കളിയല്ലിതു ജീവിതം

കളിയല്ലിതു ജീവിതം

കാലികം

കളിയല്ലിതു ജീവിതം 

ആനി ജോർജ്ജ്, കുവൈറ്റ്

കൂസലില്ലാതെ അരുംകൊല, നിഷ്ഠൂരതയുടെ ക്രൂര നിമിഷങ്ങളിൽ നിമിഷങ്ങളിൽ ജീവൻ നഷ്ടമാകുന്ന നിരപരാധികളായ പിഞ്ചോമനകൾ, മൊബൈൽ ഫോൺ നൽകാതിരുന്നതിനു കൗമാരക്കാരായ കുഞ്ഞുങ്ങളുടെ ആത്മഹത്യകൾ, കുറെ ദിവസങ്ങളായി മാധ്യമങ്ങളിലുടനീളം കുട്ടികളുടെ മരണം ചൂടേറിയ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്.

കോടികൾ ചിലവാക്കി ആരോഗ്യപരമായ ജീവിതത്തിലേക്ക് മടങ്ങി വരാൻ കൊതിക്കുന്ന ഒരു കൂട്ടം നല്ല മനുഷ്യർ ഒരു വശത്ത്, ഒരു കുഞ്ഞിക്കാലിന് വേണ്ടി വർഷങ്ങളോളം പ്രാർത്ഥനയിലും, ചികിൽസയിലും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപാട് ജീവിതങ്ങൾ മറ്റൊരു ഭാഗത്ത്!! അതിനിടയിലാണ് ദുർമരണങ്ങളും, ആത്മഹത്യകളും, ക്രൂരമായ പീഡനങ്ങളും നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും, പ്രവാസ ലോകത്തു നിന്നും കേൾക്കേണ്ടി വരുന്നത്.

എവിടെയാണ് പരാജയം സംഭവിച്ചത്? ആരാണ് ഇതിനു ഉത്തരവാദി? ഒരു നല്ല തലമുറയെ/സമൂഹത്തെ വാർത്തെടുക്കുവാനും ഇല്ലായ്മ ചെയ്യുവാനും ഉള്ള ഉത്തരവാദിത്തങ്ങൾ ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?
മക്കളെക്കാൾ വലുത് സമ്പാദ്യവും സമൂഹത്തിലെ സ്ഥാനമാനങ്ങളും, പ്രശസ്തിയും ആകുമ്പോൾ കുട്ടികളുടെ ബാല്യം പതറിപ്പോകുന്നതിൽ ഒട്ടും അതിശയോക്തിയില്ല! അക്രമാസക്തമായ വീഡിയോ ഗെയിമുകളും കൊലപാതക ദൃശ്യങ്ങളും കണ്ട് വളരുന്ന കുട്ടികൾക്ക് യഥാർത്ഥ ജീവിതത്തിലെ മരണവും വേദനയും വെറുമൊരു കളി മാത്രമായി തോന്നാം. ആശയ വിനിമയമില്ലായ്മയും ശ്രദ്ധക്കുറവും, മികച്ച വിജയം നേടാൻ വേണ്ടി മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന അമിത സമ്മർദ്ദവും, പ്രവാസ ലോകത്തെ ഒറ്റപെടലുകളും, മാതാപിതാക്കളുടെ നിരീക്ഷണമില്ലാതെ, തങ്ങളുടെ തിരക്കുകൾക്കിടയിൽ ഒരു വിളിക്കപ്പുറത്ത് കുട്ടികളെ കിട്ടാൻ വേണ്ടി തിരിച്ചറിവില്ലാത്ത പ്രായത്തിൽ അവർക്കു വേണ്ടി നാം വാങ്ങി കൊടുക്കുന്ന മൊബൈൽ ഫോണും ഇവിടെ വില്ലനാകുന്നു. ശരിയും തെറ്റും തിരിച്ചറിയാത്ത പ്രായത്തിൽ കുട്ടികളുടെ മനസ്സുകൾ ആരോരും അറിയാതെ ക്രൂര കൃത്യങ്ങളിലേക്കു വഴിമാറുകയാണ്. ഓരോ ജീവിതവും അവസാനിക്കേണ്ടത് മറ്റൊരാളുടെയോ, സോഷ്യൽ മീഡിയകളുടെയോ  ക്രൂരവിനോദത്തിന്റെ ബലിയാടായിട്ടാവരുത് എന്ന കാര്യം നാം ഓരോരുത്തരും മറന്നു പോകരുത് !

ഒരിക്കൽ മക്കൾക്കു വാങ്ങി നൽകിയ മൊബൈൽ ഫോൺ പിന്നീട് അവരിൽ നിന്നും തിരികെ വാങ്ങുമ്പോൾ അവർക്കുണ്ടാകുന്ന മനസികസമ്മർദ്ദങ്ങളും അതിന്റെ അനന്തര ഫലങ്ങളും കുറേക്കാലമായി ഒരു വല്ലാത്ത നോവായി അവശേഷിക്കുന്നു.
കുറെ മാസങ്ങൾക്കു മുൻപ് ഒരു സുഹൃത്ത് തങ്ങളുടെ വീട്ടിലെ ഒരു ടാബ് കാണാതെ പോയതും പിന്നീട് ഒരു ദിവസം രാവിലെ കുട്ടിയുടെ പുതപ്പിനടിയിൽ നിന്നും അത് കണ്ടെത്തിയ അനുഭവവും പങ്കു വയ്ക്കുകയുണ്ടായി. ആ കുട്ടി എല്ലാ ദിവസവും രാത്രിയിൽ തന്റെ കസ്റ്റഡിയിൽ ഉള്ള ടാബ് ഉപയോഗിച്ച് സ്ഥിരമായി പല ഗെയിമുകളിലും  ഏർപ്പെടുമായിരുന്നു. അതിനു ശേഷം രാത്രിയിൽ ഉറങ്ങാൻ പോകുന്നതിനു മുൻപ് സുരക്ഷിതമായ സ്ഥലത്തു വയ്ക്കുകയും ചെയ്തു പോന്നു.

എന്നാൽ അന്നേ ദിവസം രാത്രി ഗെയിം കളിക്കുന്നതിനിടയിൽ കുട്ടി ഉറങ്ങിപ്പോയി. പിതാവ് രാവിലെ കുട്ടിയുടെ മുറിയിൽ ചെന്നപ്പോൾ പുതപ്പിനടിയിൽ നിന്നും ഉയർന്നു വന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സ്‌ക്രീനിൽ കളിച്ചു കൊണ്ടിരുന്ന ഗെയിം കണ്ടെത്തിയത്.

ഇങ്ങനെ എത്രയോ അനുഭവങ്ങൾ. ഓൺലൈൻ ക്ലാസുകൾ നടക്കുന്ന സമയത്തു പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ച മൊബൈൽ ഫോണിലൂടെ ഏതെല്ലാം ഗെയിമുകളിൽ ആണ് കുട്ടികൾ ഏർപ്പെടുന്നത് എന്നതും, രാത്രി മാതാപിതാക്കൾ ഉറങ്ങിക്കിടക്കുമ്പോൾ കുട്ടികൾ ആരോടെല്ലാം സംഭാഷണത്തിൽ ഏർപ്പെടുന്നു എന്നതും വളരെ ശ്രദ്ധയോടെ നാം നിരീക്ഷിക്കേണ്ടതുണ്ട്.  

കുഞ്ഞുങ്ങൾ ഓൺലൈൻ ഗെയിമിനും, സോഷ്യൽ മീഡിയയ്ക്കും വല്ലാതെ അടിപ്പെട്ടു, പ്രാർത്ഥിക്കണം എന്ന് കരഞ്ഞു കൊണ്ട് പറയുന്ന ഒരുപാടു മാതാപിതാക്കളെ  കണ്ടിട്ടുണ്ട്. ഈശ്വര വിശ്വാസവും പ്രാർത്ഥനകളും ഒരു പരിധി വരെ ഫലവത്താണ്,  പക്ഷെ കുഞ്ഞുങ്ങൾ അനാവശ്യ കാര്യങ്ങളിൽ ഏർപ്പെടുന്നത് പ്രാർത്ഥനയിലൂടെ മാറ്റാം എന്ന അമിത വിശ്വാസത്തെക്കാൾ ഈ വക ആസക്തികളിൽ നിന്നും അവരെ പിന്തിരിപ്പിക്കുവാൻ  എന്തേ മാതാപിതാക്കളായ നാം ശ്രദ്ധിക്കുന്നില്ല?

സദൃശ്യവാക്യങ്ങൾ 22:6: "ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല." ഈ വാക്യം മാതാപിതാക്കൾക്കും അധ്യാപകർക്കും ആത്മീയ നേതാക്കൾക്കും നൽകിയിരിക്കുന്ന ഒരു പ്രധാന ഉപദേശമാണ്.

"ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍" എന്നത് ദൈവഭക്തിയും നീതിയും സത്യവും നല്ല സ്വഭാവവും ഉള്ള ജീവിത മാർഗ്ഗത്തെ സൂചിപ്പിക്കുന്നു.
"അവനെ അഭ്യസിപ്പിക്ക" എന്നത് വെറും വാക്കുകൾ കൊണ്ട് പഠിപ്പിക്കുക മാത്രമല്ല; മറിച് മാതൃകയിലൂടെയും, ശിക്ഷണത്തിലൂടെയും, സ്നേഹപൂർവ്വമായ മാർഗ്ഗനിർദ്ദേശത്തിലൂടെയും അവരെ വളർത്തുക എന്നുള്ളതാണ്. "വൃദ്ധനായാലും അതു വിട്ടുമാറുകയില്ല" എന്നത് ബാല്യത്തിൽ ലഭിച്ച ശരിയായ ആത്മീയവും ധാർമികവുമായ പരിശീലനം ജീവിത കാലം മുഴുവൻ ഒരു വ്യക്തിയിൽ സ്വാധീനം ചെലുത്തുമെന്ന് സൂചിപ്പിക്കുന്നു.

കുട്ടികൾക്ക് ചെറുപ്പം മുതൽ ദൈവവചനം പഠിപ്പിച്ചു കൊടുക്കുകയും, പ്രാർത്ഥന, സത്യസന്ധത, കരുണ, അനുസരണം എന്നിവ ജീവിതത്തിൽ പ്രവർത്തീകമാക്കിയും ഒരു പരിധി വരെ കുട്ടികളെ ശരിയായ രീതിയിൽ വളർത്തിയെടുക്കുവാൻ സാധിക്കും. മാതാപിതാക്കളുടെ ജീവിതം തന്നെ കുട്ടികൾക്ക് ഏറ്റവും ശക്തമായ പാഠപുസ്തകമാണെന്ന് ഓർക്കുക.
ബാല്യത്തിൽ വിതച്ച ദൈവഭക്തിയുടെ വിത്തുകൾ ജീവിതത്തിൽ ദീർഘകാല ഫലം ഉളവാക്കും എന്നതിന് രണ്ടു പക്ഷമില്ല!

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement