മൂന്നാം നാൾ...

മൂന്നാം നാൾ...

ഈസ്റ്റർ ചിന്തകൾ 

ഷാജൻ പാറക്കടവിൽ 

മൂന്നാം നാൾ. അത് അടക്കത്തിന്റെ ഒടുക്കത്തെ നാൾ. മൗനം ഭഞ്ജിക്കുന്ന നാൾ. തന്റെ പ്രവർത്തിയുടെ സമയത്ത് നടത്തിയ പ്രഖ്യാപനത്തിന്റെ പൂർത്തീകരണ നാൾ. തന്റെ നിശബ്ദത റോമൻ ഗവൺമെന്റിന്റെ മുദ്രയേയും കാവലിനെയും തകർത്ത് തന്നിൽ അടങ്ങിയിരുന്ന ദൈവീകതയുടെ പ്രത്യക്ഷ പ്രകടനം നടത്തിയ ദിവസമായിരുന്നു മൂന്നാം നാൾ.

മൂന്നാം നാൾ, അത് പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഉയർപ്പിന്റെയും നാളാണ്.

ലോകത്തിന്റെ പ്രതീക്ഷയും ക്രിസ്തീയ വിശ്വാസത്തിന്റെ മൂലാധാരവും വിശുദ്ധ തിരുവെഴുത്തുകളുടെ ആധികാരികതയെ വെളിപ്പെടുത്തുന്ന പ്രവർത്തിയും, ഒപ്പം ക്രിസ്തു എന്ന ലോകരക്ഷകന്റെ ദൈവത്തെ ചോദ്യംചെയ്ത സകല ഇടങ്ങളെയും ഒറ്റ പ്രവർത്തി കൊണ്ട് നിശബ്ദമാക്കിയ മഹത് കർമ്മം ആയിരുന്നു ഉത്ഥാനം. മരണം കൊണ്ട് അസ്തമിക്കുന്ന ജീവിതചരിത്രം എഴുതി അവസാനിപ്പിക്കേണ്ട ക്രിസ്തുചരിതം ഉത്ഥാനം കൊണ്ട് കൂടുതൽ മഹത്വവൽക്കരിക്കപ്പെട്ടു എന്നുള്ളത് ക്രിസ്ത്യാനിത്വത്തിന്റെ ആധികാരികതയും വലുപ്പവുമാണ് ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്തു ഉയർക്കുന്നില്ല എങ്കിൽ വാമൊഴി കൊണ്ടും വരമൊഴി കൊണ്ടും ക്രിസ്തുവിന് പരിചയപ്പെടുത്താൻ ആവില്ല എന്നത് നാം തിരിച്ചറിയേണ്ട വലിയ സത്യം. മരണം കൊണ്ട് അസ്തമിച്ചു പോയ മഹാരഥന്മാരുടെ പട്ടിക അപൂർണ്ണവും അപക്വവുമായി തുടരുമ്പോൾ ഉത്ഥാനം ചെയ്ത ക്രിസ്തുവിന്റെ ചരിത്രം യഥാർത്ഥ ആധികാരിക ചരിത്രരേഖയായി ചരിത്രത്തിൽ നിലകൊള്ളുന്നു. ക്രിസ്തുവിന്റെ ജനന മരണ പുനരുത്ഥാനങ്ങൾ ചരിത്രത്തിന്റെ ഗതിവിഗതികൾക്കും നിർണായക സ്വാധീനം ചെലുത്തിയ ചരിതം തന്നെയാണ്. അതിൽ ഉത്ഥാനം ക്രിസ്തുവെന്ന മനുഷ്യാവതാരത്തിന്റെ ദൈവീകതയ്ക്ക് ഏറെ ആധികാരികതയും മറ്റ് അവതാരങ്ങളിൽ നിന്നും വേറിട്ട വ്യക്തിവിശേഷമായി തിരിച്ചറിയപ്പെടുകയും ചെയ്യുന്നു. അപ്രതീക്ഷിതമായിരുന്നു ചിലർക്ക് ഉത്ഥാനം. മറ്റുചിലർക്കോ ഇത് സ്വാഭാവികമായി സംഭവിക്കാൻ സാധ്യതയുള്ള ഒരു വലിയ പുണ്യ പ്രവർത്തി. കാരണം, പ്രഭാഷണം കൊണ്ടും പ്രവർത്തി കൊണ്ടും വെളിപ്പെടുത്തിയ പല ആധികാരിക അവകാശവാദങ്ങളുടെയും നിജസ്ഥിതി ബോധ്യമായ ജനങ്ങൾക്ക് ക്രിസ്തു ഉയർക്കും എന്നുള്ളത് വലിയ പ്രതീക്ഷ തന്നെയായിരുന്നു. ക്രിസ്തുവന്ന അവകാശവാദത്തെ നെഞ്ചിലേറ്റിയ ഒരു ജനതയ്ക്ക് ഉത്ഥാനം എന്നും ആവേശവും പ്രതീക്ഷയുമാണ്.

മൂന്നാം നാൾ. അത് ഒരുക്കത്തിൻ നാളാണ്. ചിലരുടെ ഉള്ളിൽ അങ്കുരിച്ച വലിയ പ്രതീക്ഷയുടെ പ്രതീകമായിരുന്നു മൂന്നാം നാൾ. മൂന്നാം നാൾ എന്നും അത്ഭുതങ്ങളുടെ ദിനം ആയിരുന്നു. മാനുഷിക ബുദ്ധിക്കും വിവേകത്തിനും യുക്തിക്കും ശക്തിക്കും അപ്പുറം അമാനുഷികതയുടെ പരാവർത്തനം. മൂന്നാം നാൾ പുതിയ കാഴ്ച്ച അനുഭവങ്ങൾ സമ്മാനിക്കുന്ന ദിവസമാണ്. അകക്കണ്ണ് തുറന്നു പ്രകാശനം പരത്തുന്ന ദിവസം. ക്രിസ്തു എന്താണ് ആരാണ് എന്ന് നന്നായി തിരിച്ചറിയുന്ന ദിവസം. വാഗ്ദാനങ്ങളുടെയും വാഗ്ദത്ത നിറവേറ്റപ്പെടലിന്റെയും ദിവസമാണ് മൂന്നാം നാൾ. സ്വർഗ്ഗം തുറക്കുന്ന നാൾ. ഉദ്ധാരണത്തിനു വേണ്ടി ഭൂമിയിലേക്ക് പറഞ്ഞയച്ച സ്വപുത്രനെ സ്വർഗ്ഗം തുറന്നു പിതാവ് സ്വീകരിക്കുന്ന ദിവസം. മാലാഖ വൃന്ദങ്ങളുടെ ആരാധന സ്തുതി ഗീതങ്ങൾ മധ്യേ സിംഹാസനത്തിലേക്ക് ആനയിക്കപ്പെടുന്ന ദിവസം. 

മൂന്നാം നാൾ ഒരു പുതുക്കത്തിന്റെ ദിവസം. അചേതനമായതും അസ്തമിച്ചു പോയതും സചേതനവും സജീവവും ആകുന്ന ദിവസം. മൂന്നാം നാൾ അസ്തമിച്ചു പോയത് ഉണരുന്ന,ഉദിക്കുന്ന ദിവസം. ലോകരക്ഷകന്റെ മൂന്നാം നാൾ ലോകത്തിന്റെ ഭാവി കുറിക്കപ്പെട്ട ദിവസം കൂടിയാണ്. മൂന്നാം നാൾ ഉയർത്തവൻ രണ്ടാമതും വരും എന്നുള്ളതാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം. അത് അടിവരയിടുന്നതാണ് ഉയർപ്പ്.മൂന്നാം നാൾ ലോകത്തിന്റെ പ്രതീക്ഷയും.

ഈസ്റ്റർ ചിന്തകൾ

നിശബ്ദതയുടെ ഒരു ദിനം...

ഷാജൻ പാറക്കടവിൽ 

ടക്കം, ഒരായുസ്സിന്റെ അവസാനം. ദൈവീക കാര്യപരിപാടിയുടെ പൂർത്തീകരണം. പ്രവർത്തികളിൽ പ്രഖ്യാപിക്കപ്പെട്ട നയങ്ങളുടെ പ്രാവർത്തിക ഇടം. മരണമെന്ന യാഥാർത്ഥ്യത്തിന് തിരുത്ത് എഴുതപ്പെടാനുള്ള ഒരുക്കത്തിന്റെ ദിനം. അധികാര ചിഹ്നങ്ങളും ബിംബങ്ങളും അഴിഞ്ഞുവീഴാനും അസ്തമിക്കുവാനുമുള്ള സമയം. വലിയൊരു അത്ഭുതത്തിനുള്ള കാത്തിരിപ്പ്. ലോകം പോലും നിശബ്ദമാക്കപ്പെട്ട ദിനങ്ങൾ. ദൈവപുത്രന്റെ സുഖ നിദ്രയുടെ സമയം.

 പക്ഷേ ലോകത്തിന് ഇത് ആഹ്ലാദ നിമിഷം. മതങ്ങളെയും കർമ്മങ്ങളെയും ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പൊള്ളയായ പഠിപ്പിക്കലിനെയും ഗുരുക്കന്മാരെയും ശക്തിയുക്തം എതിർത്ത ഒരു സത്യത്തെ ഇല്ലായ്മ ചെയ്തുവെന്ന് അവകാശപ്പെടുന്ന സമയം. ഒരു ജനതയുടെ മരണ വിധി നടപ്പിൽ വരുത്തിയെന്ന് അവകാശപ്പെടുന്ന സമയം. ന്യായാസനങ്ങൾ നീതിമാനെന്ന് വിധിയെഴുതിയിട്ടും ബർബ്ബാസ് എന്ന നിഷ്ഠൂരനു പകരമായി തൂക്കിലേറ്റപ്പെട്ട നീതിമാന്റെ മരണാഘോഷങ്ങൾ ഏറെ തിളക്കമാർന്ന നിലയിൽ ലോകം ആഘോഷിക്കുന്ന സമയം. ഒരു സത്യം അസ്തമിച്ചു എന്ന് ലോകം കൊട്ടിഘോഷിക്കുന്ന സമയം. പൊതു ശത്രുവിനെ കൊന്നു കുഴിച്ചുമൂടിയെന്ന് മതാചാര്യന്മാരും പുരോഹിതന്മാരും ജനത്തിന്റെ നേതാക്കളും ന്യായപ്രമാണത്തിന്റെ പ്രായോജകരും ഒരുപോലെ കയ്യടിച്ച് ആഹ്ലാദിച്ച് ആഘോഷിച്ച സമയം. അടക്കം ഒടുക്കമാണെന്ന് ലോകം വിധിയെഴുതിയ സമയം.

അടക്കം... അത് നിശബ്ദതയുടെ നിമിഷങ്ങളാണ്. ലോകം ദർശിക്കാൻ പോകുന്ന ഏറ്റവും വലിയ അത്ഭുതം സംഭവിക്കുന്നതിനു മുൻപുള്ള ഇടവേള. മരണമെന്ന യാഥാർത്ഥ്യത്തിന്റെ ഭീകരതയെ ഉയർപ്പെന്ന മഹത് കർമ്മത്തിലൂടെ നിസ്സാരവൽക്കരിക്കുന്നതിനു വേണ്ടിയുള്ള തയ്യാറെടുപ്പ്. മൂന്നാം നാളിന്റെ ഉയർപ്പിനായുള്ള നീണ്ട നിശബ്ദത.

നിശബ്ദതയായിരുന്നു അവന്റെ ഭാഷ. സത്യത്തെ സംരക്ഷിച്ച് അസത്യത്തെയും ആ യാഥാർത്ഥ്യത്തെയും വിശദമായി വിമർശിക്കുവാനും പ്രതിരോധിക്കുവാനുമുള്ള ആയോധനമാർഗ്ഗമായി പലപ്പോഴും അവൻ എന്ന സത്യം പ്രായോഗികമാക്കിയത് നീണ്ട നിശബ്ദതകൾ ആയിരുന്നു. തുരുമ്പിച്ച വിശ്വാസങ്ങളെയും പുഴു കുത്തേറ്റ ആചാരാനുഷ്ഠാനങ്ങളെയും നിശിതമായിവിമർശിക്കുവാനും തന്റെ ദൈവത്തെയും പരമാധികാരത്തെയും ചോദ്യം ചെയ്ത അധികാര കോമരങ്ങളോട് പ്രതികരിക്കുവാൻ അവൻ ഉപയോഗിച്ചതും നിശബ്ദതയായിരുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും മാത്രമല്ല അത്ഭുതങ്ങളും അടയാളങ്ങളും തന്റെ പരമാധികാരം കൊണ്ട് നിർവ്വഹിക്കുവാൻ തുടങ്ങുന്നതിനു മുമ്പ് അവൻ നീണ്ട നിശബ്ദതയിലായിരുന്നു.

പ്രമാണങ്ങളുടെ പ്രായോഗികതയിൽ സംഭവിക്കുന്ന മൂല്യശോഷണങ്ങളുടെ വ്യക്തത ചൂണ്ടിക്കാണിക്കുവാനും, വ്യക്തികളുടെ അനുധാവനത്തിനും സ്വീകരണത്തിനും ക്രിസ്തു കേന്ദ്രീകൃത ജീവിതത്തിനും മാതൃകാപരമായ ജീവിത സമസ്യ പൂരണത്തിനും അവൻ ഉപയോഗിച്ചത് നിശബ്ദത തന്നെയായിരുന്നു. അത്ഭുതങ്ങളിലൂടെ നിലവിൽ നിലനിന്നിരുന്ന പ്രമാണങ്ങളുടെ സമ്പൂർണ്ണ പരാജയത്തെ ചോദ്യം ചെയ്തു പുതിയ ജീവിത പന്ഥാവുകൾ കെട്ടിപ്പടുക്കുമ്പോൾ ഉയർന്ന ജന നേതൃത്തങ്ങളുടെയും മത ഗുരുക്കന്മാരുടെയും ചോദ്യങ്ങളെ നേരിട്ടതും നിശബ്ദത കൊണ്ടായിരുന്നു. ഒടുവിൽ തന്റെ ദൈവത്വത്തെ ചോദ്യംചെയ്ത സഹ കുറ്റവാളിയുടെ വാക്കുകൾക്കു മുമ്പിൽ പോലും തന്റെ മറുപടി മൗനമായിരുന്നു. മൂന്നര വർഷം തന്നോട് ഒപ്പം സഞ്ചരിച്ച് സഹ പഥികരുടെ അവസാനിധ്യം പോലും തന്റെ അവസാന നിമിഷം തന്നെ അലോസരപ്പെടുത്തിയില്ല, മറിച്ച് അവിടെയും നിശബ്ദനായി. പ്രഹരങ്ങളേറ്റ ശരീരത്തിൽ ഉഴവ് ചാലുകൾ സൃഷ്ടിക്കപ്പെടുമ്പോഴും, വിലാപുറം കുത്തിത്തുളക്കുമ്പോഴും തലയിൽ മുൾക്കിരീടം ആഞ്ഞ് അടിച്ചിറക്കുമ്പോഴും, തന്റെ അങ്കി പകുത്തെടുത്തു പരിഹസിക്കുമ്പോഴും, തലയ്ക്ക് മുകളിൽ പരിഹാസത്തിന്റെ പ്രതീകമായി അക്ഷരക്കൂട്ടങ്ങൾ പതിച്ചു വയ്ക്കുമ്പോഴും അവൻ നിശബ്ദനായിരുന്നു. മരണമൊഴികളിൽ പോലും നീണ്ട വാക്കുകളുടെയോ വാചകങ്ങളുടെയോ സമ്മേളനമായിരുന്നില്ല.. അവൻ നിശബ്ദമായി സകലവും സഹിച്ച് മരണത്തിന് ഏൽപ്പിച്ചു.

നിശബ്ദത കൊണ്ട് ലോകത്തെ കീഴ്മേൽ മറിച്ച ഒരുവന്റെ മൗനം അധികാര മുദ്രകളെ തകർക്കുന്നതും, പ്രകൃതിയുടെ സ്വാഭാവിക നിയമങ്ങളെ തച്ചുടയ്ക്കുന്നതും, പ്രതീക്ഷയുടെ പുതിയ പുലരി സമ്മാനിക്കുന്നതും ആയിരുന്നു. ഒരു മൂന്നാം നാളിനായുള്ള കാത്തിരിപ്പിൽ അവൻ നിശബ്ദനാണ്.

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement