എഫ്സിആര്‍എ ഭേദഗതി ബില്ലുമായി കേന്ദ്രം മുന്നോട്ട്; അതൃപ്തിയിൽ സിബിസിഐ
ഡൽഹി: ക്രൈസ്തവ സഭകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്‌തമായ എതിർപ്പ് മറികടന്ന് എഫ്‌സിആർഎ ഭേദഗതി ബില്ലുമായി കേന്ദ്രസർക്കാർ മുന്നോട്ട്. പാർലമെന്റ് വർഷകാല സമ്മേളനത്തിൽ ബിൽ പരിഗണനയ്ക്കെടുക്കും എന്ന് ഉറപ്പായതോടെ തുടർനടപടികളിലേക്ക് കടക്കാൻ സിബിസിഐയും ആലോചന തുടങ്ങി. മുഴുവൻ എംപിമാർക്കും വീണ്ടും കത്തയയ്ക്കുന്നതും പരിഗണനയിലാണ്.
ബില്ല് പിൻവലിക്കണമെന്ന് സിബിസിഐ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമിത് ഷായെയും ന്യൂനപക്ഷമന്ത്രി കിരൺ റിജിജുവിനെയും നേരിട്ട് ആശങ്ക അറിയിച്ചിട്ടും ഫലമില്ലാത്തതിൽ സിബിസിഐ അതൃപ്തിയിലാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ എഫ്‌സിആർഎ ലൈസൻസ് പുതുക്കി ലഭിക്കാതിരിക്കുകയോ, റദ്ദായ ലൈസൻസ് പുന:സ്ഥാപിക്കപ്പെടാതിരിക്കുകയോ ചെയ്താൽ ആസ്‌തികൾ ഏറ്റെടുക്കാം എന്ന വിവാദ വ്യവസ്‌ഥയടക്കം ബില്ലിലുണ്ട്.
കഴിഞ്ഞ ബജറ്റ് സമ്മേളനത്തിൽ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, കേരള നിയമസഭ തിരഞ്ഞെടുപ്പ് അടക്കം കണക്കിലെടുത്ത് ചർച്ച ചെയ്യാതെ മാറ്റിവയ്ക്കുകയായിരുന്നു. ലോക്സഭസെക്രട്ടേറിയറ്റ് എഫ്‌സിആർഎ അടക്കം ഏഴ് ബില്ല് ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. പരിഗണനയ്ക്ക് എടുത്ത് പാസാക്കാനാണ് ബില്ല് ലിസ്‌റ്റ് ചെയ്തത്. അടുത്ത തിങ്കളാഴ്‌ചയാണ് പാർലമെന്റിന്റെ വർഷകാലസമ്മേളനം ആരംഭിക്കുന്നത്.





