യേശു ചെയ്തത് നന്മയുടെ അത്ഭുതം
റവ. ജോർജ് മാത്യു പുതുപ്പള്ളി
കമ്യൂണിസ്റ്റ് ഭരണകാലത്ത് മോസ്‌കോയിൽ വച്ച് നിരീശ്വരവാദികളുടെ ഒരു സമ്മേളനം നടന്നു. അപ്പോൾ ഒരു യുവാവ് യേശു കാനാവിലെ കല്യാണത്തിനു ചെയ്ത അത്ഭുതം യഥാർത്ഥമല്ലായിരുന്നു എന്നു തെളിയിക്കുവാൻ ഒരു ഗ്ലാസ് വെള്ളവുമായി വേദിയിലെത്തി.
ഗ്ലാസിലുണ്ടായിരുന്ന വെള്ളം എല്ലാവരെയും കാണിച്ചശേഷം അയാൾ ഒരു പൊടി അതിലിട്ടു. അപ്പോൾ വെള്ളത്തിനു വീഞ്ഞിന്റെ നിറം ലഭിച്ചു. ആ യുവാവ് പറഞ്ഞു : 'യേശുവും ഇതാണു ചെയ്തത്. യേശുവിന്റെ കയ്യിൽ വെള്ളത്തെ വീഞ്ഞിന്റെ നിറമാക്കുന്ന പൊടി ഉണ്ടായിരുന്നു. കൺകെട്ട് ജാലവിദ്യയിലൂടെ ജനങ്ങൾ കാണാതെ യേശു ആ പൊടി വെള്ളത്തിലിട്ടപ്പോൾ വെള്ളത്തിനു വീഞ്ഞിന്റെ നിറം ലഭിച്ചു.'
'എന്നാൽ യേശു ചെയ്തതിനെക്കാൾ മികച്ച ഒന്നുകൂടി ഞാൻ ചെയ്തു കാണിക്കാം' അയാൾ പറഞ്ഞു : 'ഞാൻ വേറൊരു പൊടി ഈ വെള്ളത്തിലിടാം. അപ്പോൾ വീഞ്ഞിന്റെ നിറംമാറി അത് വീണ്ടും പച്ചവെള്ളമാകും.'
പിന്നെ യേശു അത്ഭുതം ചെയ്‌തെന്ന് പറയുന്നത് എന്തിനാണ് ? ഇതിലൊന്നും ഒരു അത്ഭുതവുമില്ല' അയാൾ വീരവാദം മുഴക്കി.
ഇത് കണ്ടും കേട്ടുമിരുന്ന ക്രിസ്തുവിശ്വാസിയായിരുന്ന വല്യമ്മ ആ യുവാവിനോട് ചോദിച്ചു : 'യേശു വെള്ളത്തെ വീഞ്ഞാക്കിയപ്പോൾ അത് മുന്തിയതരം രുചിയും മധുരവുമുള്ള വീഞ്ഞായി മാറി. താങ്കൾ വീഞ്ഞാക്കിയ വെള്ളം അൽപം രുചിച്ചുനോക്കി അതിന്റെ രുചിയും മധുരവും എപ്രകാരമെന്ന് ഒന്നു പറയാമോ ?'
ഭയചകിതനായ യുവാവ് പറഞ്ഞു : 'അത് എന്നെക്കൊണ്ടു സാധിക്കുകയില്ല. കാരണം ഞാൻ അതിൽ ഇട്ടത് മാരകമായ ചുവന്ന നിറമുള്ള വിഷമാണ്. അത് കുടിച്ചാൽ ക്ഷണത്തിൽ ഞാൻ മരിച്ചുപോകും.'
ദൈവം ചെയ്യുന്ന അത്ഭുതങ്ങളും മനുഷ്യർ ചെയ്യുന്ന അത്ഭുതങ്ങളും തമ്മിൽ കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട്. മഹാദൈവമായ യേശു ചെയ്തതും ചെയ്യുന്നതുമായ അത്ഭുതങ്ങൾ പൂർണ്ണമായും നന്മയ്ക്കുവേണ്ടി മാത്രം ഉള്ളതായിരിക്കും. നിരീശ്വരവാദികൾ ചെയ്യുന്ന കൺകെട്ട് വിദ്യകളിൽ മനുഷ്യനന്മയുടെ അംശംപോലും ഇണ്ടാകുകയില്ല. ദൈവിക അത്ഭുതങ്ങളെ വികൃതമാർഗം ഉപയോഗിച്ച് ഖണ്ഡിക്കുവാൻ മാത്രമായിരിക്കും അവർ ശ്രമിക്കുക.
യേശു കാനാവിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ അത്ഭുതത്തെ വെറുമൊരു ചെപ്പടി വിദ്യയായി വിശേഷിപ്പിക്കുവാനുള്ള അവരുടെ ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. യേശു കാനാവിൽ അത്ഭുതം പ്രവർത്തിച്ചത് തന്ത്രങ്ങൾ കാട്ടി ജനത്തെ തന്നിലേക്ക് ആകർഷിക്കുവാൻ ആയിരുന്നില്ല. യേശു ചെയ്ത ഒരു അത്ഭുതവും അതിനുവേണ്ടിയായിരുന്നില്ല. യേശുക്രിസ്തു വിന്റെ മുഴുവൻ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും ദൈവനാമമഹത്വത്തിനും ജനങ്ങളുടെ നന്മയ്ക്കുംവേണ്ടി മാത്രം ഉള്ളതായിരുന്നു. ഒരു ദൈവപൈതലിന്റെ ജീവിതവും പ്രവൃത്തികളും ദൈവനാമമഹത്വത്തിനും സഹോദരവർഗ്ഗത്തിന്റെ നന്മയ്ക്കും ഉതകുന്നതായിരിക്കണം.
ചിന്തക്ക് : 'യേശു മേലോട്ടു നോക്കി : പിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാൽ ഞാൻ നിന്നെ വാഴ്ത്തുന്നു. നീ എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നു എന്നു ഞാൻ അറിഞ്ഞിരിക്കുന്നു, എങ്കിലും നീ എന്നെ അയച്ചു എന്ന് ചുറ്റും നിൽക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാൻ പറയുന്നു എന്ന് പറഞ്ഞു. ഇങ്ങനെ പറഞ്ഞിട്ട് അവൻ : ലാസറേ, പുറത്തു വരിക എന്ന് ഉറക്കെ വിളിച്ചു. മരിച്ചവൻ പുറത്തുവന്നു. അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും, മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ട് അഴിപ്പിൻ, അവൻ പോകട്ടെ എന്ന് യേശു അവരോടു പറഞ്ഞു. മറിയയുടെ അടുക്കൽവന്ന യെഹൂദന്മാരിൽ പലരും അവൻ ചെയ്തതു കണ്ടിട്ട് അവനിൽ വിശ്വസിച്ചു' (യോഹന്നാൻ 11 : 41...45)
.

