പെന്തെക്കോസ്ത് മിഷൻ ഡൽഹി സെന്റർ കൺവെൻഷന് അനുഗ്രഹീത സമാപനം
ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ സ്തുതിക്കുന്നവരാകണം: പാസ്റ്റർ എസ്. എബ്രഹാം
ന്യൂഡൽഹി: ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും കർത്താവിനെ വണങ്ങി നമസ്കരിക്കുന്നവരായിരിക്കണമെന്ന് ദി പെന്തെക്കോസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എസ്. എബ്രഹാം ആഹ്വാനം ചെയ്തു. നമ്മുടെ സൃഷ്ടികർത്താവ് ഉന്നതങ്ങളിൽ വസിക്കുന്നവനും സർവസ്തുതികൾക്കും യോഗ്യനുമാണെന്ന് അദ്ദേഹം പറഞ്ഞു.
പഴയനിയമ വിശുദ്ധന്മാരായ അബ്രഹാം, ദാവീദ്, ഇയ്യോബ്, ദാനിയേൽ എന്നിവരുടെ ജീവിതം മാതൃകയാക്കി സമ്പത്തിലും സന്തോഷത്തിലും ദുഃഖത്തിലും കഷ്ടതകളിലും മുട്ടുമടക്കി ദൈവത്തെ സ്തുതിക്കുന്നവരായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ദി പെന്തെക്കോസ്ത് മിഷൻ ഡൽഹി സെന്റർ കൺവെൻഷന്റെ സമാപനദിന സംയുക്ത ആരാധനയിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച ആരംഭിച്ച കൺവെൻഷൻ ഡൽഹിയിലെ ഹിരൻ കുണ്ടനയിലുള്ള മിഷന്റെ കൺവെൻഷൻ ഗ്രൗണ്ടിലാണ് നടന്നത്. വിവിധ യോഗങ്ങളിൽ പാസ്റ്റർ ഡബ്ല്യു. ഡി. റൊഡ്രിക് കുമാർ, പാസ്റ്റർ എൽ പ്രസാദ് റാവു, പാസ്റ്റർ അശോക് ലാൽ എന്നിവർ ദൈവവചനം പ്രസംഗിച്ചു.
ഡൽഹി സെന്ററിനു കീഴിൽ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സഭാശാഖകൾ പ്രവർത്തിച്ചുവരുന്നു.
കൺവെൻഷനോടനുബന്ധിച്ച് 65 പേർ ജലസ്നാനം സ്വീകരിച്ചു. ഡൽഹി സെന്റർ പാസ്റ്റർ യൂനുസ് മസ്സിയുടെയും അസിസ്റ്റന്റ് പാസ്റ്റർ റോണി ജോസഫിന്റെയും നേതൃത്വത്തിലാണ് കൺവെൻഷൻ പ്രവർത്തനങ്ങൾ നടന്നത്.
വാർത്ത : റോയ്സൺ അമ്പലക്കര, ഡൽഹി




