കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർണാടകയിൽ നിരോധനം
ബെംഗളൂരു: കുട്ടികളെ ഡിജിറ്റൽ ആസക്തിയിൽ നിന്നും സോഷ്യൽ മീഡിയയുടെ ദൂഷ്യഫലങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി കർണാടക സർക്കാർ നിർണ്ണായക നടപടി സ്വീകരിച്ചു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപനം നടത്തി. ഇതോടെ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മാതൃകയിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കർണാടക മാറും.

അമിതമായ മൊബൈൽ ഉപയോഗവും ഡിജിറ്റൽ ആസക്തിയും കുട്ടികളിൽ ഗുരുതരമായ മാനസിക-സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി സർക്കാർ കണ്ടെത്തി. ഫിൻലാൻഡ്, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഈ ദിശയിൽ സ്വീകരിച്ച നടപടികൾ പഠിച്ച ശേഷമാണ് കർണാടക സർക്കാർ തീരുമാനമെടുത്തത്. മൊബൈൽ ആസക്തിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് മാധ്യമങ്ങൾ നൽകിയ റിപ്പോർട്ടുകളും നിയമസഭയിൽ ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചകളും ഈ തീരുമാനത്തിന് അടിത്തറയായി.
വാർത്ത: ചാക്കോ കെ തോമസ് , ബെംഗളൂരു
Advertisement









































