ഗ്രഹാം സ്റ്റെയിൻസ് കൊലക്കേസ്: ദാരാ സിംഗിന്റെ മോചന ഹർജി ഒഡിഷ സർക്കാർ തള്ളി
സർക്കാർ തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു; ഉത്തരവിനെ ചോദ്യം ചെയ്യാൻ ദാരാ സിംഗിന് രണ്ടാഴ്ച സമയം - കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും
മോൻസി മാമ്മൻ തിരുവനന്തപുരം
ന്യൂഡൽഹി: 1999-ലെ ഗ്രഹാം സ്റ്റെയിൻസ് കൊലപാതകക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന രവീന്ദ്ര കുമാർ പാൽ എന്ന ദാരാ സിംഗിന്റെ മോചനത്തിനായുള്ള അപേക്ഷ ഒഡിഷ സർക്കാർ നിരസിച്ചു. ഓഗസ്റ്റ് 31-ന് അപേക്ഷ നിരസിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
മോചന അപേക്ഷയിൽ സർക്കാർ തീരുമാനം എടുക്കുന്നതിൽ കാലതാമസം വരുത്തുന്നതായി ദാരാ സിംഗ് നേരത്തെ സുപ്രീം കോടതിയിൽ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് അപേക്ഷയിൽ തീരുമാനം എടുക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.
ഇന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് കേസ് പരിഗണിച്ചു. സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച നിരസിക്കൽ ഉത്തരവ് കോടതി രേഖപ്പെടുത്തി. എന്നാൽ ഉത്തരവിനെ നിയമപരമായി ചോദ്യം ചെയ്യുന്നതിനായി ദാരാ സിംഗിന് ഹർജി ഭേദഗതി ചെയ്യാൻ രണ്ടാഴ്ച സമയം അനുവദിച്ചു. കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനും കോടതി നിർദേശിച്ചു.
1999 ജനുവരി 22–23 രാത്രിയിൽ ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപൂരിലാണ് ഓസ്ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയിൻസിനെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും വാഹനത്തിനുള്ളിൽ വെച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്.
2003-ൽ ദാരാ സിംഗിന് വധശിക്ഷ വിധിച്ചെങ്കിലും 2005-ൽ ഒറീസ ഹൈക്കോടതി അത് ജീവപര്യന്തം തടവായി കുറച്ചു. 2011-ൽ സുപ്രീം കോടതി ശിക്ഷ ശരിവച്ചു.




