക്കു മുമ്പിൽ വിശ്വാസത്തിനു വേണ്ടി കഷ്ടം സഹിച്ച വനിതയാണ് കോറി ടെൻ ബൂം. റാവൻസ്ബ്രക്കിലെ പട്ടാളക്യാമ്പിൽ ചെലവഴിച്ച ക്രൂരമായ ദിനങ്ങളെ വർഷങ്ങൾ പലതു പിന്നിട്ടിട്ടും മറക്കുവാൻ അവർക്കു കഴിഞ്ഞിരുന്നില്ല. ഒരു ക്രിസ്ത്യാനി ദൈവത്തിൽ നിന്നു പഠിച്ചിട്ടുള്ള സ്നേഹത്തെയും അംഗീകാരത്തെയും സഹിഷ്ണുതയെയും ക്ഷമിക്കുവാനുള്ള കഴിവിനെയും തികച്ചും അവഗണിച്ചു കൊണ്ടായിരുന്നു 95000 വനിതകളെ നാസി കാവൽപ്പട അതിക്രൂരമായി അന്ന് കൊന്നൊടുക്കിയത്. അവിടുത്തെ ക്രമിറ്റോറിയത്തിന്റെ ചിമ്മിനിക്കുഴലിലൂടെ പൊങ്ങിവരുന്ന പുകച്ചുരുളുകൾ അനേക ജീവിതങ്ങളുടെ അന്തിമ സ്പന്ദനങ്ങളുടെയും പട്ടാളക്കാരുടെ ക്രൂരമുഖങ്ങളുടെയും സാക്ഷിപത്രങ്ങളായിരുന്നു.
1947 ൽ തടവറയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഒരു ദിവസം മ്യൂണിച്ചിലുള്ള ഒരു സഭയിൽ കോറി പ്രസംഗിച്ചു കഴിഞ്ഞപ്പോൾ അവരുടെ അരികിലേക്ക് രണ്ടു കൈകളും നിവർത്തി നടന്നു വരുന്ന ഒരു വ്യക്തിയെ കണ്ട് അവർ അതിശയിച്ചുപോയി. റാവൻസ്ബ്രക്കിലെ നാസി കാവൽപ്പടയിലെ അതിക്രൂരരായ പട്ടാളക്കാരിൽ പ്രമുഖനായിരുന്നു അത്. കോറിയെ നോക്കി സന്തോഷത്തോടെ അയാൾ പറഞ്ഞു : 'ഞാൻ ഒരു ക്രിസ്ത്യാനിയായി. ഞാൻ ചെയ്തിട്ടുള്ള ക്രൂരതകളെല്ലാം ദൈവം ക്ഷമിച്ചു എന്നെനിക്ക് ഇപ്പോൾ ഉറപ്പുണ്ട്. എന്നാൽ അത് താങ്കളുടെ നാവിൽനിന്നു കൂടി കേൾക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നോട് ക്ഷമിക്കില്ലേ ?'
കോറി ടെൻ ബൂമിന്റെ മനസിൽ ഒരു പോരാട്ടം അരങ്ങേറി. എങ്കിലും അയാളോട് ക്ഷമിച്ചു എന്നു പറയുവാൻ ദൈവത്തിന്റെ ആത്മാവ് കോറിയെ പ്രേരിപ്പിച്ചു. എന്നാൽ അവളുടെ ബുദ്ധിമണ്ഡലം അവളെ അതിൽനിന്നു വിലക്കി. 'സമ്മതിക്കരുത്' എന്ന് സാത്താൻ അവളുടെ ഉള്ളിൽ മന്ത്രിച്ചു. 'യേശുകർത്താവേ, അടിയനെ സഹായിച്ചാലും' എന്ന് അവൾ തേങ്ങി. പെട്ടെന്ന് ആത്മശക്തി കോറിയിൽ വ്യാപരിച്ചു. ആ പഴയ ക്രൂരനായ പട്ടാളക്കാരന്റെ കരത്തിൽ പിടിച്ച് 'സഹോദരാ, താങ്കളോട് ഞാൻ യേശുവിന്റെ നാമത്തിൽ ക്ഷമിച്ചിരിക്കുന്നു' എന്ന് ഹൃദയത്തിന്റെ ആഴത്തിൽ നിന്ന് അവൾ പറഞ്ഞു. 'അത് പരിശുദ്ധാത്മാവിന്റെ ശക്തിമാത്രമായിരുന്നു . അല്ലെങ്കിൽ എനിക്കതിനു കഴിയുമായിരുന്നില്ല. ഒരിക്കൽക്കൂടി നല്ലവനായ ദൈവാത്മാവ് ജയോത്സവം കൊണ്ടാടിയ നിമിഷമായിരുന്നു അത്' പിന്നീട് ആ സന്ദർഭത്തെപ്പറ്റി കോറി ടെൻ ബൂം അനുസ്മരിച്ചു.
പ്രിയരേ, പരിശുദ്ധാത്മാവ് നമ്മെയും ശക്തീകരിക്കുവാൻ ആഗ്രഹിക്കുന്നു. കർത്താവായ യേശുക്രിസ്തുവിലൂടെ ആ ശക്തി കരസ്തമാക്കുവാൻ നാം തയാറായാൽ ഏതു ശത്രുവിനോടും ഹൃദയപൂർവം ക്ഷമിക്കുവാൻ നമുക്കു കഴിയും. പൂർണ്ണമായി മറന്നുകൊണ്ടുള്ള ക്ഷമയാണ് കർത്താവ് ജീവിതത്തിൽ മാതൃക കാട്ടി നമ്മെ പഠിപ്പിച്ച ക്ഷമ. ആകയാൽ നമുക്കും മറ്റുള്ളവരുടെ തെറ്റുകൾ മറന്നുകൊണ്ട് അവരോട് ക്ഷമിക്കുന്നവരാകാം.
ചിന്തക്ക് : 'ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്‌ദലനക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾതന്നെ കല്ലറയ്ക്കൽ ചെന്നു കല്ലറവായ്ക്കൽനിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു. അവൾ ഓടി ശിമോൻപത്രൊസിന്റെയും യേശുവിനു പ്രിയനായ മറ്റേ ശിഷ്യന്റെയും അടുക്കൽ ചെന്നു : കർത്താവിനെ കല്ലറയിൽ നിന്ന് എടുത്തു കൊണ്ടുപോയി. അവനെ എവിടെ വച്ചു എന്ന് ഞങ്ങൾ അറിയുന്നില്ല എന്ന് അവരോട് പറഞ്ഞു. അതുകൊണ്ട് പത്രൊസും മറ്റേ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കൽ ചെന്നു. ഇരുവരും ഒന്നിച്ച് ഓടി. മറ്റേ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലറയ്ക്കൽ എത്തി. കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു. അകത്തു കടന്നില്ലതാനും.അവന്റെ പിന്നാലെ ശിമോൻപത്രൊസും വന്നു കല്ലറയിൽ കടന്നു. ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ട് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതും കണ്ടു. ആദ്യം കല്ലറയ്ക്കൽ എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു. അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവർ അതുവരെ അറിഞ്ഞില്ല. അങ്ങനെ ശിഷ്യന്മാർ വീട്ടിലേക്കു മടങ്ങിപ്പോയി' (യോഹന്നാൻ 20 : 1...10).

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































