ഏ.ജി. മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ക്യാമ്പ് ഡിസംബർ 21 മുതൽ
കോഴിക്കോട്: അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഡിസ്ട്രിക്ട് ക്യാമ്പ് ഡിസംബർ 21 മുതൽ 24 വരെ മൂന്ന് സോണുകളിലായി നടക്കും. കൊലൊസ്സ്യർ 2:7-നെ ആസ്പദമാക്കി 'ROOTED' (റൂട്ടഡ്) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ മുഖ്യപ്രമേയം.

മലബാർ ഡിസ്ട്രിക്ടിലെ ആറു ജില്ലകളിൽ നിന്നുള്ള കുട്ടികളെയും കൗമാരക്കാരെയും ക്രിസ്തീയ വിശ്വാസത്തിൽ വേരൂന്നി ആത്മീയമായി വളർത്തുകയും, ക്രിസ്തീയ ജീവിതത്തിലും മൂല്യങ്ങളിലും ഉറച്ചുനിൽക്കുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യവും പങ്കാളിത്തവും സുഗമമാക്കുന്നതിനായി ക്യാമ്പ് മൂന്ന് മേഖലകളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. വയനാട് സോണൽ ക്യാമ്പ് ഡിസംബർ 21, 22 തീയതികളിൽ മീനങ്ങാടി ഐ.സി.പി.എഫ് ക്യാമ്പ് സെന്ററിലും, നോർത്തേൺ സോണൽ ക്യാമ്പ് ഡിസംബർ 22, 23 തീയതികളിൽ കണ്ണൂർ പാടിയോട്ടുചാലിലെ ട്രൂ ലൈറ്റ് ഇംഗ്ലീഷ് സ്കൂളിലും, സെൻട്രൽ സോണൽ ക്യാമ്പ് ഡിസംബർ 23, 24 തീയതികളിൽ കോഴിക്കോട് സരോവരത്തിന് സമീപമുള്ള നവജ്യോതിസ് റിട്രീറ്റ് സെന്ററിലും നടക്കും. ഓരോ സോണൽ ക്യാമ്പും ആദ്യദിവസം രാവിലെ 9.30ന് ആരംഭിച്ച് രണ്ടാംദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് സമാപിക്കും.
റവ. ഡോ. വി. റ്റി. എബ്രഹാം, ഡോ. സജി കുമാർ കെ. പി., ഡോ. സിനി ജോയ്സ് മാത്യു, സിസ്റ്റർ രഞ്ജി ക്രൗൺ, പാ. ഷാർലറ്റ് പി. മാത്യു, ഡോ. അനീഷ് ഡേവിഡ് എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം പങ്കുവെക്കും. പാ. സാം പൂവച്ചൽ, പാ. സാംസൺ ബേബി എന്നിവർ ആരാധനയ്ക്കും സ്തുതിക്കും നേതൃത്വം നൽകും.
8 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കുമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. രജിസ്ട്രേഷൻ ഫീസ് 250 രൂപയാണ്. നവംബർ 8 ഞായറാഴ്ച വൈകിട്ട് 6 മണി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കും. AG Malabar Sunday School വെബ്സൈറ്റ് വഴിയോ രജിസ്ട്രേഷനായി തയ്യാറാക്കിയ QR കോഡ് സ്കാൻ ചെയ്തോ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. എട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ക്യാമ്പിന്റെ ആദ്യദിവസം മാത്രമായി പ്രത്യേക സെഷനും ക്രമീകരിച്ചിട്ടുണ്ട്.
മലബാർ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഡയറക്ടർ പാ. ജസ്റ്റിൻ സ്കറിയയുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ട് സൺഡേ സ്കൂൾ ഭാരവാഹികളും സെക്ഷൻ ഭാരവാഹികളും ക്യാമ്പിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകും. പാ. സുബാഷ് ജോസ് (വയനാട് സോൺ), പാ. റോയിച്ചൻ (നോർത്തേൺ സോൺ), ബ്രദർ സംഗീത് മാവൂർ (സെൻട്രൽ സോൺ) എന്നിവർ അതത് മേഖലകളുടെ ലോക്കൽ കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നു.
Advertisement



























