പാപസ്വഭാവം നമ്മെ വഞ്ചിക്കരുത് 

പാപസ്വഭാവം നമ്മെ വഞ്ചിക്കരുത് 

റവ.ജോർജ് മാത്യു പുതുപ്പള്ളി

ദ്യപിച്ച് മദോന്മത്തനായ ഒരു മനുഷ്യൻ സായഹ്നത്തിൽ ഇടറിയിടറി വീട്ടിലേക്കു മടങ്ങിവരികയായിരു ന്നു. അദ്ദേഹത്തിന്റെ ഭവനത്തിൽ ഒരു മെഴുകുതിരി കത്തിച്ചു വച്ചിരുന്നു. അത് രണ്ടായിട്ടാണ് ആ മനുഷ്യനു തോന്നിയത്. 'അതിൽ ഒരു തിരി ഞാൻ ഊതിക്കെടുത്തും' അയാൾ സ്വയം പറഞ്ഞു. മെഴുകുതിരി ഊതിക്കെടുത്തിയപ്പോൾ അന്ധകാരം വീടിനെ വലയം ചെയ്തു. മനുഷ്യനിൽ പാപാസക്തി വർദ്ധിക്കുമ്പോൾ അവൻ യാഥാർത്ഥ്യങ്ങൾ കാണുവാൻ കഴിവില്ലാത്തവനായി തീരുന്നു. ഒരു വിഡ്ഢിയെപ്പോലെ തന്റെ ജീവിതത്തിലെ വെളിച്ചത്തെ അവൻ കെടുത്തിക്കളയുന്നു. മനുഷ്യജീവിതത്തിൽ അവസരങ്ങളുടെ സൂര്യൻ പ്രകാശിക്കുന്ന സമയങ്ങൾ നഷ്ടപ്പെടുത്തിക്കളയരുത്. നഷ്ടമാക്കിയാൽ അതൊരു വലിയ ദുരന്തമായിരിക്കും.

മനുഷ്യനിലുള്ള പാപപ്രകൃതിയുടെ വഞ്ചനയാണിത്. ദൈവശബ്ദത്തിന്റെ തരംഗങ്ങൾ നമ്മുടെ ഇടയിൽ പ്രവേശിക്കുന്നത്‌ മനഃപൂർവം തടയുന്ന ഒരു മനോഭാവമാണിത്. ഇനിയും അവസരങ്ങൾ ഉണ്ടെന്ന് നമ്മോടു മന്ത്രിക്കുന്നത്‌ തീർച്ചയായും നമ്മുടെ അഭ്യുദയകാംക്ഷിയല്ല. ദൈവം നമ്മോട് സംസാരിക്കുന്ന അതേ അവസരമാണ് നമ്മുടെ സുപ്രസാദകാലം. അവൻ സ്വർഗത്തിൽനിന്നും അരുളിച്ചെയ്യുന്നവനാകയാൽ അവനെ അനുസരിക്കാത്തവർക്ക് തെറ്റിയൊഴിയുവാൻ പ്രയാസമാണ്. ദൈവം വീണ്ടും വീണ്ടും സംസാരിക്കുകയില്ല എന്നല്ല ഇതിന്റെ അർത്ഥം. എന്നാൽ ഓരോ തവണ ദൈവത്തെ വിട്ടൊഴിയുമ്പോഴും നാം അതിനു പിഴയൊടുക്കേണ്ടിവരും. കാരണം അവനെ അനുസരിക്കാതെയിരിക്കുന്നത് നമ്മുടെ ജീവിതത്തിൽ ആത്മീയവും ഭൗതികവുമായ പ്രതിസന്ധിയും അസൗകര്യവും സൃഷ്ടിക്കുവാൻ കാരണമാകും. അത് നമ്മുടെ ആത്മീയ മുന്നേറ്റത്തെ തടസപ്പെടുത്തുകയും ചെയ്യും.

ദൈവശബ്ദം നമ്മുടെ കാതുകളിൽ മുഴങ്ങുമ്പോൾ അതിനെ ഏതെങ്കിലും കാരണത്താൽ അനുസരിക്കുവാൻ നാം വിസമ്മതിച്ചാൽ നമ്മുടെ ഹൃദയം കഠിനമായിത്തീരും. അത് നമ്മുടെ വിടുതലിന്റെ വഴികളെ എന്നേക്കുമായി അടച്ചു കളയുകയും ചെയ്യും. ദൈവത്തെയും ദൈവവചനത്തെയും അനുസരിക്കുവാനുള്ള മടിയും അലസതയുമാണ് യഥാർത്ഥത്തിൽ ഹൃദയകാഠിന്യം എന്നത്. പരിശുദ്ധാത്മാവ് നമ്മിൽ സൃഷ്ടിക്കുന്ന പാപബോധത്തെ അടിച്ചമർത്തുവാൻ നമുക്കു കഴിയും. പിന്നീട് അതേ തരത്തിലുള്ള ഒരു ആത്മീയ സാഹചര്യം നമ്മുടെ മുമ്പിൽ സൃഷ്ടിക്കപ്പെടുകയില്ല. പിന്നീടുള്ള ദിവ്യമായ ഇടപെടലുകൾ നമുക്ക് അസഹനീയമാകുമെന്നതിനാൽ അത്തരം സാഹചര്യങ്ങളിൽ നിന്നും ഒരു ദൈവപൈതൽ പൂർണ്ണമായും അകന്നു ജീവിക്കേണ്ടത് അനിവാര്യമാണ്.

ചിന്തക്ക് : 'ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വർഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ, തങ്ങൾക്കുതന്നെ ദൈവപുത്രാനെ വീണ്ടും ക്രൂശിക്കുന്നവരും അവനു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ട് അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല. പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവർക്ക് ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു. മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാലോ അത് കൊള്ളരുതാത്തതും ശാപത്തിന് അടുത്തതും ആകുന്നു. ചുട്ടുകളക അത്രേ അതിന്റെ അവസാനം' (എബ്രായർ 6 : 4...8).