ചിലർ ചിതറിക്കുന്നു; ചിലർ പണിയുന്നു
ചിലർ ചിതറിക്കുന്നു; ചിലർ പണിയുന്നു

ലക്ഷ്യബോധം ഒരാളിൽ അടിച്ചേൽപ്പിക്കാനാവില്ല. അതു സ്വയം ഉണ്ടാകേണ്ടതാണ്. തികച്ചും വ്യക്തിപരമായ അനുഭവമാണ് ലക്ഷ്യബോധം. അതിനുള്ള അന്തരീക്ഷം ഉണ്ടാക്കാനേ മറ്റുള്ളവർക്ക് കഴിയൂ. ജീവിതത്തെയും ശുശ്രൂഷകളെയും സ്വയം വിലയിരുത്തുവാനും പ്രാഗത്ഭ്യം വർധിപ്പിക്കാനും ലക്ഷ്യബോധം വളർത്താനുമുള്ള സാഹചര്യം സഭാന്തരീക്ഷത്തിൽ ഉണ്ടാക്കുകയാണ് നേതൃത്വത്തിന്റെ കർത്തവ്യം.
വിശ്വാസികളെയും ശുശ്രൂഷകന്മാരെയും വീണ്ടും ആവേശഭരിതരാക്കി ഊർജ്ജസ്വലത പ്രസ്ഥാനത്തിലെങ്ങും തഴക്കുമ്പോൾ തകർന്ന സഭകളും സജീവമായി ഉണർന്നെഴുന്നേൽക്കും. നാം എഴുന്നേറ്റു പണിയുക എന്നും ആത്മാർഥതയോടെ ആവേശകരമായി ആഹ്വാനം ചെയ്യുമ്പോൾ ജനം ഉത്സാഹ ഭരിതരായി പണി ചെയ്യാനായി പുറപ്പെടും.
ചില വർഷങ്ങൾക്കു മുൻപ് ഒരു പ്രാദേശികസഭയിൽ രൂക്ഷമായ പ്രശനങ്ങളുണ്ടായി. രണ്ടു ഗ്രൂപ്പായി തിരിഞ്ഞു സഭാ യോഗത്തിൽ ഉന്തും തള്ളും ഉണ്ടായി. അടികൊണ്ടു ഒരാൾക്കു ബോധക്ഷയം ഉണ്ടായി. അയൽക്കാർ പോലീസിനെ വരുത്തി. കേസുകൾ ഉണ്ടായി. സഭയുടെ സാക്ഷ്യം നഷ്ടപ്പെട്ടു. ചിലർ സഭ വിട്ടുമാറി. അവിടേക്കു ശുശ്രൂഷയ്ക്കു പോകാൻ ആളി ല്ലാതെയായി. അവിടത്തെ പ്രവർത്തനം അസ്തമിച്ചു എന്നും പലരും കരുതി. പിന്നീടു അവിടേക്കു സ്ഥലം മാറിച്ചെന്ന കർത്തൃദാസൻ പശ്ചാത്തലം മനസ്സിലാക്കി ചില ദിവസങ്ങൾ ഉപവസിച്ചു പ്രാർഥിച്ചു. ചെറിയൊരു കൂട്ടം വിശ്വാസികളേ ഉണ്ടായിരുന്നുള്ളു. അവരെ വിശുദ്ധീകരണത്തിലേക്കു നടത്തി. അന്യോന്യം ക്ഷമ ചോദിച്ചു പുതിയൊരു ഐക്യത ഉണ്ടായി. ആ ചെറിയ കൂട്ടത്തിന് യഥാസ്ഥാനവും പുതുക്കവും ഉണ്ടാക്കുന്ന വചനം പ്രസംഗിച്ചു. അധികനാൾ കഴിയും മുൻപേ വലിയൊരു ആത്മീയ ആവേശം അവർക്കുണ്ടായി.
ആത്മീയചലനങ്ങൾ ആരംഭിച്ചു. അധികം താമസിയാതെ അനേകർ വിശ്വാസത്തിലേക്കു ആകർഷിക്കപ്പെട്ടു. ഒരു ഉണർവ് ആ ദേശത്തേക്കു ദൈവം അയച്ചു. പ്രശ്നങ്ങളുണ്ടായ ഒരു സഭയാണതെന്ന് ഇന്ന് ചെല്ലുന്ന ആർക്കും അറിയാൻ കഴിയില്ല. അത്രമാത്രം മാറ്റമുണ്ടായി. ഒരുവൻ്റെ പ്രത്യേകതയുള്ള ശുശ്രൂഷയാൽ സഭയിൽ പുതിയ ചൈതന്യം ഉണ്ടാകുവാൻ ഇടയായതാണ് അതിൻ്റെ കാരണം.
ചിലർ തകർക്കുന്നവരാണ്. ചിതറിക്കുന്നവരാണ്. മറ്റു ചിലർ പണിയുന്ന വരും കൂട്ടിചേർക്കുന്നവരും. ഇടയന്മാർ നഷ്ടപ്പെട്ടതിനേ തിരയുന്നവരും ചിതറിയതിനേ ശേഖരിക്കുന്നവരുമാണ്. അങ്ങനെയുള്ള ശുശ്രൂഷകർ പ്രസ്ഥാനത്തിൽ ആദരിക്കപ്പെടേണം. അങ്ങനെയുള്ളവരെ ശ്രദ്ധിക്കാനുള്ള മനോഭാവം നേതൃത്വത്തിനുണ്ടാകമ്പോൾ അവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കും.
ഒരു പ്രസ്ഥാനത്തിലുള്ള എല്ലാവരെയും ആദരിക്കണം. ആദരവു എന്നാൽ വിശ്വാസ്യതയും കരുതലുമാണ്. പൊതു ശുശ്രൂഷകൻ പ്രാദേശിക ശുശ്രൂഷകനെ സന്ദർശിക്കുവാൻ അവന്റെ അടുക്കലേക്കു ഇറങ്ങി ചെല്ലുമ്പോഴാണ് പ്രസ്ഥാനത്തിന് ശുശ്രൂഷകനോടുള്ള കരുതൽ വ്യക്തമാകുന്നത്. അതുപോലെതന്നെ ശുശ്രൂഷകൻ വിശ്വാസികളെ സന്ദർശിക്കുവാൻ അവരുടെ അടുക്കലേക്കു ഇറങ്ങി ചെല്ലണം. അവരെ ഉത്സാഹിപ്പിക്കുക, അവരെ ധൈര്യപ്പെടുത്തുക, അതാണ് ആദരിക്കൽ.
Advt.





















