ഞെളിയാതെ ഭയപ്പെടുക
റവ. ജോർജ് മാത്യു പുതുപ്പള്ളി
ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്ന മുഹമ്മദാലി ഒളിമ്പിക്സിൽ ഗോൾഡ് മെഡൽ ജേതാവും ലോകം കണ്ടതിൽ വച്ചേറ്റവും മികച്ച ബോക്സിംഗ് താരവുമായിരുന്നു. തനിക്കു ലഭിച്ച വമ്പൻ വിജയങ്ങളെ കണക്കിലെടുത്തുകൊണ്ട് 'ഞാനാണ് ഏതു കാലത്തെയും വലിയവൻ' എന്ന് ഒരിക്കൽ അഹംഭാവത്തോടു കൂടി പറയുകയുണ്ടായി. ഒരു കാലത്തും ആർക്കും തന്നെ തോൽപ്പിക്കുവാൻ കഴിയുകയില്ലെന്ന അഹങ്കാരമനോഭാവം തന്നിൽ വളർന്നുവന്നു. തന്റേതായ ശക്തിയിലും ബലത്തിലും ആശ്രയിച്ചുകൊണ്ടാണ് മുഹമ്മദാലി താൻ മഹാനാണെന്നു ചിന്തിച്ചത്. എന്നാൽ അദ്ദേഹം പിന്നീട് പല തോൽവികളും ഏറ്റുവാങ്ങി. 1984 ൽ അനാരോഗ്യം ഹേതുവായി അദ്ദേഹം മത്സരങ്ങളിൽനിന്നും പൂർണ്ണമായും പിൻവാങ്ങി. പിന്നീട് ശരീരമാസകലം അടിമുടി വിറയ്ക്കുന്ന രോഗത്തിനു കീഴ്പ്പെട്ടു. അനേകരെ ഇടിച്ചുവീഴ്ത്തിയ കൈകൾകൊണ്ട് തന്റെ ശരീരത്തിന് ആവശ്യമായ നിസാരകാര്യങ്ങൾപോലും നിർവഹിക്കുവാൻ കഴിയാതെ അദ്ദേഹം ബുദ്ധിമുട്ടി.
തങ്ങളുടേതായ ബലത്തിൽ പുകഴുന്ന മനുഷ്യർ ഇന്നും അനേകരാണ്. ധനശേഷിയിലും സൗന്ദര്യത്തിലും അഹങ്കരിക്കുന്നവരുമുണ്ട്. ആൾബലത്തിലും സൈന്യബലത്തിലും ബന്ധുബലത്തിലും മികവ് കാട്ടിയ അനേക കുടുംബങ്ങളും രാജ്യങ്ങളും താളടിയായിത്തീർന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിനു ചൂണ്ടിക്കാണിക്കുവാനുണ്ട്. ഇതിലൊന്നും മനുഷ്യന് പ്രശംസിക്കുവാനോ അഭിമാനിക്കുവാനോ നിഗളിക്കുവാനോ ഏതുമില്ല. സെന്റ് പോൾ എഴുതി : 'ഞെളിയാതെ ഭയപ്പെടുക' (റോമർ 11 : 20). അതുമാത്രമാണ് നമുക്കു ചെയ്യുവാനുള്ളത്. ഭൂമിയിലെ മനുഷ്യജീവിതം ക്ഷണികമാണ്. ഇന്നലെ കണ്ടവരെ ഇന്നു കാണുന്നില്ല, ഇന്നു കാണുന്നവരെ നാളെ കാണുന്നില്ല. ഇന്നു ബലത്തോടിരിക്കുന്ന ശരീരം നാളെ വിറച്ചുവെന്നു വരാം. ആരുടെയും സഹായം ആവശ്യമില്ലെന്നു ചിന്തിക്കുന്നവർ അടുത്ത നിമിഷം മറ്റുള്ളവരുടെ സഹായം തേടിയെന്നു വരാം.
ശരീരബലം നശിക്കുന്നതാണ്. ധനശേഷി നഷ്ടമായിത്തീരുന്നതാണ്. ബലവാൻ ദുർബലനായിത്തീരും. ആയുധങ്ങൾ തക്കസമയത്ത് പ്രയോജനപ്പെട്ടെന്നു വരില്ല. ഇതിലെല്ലാം ആശ്രയിക്കുന്ന മനുഷ്യൻ ഭോഷനാണെന്ന് വിശുദ്ധ ബൈബിൾ പറയുന്നു. ഒരു വർഷം ധാരാളം വിളവ് ലഭിച്ച ഒരു ധനികനെപ്പറ്റി ലൂക്കൊസ് 12 ൽ നാം വായിക്കുന്നു. ഈ ഉപമ യേശുകർത്താവ് പറയുന്നതിന് ഒരു പ്രത്യേക സാഹചര്യമുണ്ടായി. യേശുക്രിസ്തുവിനെ അനുഗമിച്ചിരുന്ന പുരുഷാരത്തിൽ ഒരുവൻ തന്റെ സഹോദരനുമായി അവകാശം പങ്കുവയ്ക്കുന്ന വിഷയത്തിൽ കർത്താവിനെ ക്ഷണിച്ചു. യേശുവിന്റെ പിന്നാലെ പോകുന്നതുകൊണ്ടുള്ള പ്രയോജനം ഏറ്റുവാങ്ങാനാണ് ഈ മനുഷ്യൻ ആഗ്രഹിച്ചത്. ലോകത്തിലുള്ളതു പങ്കുവയ്ക്കുവാനായി തന്നെ ക്ഷണിച്ച അവനെ കർത്താവ് ശാസിക്കുന്നതായി നാം കാണുന്നു ഈ പശ്ചാത്തലത്തിലാണ് കർത്താവ് ഈ ഉപമ പറഞ്ഞത്. ആകയാൽ ബലത്തിലും ധനത്തിലും നമുക്ക് പുകഴാതിരിക്കുവാൻ ശ്രമിക്കാം.
ചിന്തക്ക് : 'ഞാൻ എന്റെ കണ്ണ് പർവതങ്ങളിലേക്ക് ഉയർത്തുന്നു. എനിക്കു സഹായം എവിടെനിന്നു വരും?. എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു. നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല, നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. യഹോവ നിന്റെ പരിപാലകൻ, യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ. പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല. യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും. യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും' (സങ്കീർത്തനങ്ങൾ 121 : 1...8).
Advertisement














































































