ആത്മീയദർശനവും കാരുണ്യവുമുള്ള ആർ.എൻ ദാസ് സാർ
ആർ.എൻ ദാസ് - അനുസ്മരണം
സി.വി മാത്യു (ചീഫ് എഡിറ്റർ)
ദാസ് സാറിനെ ഞാൻ പരിചയപ്പെടുന്നത് ബാംഗ്ലൂരിൽ ഗുഡ്ന്യൂസ് പ്രവർത്തകനായ ബ്രദർ ചാക്കോ കെ തോമസിന്റെ ഭവനത്തിൽ ചെല്ലുമ്പോഴാണ്. അദ്ദേഹത്തിൻ്റെ മരുമകൻ ചാക്കോയുടെ വീടും ഭാര്യ സ്മിതയുടെ മാതാപിതാക്കളും താമസിക്കുന്നത് ഒരൊറ്റ മതിലിന്റെ വ്യത്യാസത്തിലാണ് . അതുകൊണ്ട് ഞാൻ അവിടെ പോകുമ്പോഴൊക്കെ ദാസ് സാറിൻ്റെ ഭവനത്തിലും ചെല്ലാറുണ്ട്. സാറും ഭാര്യ ശോശാമ്മയും മകനും ഹൃദ്യമായ സ്വീകരണമാണ് എനിക്ക് നൽകാറുള്ളത്.ഞങ്ങളുടെ മകൻ ആശിഷ് ബാംഗ്ലൂരിൽജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ ചാക്കോ സ്മിത എന്നിവരുടെ ഭവനത്തിൽതാമസിക്കുവാൻഅവസരം നൽകിയത് മറക്കാനാവില്ല.
കർണാടക ഇലക്ട്രിസിറ്റി ബോർഡ് എൻജിനീയറായി വിരമിച്ച പ്രിയ ദാസ് സാർ അതിൻ്റെ തലക്കനമൊന്നും കാണിക്കാതെ വളരെ ഹൃദ്യമായി സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു. തൻ്റെ ജോലികാര്യത്തെക്കുറിച്ചൊന്നും അല്ല ആത്മിയ വിഷയങ്ങളാണ് അദ്ദേഹത്തിനു സംസാരിക്കാൻ താല്പര്യം ഉണ്ടായിരുന്നത്. അവർ ഉൾപ്പെട്ട നിൽക്കുന്ന ടിപിഎം സഭയെക്കുറിച്ച് നല്ല ജ്ഞാനവും ആഴമായ ബന്ധവുമുള്ള കുടുംബമായിരുന്നു അവരുടേത് . മറ്റു സഭാവിഭാഗങ്ങളെക്കുറിച്ചോ അവരുടെ ഉപദേശത്തെ കുറിച്ചോ ഒന്നും അദ്ദേഹം ചിന്തിക്കാറില്ല സഭയിലെ ഒരു സീനിയർ മെമ്പറാണ് അദ്ദേഹം. കുറേക്കാലം സൺഡേസ്കൂൾ അധ്യാപകനും ഇൻസ്പെക്ടറും ആയിരുന്നു എന്ന്കേട്ടിട്ടുണ്ട് സഭയോടുള്ള പ്രതിബദ്ധതയും തീഷ്ണമായ ബന്ധവും അദ്ദേഹത്തിൻറെ പ്രത്യേകതയായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഇരു ചെവിയറിയാതെ ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയിലൂടെ അനേകം പാവപ്പെട്ടവരെ സഹായിച്ചിട്ടുണ്ട്. അവയുടെ വാർത്തയും ഫോട്ടോയും ഗുഡ്ന്യൂസിൽ പ്രസിദ്ധീകരിക്കരുതെന്നും പ്രത്യേകം നിർദ്ദേശിച്ചിരുന്നു.
വിരമിച്ച ശേഷവും എൻജിനീയറുടെ മികച്ച ജോലി സ്വന്തമായി ചെയ്തു വന്നിരുന്നു. അതോടുള്ള ബന്ധത്തിൽ പീച്ചി ഡാമിലെ ചില ജോലികൾക്കുവേണ്ടി വന്നപ്പോൾ ഒരു ദിവസം ഞങ്ങളുടെ ഭവനത്തിൽ താമസിക്കുവാൻ അവസരം ലഭിച്ചു. വൈകുന്നേരത്തെ കുടുംബ പ്രാർത്ഥനക്ക് ഞങ്ങൾ ഒരുമിച്ചിരുന്നു ഒരു വേദഭാഗം വായിച്ച് തികഞ്ഞ ഗൗരവത്തോടെ ആ ഭാഗം വ്യാഖ്യാനിച്ച് സംസാരിച്ച ശേഷമാണ് പ്രാർത്ഥന അവസാനിപ്പിച്ചത്. തൻറെ ആഴമായ ദൈവസ്നേഹവും ദൈവവചന ജ്ഞാനവുംഎനിക്ക് നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞു . കിടക്കുവാൻ മുറിയിലെത്തിയിട്ടും ദീർഘസമയം പ്രാർത്ഥിക്കുന്നത് കേൾക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
മക്കളെ തികഞ്ഞ ദൈവഭക്തിയിലും വിശ്വാസത്തിലും വളർത്തിയെടുക്കുന്നതിൽ വിജയിച്ച ഒരു പിതാവാണ് പ്രിയ ദാസ് സാർ ഏതാണ്ട് രണ്ടുമാസത്തിനു മുമ്പ് അവർ കുടുംബമായി എന്നെ സന്ദർശിക്കുവാൻ വന്നിരുന്നു അന്നത്തെ ഞങ്ങളുടെ സംസാരവും സ്നേഹവും കരുതലും നിറഞ്ഞതായിരുന്നു കാര്യമായ ശാരീരിക അസ്വസ്ഥതകൾ അപ്പോൾ ഉള്ളതായി തോന്നിയില്ല
ദൈവം തനിക്ക് ഇഷ്ടമുള്ളവരെ എപ്പോഴാണ് തിരിച്ചുവിളിക്കുക എന്ന് നമുക്ക് അറിയുകയില്ല അവരെക്കൊണ്ട് ദൈവത്തിന് ചെയ്യുവാനുള്ള ശുശ്രൂഷ പൂർത്തിയാകുമ്പോൾ മതി എന്ന് പറഞ്ഞ് തിരിച്ചു വിളിക്കുക ദൈവത്തിൻറെ സ്വഭാവമാണ് എന്തുകൊണ്ട് അപ്പോൾ അങ്ങനെ ചെയ്യുന്നു എന്ന് നമുക്ക് അറിയുകയില്ല എല്ലാം ദൈവഹിതം ആണല്ലോ ‘ഇന്നലെ പ്രിയ പിതാവിൻറെ ആകസ്മികമായവേർപാടിന്റെ വാർത്ത കേട്ടപ്പോൾ ദുഃഖം തോന്നി ദൈവത്തിന് വിശ്വസ്തനായിരുന്ന ദാസ് സാറിൻറെ വേല പൂർത്തിയായി എന്ന് ദൈവം തിരിച്ചറിഞ്ഞപ്പോൾ തന്നെ വിശ്രമത്തിനായി തിരിച്ചു വിളിച്ചു അതിൽ മാനുഷികമായി നമുക്ക് ദുഃഖവും വേദനയും ഉണ്ടെങ്കിലും ദൈവത്തിൻറെ പ്രവർത്തിയെ ചോദ്യം ചെയ്യുവാൻ നമുക്ക് അവകാശമില്ല
നമുക്ക് മുമ്പ് ഭാഗ്യകരമായ പ്രത്യാശയിലേക്ക് കടന്നുപോയ ഭക്തരെ നാം മുഖാമുഖമായി കാണുന്ന കാലം അധികം വിധൂരമല്ല എന്നതിൽ നമുക്ക് ആശ്വസിക്കാം .പ്രത്യാശയോടെ നമ്മുടെ പരദേശപ്രയാണവും പൂർത്തിയാക്കുവാൻ നമുക്ക് ശ്രമിക്കാം.
മനുഷികമായി അതീവ ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബാംഗങ്ങളെ ,പ്രത്യേകിച്ച് ചാക്കോ, സ്മിത, സ്നേഹ എന്നിവരെ ഓർത്തു പ്രാർത്ഥിക്കുകയും അവരുടെ ദുഃഖത്തിലും അതിലുപരി ക്രിസ്തീയപ്രത്യാശയിലും ഗുഡ്ന്യൂസ് കുടുംബം പങ്കുചേരുന്നു . പ്രിയ കർതൃദാസന്റെ അടക്കാരാധന ശുശ്രൂഷയിൽ പങ്കെടുക്കുവാൻ എനിക്ക് താല്പര്യമുണ്ടായിരുന്നുവെങ്കിലും കഴിയാത്തത് ദുഃഖമുണ്ട്. ഗുഡ്ന്യൂസിനെയും വിശിഷ്യാ ഞങ്ങളുടെ കുടുംബത്തെയും പ്രതിനിധീകരിച്ച് ഞങ്ങളുടെ മകൻ ആശിഷ് ശുശ്രൂഷയിൽ സംബന്ധിക്കുവാൻ ഇന്ന് പുറപ്പെടുന്നു. അനുഗ്രഹീതമായ ഒരു യാത്രയയപ്പ് ലഭിക്കുവാൻ ഞങ്ങൾ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ദൈവം എല്ലാ ശുശ്രൂഷകളെയും അനുഗ്രഹിക്കട്ടെ.

