പൊടിയാടിയിലും ചാത്തങ്കേരിയിലും ശാരോൻ സഭാ ഹാളുകളിൽ വെള്ളക്കെട്ട്
പൊടിയാടി ശാരോൻ ഫെല്ലോഷിപ്പ് സഭാഹാൾ വെള്ളം കയറിയ നിലയിൽ
വാർത്ത:പാസ്റ്റർ ഷിബുജോൺ മുണ്ടക്കയം
തിരുവല്ല: ശക്തമായ മഴയെത്തുടർന്ന് പൊടിയാടി ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാ ഹാളിൽ രൂക്ഷമായ വെള്ളക്കെട്ട്. ഞായറാഴ്ചത്തെ ആരാധനയ്ക്ക് ശേഷമാണ് പ്രദേശത്ത് പെയ്ത കനത്ത മഴയിൽ ആലയത്തിനുള്ളിലേക്ക് വെള്ളം കയറിയത്.
ഇതിനുപുറമേ, സമീപപ്രദേശമായ ചാത്തങ്കേരി ശാരോൻ ഫെലോഷിപ്പ് ചർച്ചിലും വെള്ളം കയറി സഭാപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പെട്ടെന്നുണ്ടായ വെള്ളക്കെട്ട് വിശ്വാസികളെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
വെള്ളപൊക്കം: കോട്ടയം സെൻട്രൽ ഏ.ജി. ഹാളിൽ ആരാധന നടന്നില്ല
തലവടി വില്ലേജിലെ ആനപ്രമ്പാൽ ഐപിസി സഭയുടെ കോമ്പൗണ്ട്
കോട്ടയം സെട്രെൽ ഏ.ജി. സഭാഹാൾ കോമ്പൗണ്ട്
കോട്ടയം: ശക്തമായ മഴയെ തുടർന്ന് കോട്ടയം സെൻട്രൽ ഏ.ജി. സഭാ കോമ്പൗണ്ടിൽ വെള്ളം കയറി. ആരാധനായ്ക്കായി വിശ്വാസികൾക്ക് സഭാഹാളിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ മറ്റൊരിടത്തു സഭായോഗം നടത്തി.

മേപ്രാൽ വെസ്റ്റ് ഐപിസി സഭാഹാൾ മുങ്ങി; പുറത്തിറങ്ങാനാവാതെ ജനങ്ങൾ

തിരുവല്ല: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത പേമാരിയെയും മലവെള്ളപ്പാച്ചിലിനെയും തുടർന്ന് അപായകരമായ വിധത്തിൽ വെള്ളം ഉയർന്നതോടെ മേപ്രാലും സമീപ പ്രദേശങ്ങളും പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലായി. ഐപിസി മേപ്രാൽ വെസ്റ്റ് സഭാ ഹാളിന്റെ പരിസര പ്രദേശങ്ങളും സഭാ വിശ്വാസികളുടെ വീടുകളും പൂർണ്ണമായും വെള്ളത്തിനടിയിലായിക്കഴിഞ്ഞു. വെള്ളക്കെട്ട് രൂക്ഷമായതോടെ ഇവിടുത്തെ ഞായറാഴ്ചത്തെ ആരാധന ഭാഗികമായാണ് നടത്തിയത്. സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു ജോർജ് നിരണം അടക്കമുള്ളവർ പ്രാർത്ഥനയ്ക്ക് ശേഷം നീന്തിയാണ് വീടുകളിലേക്ക് മടങ്ങിയത്.
സഭാ വിശ്വാസികളുടെ വീടുകൾക്കുള്ളിലേക്ക് വൻതോതിൽ വെള്ളം കയറിയതോടെ പലർക്കും പുറത്തേക്കിറങ്ങാൻ പോലും കഴിയാത്ത ഭയാനകമായ സാഹചര്യമാണ് നിലവിലുള്ളത്. നോക്കിനിൽക്കെ അതിവേഗത്തിലാണ് ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. അതിശക്തമായ ഒഴുക്കും വൻതോതിലുള്ള ജലപ്രവാഹവും പ്രദേശവാസികളിൽ വലിയ ഭീതി സൃഷ്ടിക്കുന്നു.
മേപ്രാൽ വെസ്റ്റിന് പുറമെ നെടുമ്പ്രം, നിരണം, എടത്വ തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിലും അതിവേഗം വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. പ്രധാന റോഡുകളിലടക്കം വെള്ളം മൂടി ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതോടെ പലയിടത്തും ജനങ്ങൾ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഈ കടുത്ത പ്രതിസന്ധി ഘട്ടത്തിൽ വലിയ നാശനഷ്ടങ്ങളും അപകടങ്ങളും ഉണ്ടാകാതിരിക്കാനും, ദുരിതത്തിലായ ജനങ്ങളുടെ സുരക്ഷിതത്വത്തിനുമായി പ്രാർത്ഥനകൾ ആവശ്യപ്പെടുകയാണ്.
Advertisement













































































