സമൂഹത്തിൻ്റെ സമഗ്രമായ നന്മ: പെന്തെക്കോസ്ത് ദൗത്യ വീക്ഷണം

സമൂഹത്തിൻ്റെ സമഗ്രമായ നന്മ: പെന്തെക്കോസ്ത് ദൗത്യ വീക്ഷണം

19-ആം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തിൽ (1839-ൽ) ഹൈന്ദവ സമുദായത്തിൽ നിന്നുള്ള വളരെ വലിയൊരു വിഭാഗം, അതായത് 25,000-ത്തിലധികം ഈഴവർ, ക്രിസ്തുമതം സ്വീകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് കോട്ടയം മിഷനറി കേന്ദ്രത്തിലെത്തി. ബ്രിട്ടീഷ് മിഷണറികളിൽ പ്രമുഖനായിരുന്ന ഹെൻറി ബേക്കറിനെ (സായിപ്പിനെ) അവർ കണ്ടുമുട്ടി. എന്നാൽ, ബേക്കർ ഇവരുടെ സാമ്പത്തിക സാമൂഹിക പുരോഗതി മാത്രം ലക്ഷ്യമാക്കിയ അർത്ഥശൂന്യമായ മതപരിവർത്തനം അംഗീകരിച്ചില്ല. "ആശയപരമായ ഉള്ളടക്കമില്ലാതെ ഒരാൾ ക്രൈസ്തവനാകുന്നതിൽ അർത്ഥമില്ല" എന്ന തന്റെ ഉറച്ച നിലപാടിലൂടെ അദ്ദേഹം ഈ കൂറ്റൻ കൂട്ടായ്മയെ മടക്കി അയച്ചു. ഇത് കേരളത്തിലെ മത-സൗഹാർദ്ദ ചരിത്രത്തിൽ തന്നെ അപൂർവമായ ഒരു സംഭവമാണ്.

ഇത്തരത്തിൽ ചില കോണുകളിൽ നിന്ന് ആളുകൾ ആരോപിക്കുന്നത് പോലെ നിർബന്ധിത മതപരിവർത്തനം അല്ല പെന്തിക്കോസ്തിന്റെ ലക്ഷ്യം, മറിച്ച് സമൂഹത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യമാക്കി മത വേർതിരിവുകൾ ഇല്ലാതെ എവരുടെയും സാമൂഹിക- ധാർമിക വളർച്ച ആഗ്രഹിക്കുന്ന നന്മ നിറഞ്ഞ സമൂഹമാണ് പെന്തക്കോസ്ത്. നാടിന്റെ പൊതുമുതലുകൾ നശിപ്പിക്കാതെ, ജനക്ഷേമപരമായ കാര്യങ്ങൾ നിർവഹിക്കുന്ന സർക്കാർ ഓഫീസുകൾ ഉപരോധിക്കാതെ, റോഡുകൾ സ്തംഭിപ്പിക്കാതെ, മദ്യത്തിനും ലഹരിക്കും എതിരെ കേവലം ബോധവൽക്കരണത്തിനപ്പുറം ജീവിതത്തിലൂടെ അത് വേണ്ട എന്ന് കാണിക്കുന്നവരാണ് ബഹുഭൂരിപക്ഷവും (മദ്യം കൊണ്ട് പണ്ടേ തകർന്നുപോകാമായിരുന്ന എത്രയോ കുടുംബ ജീവിതങ്ങൾ, വ്യക്തികൾ ഒരു മദ്യവർജനശാലകളുടെയും സഹായമില്ലാതെ രൂപാന്തരം പ്രാപിച്ച ചരിത്രം പെന്തക്കോസ്തിന് മാത്രം പറയുവാൻ സാധിക്കുന്ന ഒന്നാണ്)

ഇതുപോലുള്ള മനസ്സിന്റെ രൂപാന്തരത്തിലൂടെ വ്യക്തികളിൽ ഉണ്ടാകുന്ന മാനസാന്തരവും നവീകരണവും ആണ് നല്ല മാനവ സമൂഹത്തെ സൃഷ്ടിക്കുന്നത്. പെന്തക്കോസ്ത് സഭകളെ സംബന്ധിച്ചിടത്തോളം, ഇത്തരത്തിലുള്ള മനസ്സിന്റെ രൂപാന്തരം പണം മുടക്കിയാൽ നടക്കുന്ന പ്രക്രിയ അല്ല എന്നത് അതിന്റെ നൂറിലധികം വർഷത്തെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പെന്തക്കോസ്തിന്റെ മുഖ്യ ലക്ഷ്യം അവരിൽ രൂപാന്തരം വരുത്തിയ സുവിശേഷം സന്ദേശം പ്രഘോഷിക്കുക എന്നതാണ്. സുവിശേഷം രക്ഷിക്കപ്പെടുന്നവരെ (രൂപാന്തരപ്പെടുവാൻ ആഗ്രഹിക്കുന്നവർ ) സമൂലമായി മാറ്റുവാൻ ദൈവശക്തിയായി പരിണമിക്കുന്നു എന്നാണ് പൗലോസ് ശ്ലീഹ വ്യക്തമാക്കുന്നത്. പണത്തിലൂടെ ആളുകളെ മതം മാറ്റുന്നു എന്ന് ആരോപിക്കുന്നവർ മനസ്സിലാക്കുക.....

സുവിശേഷ ചരിത്രത്തിൽ ഇന്നയോളം പണത്തിലൂടെ ജീവിതത്തിൽ രൂപാന്തരം പ്രാപിച്ചവർ ആരും തന്നെ ഇല്ല. പണത്തിൽ അല്ല ശക്തി മറിച്ച്, ഒരു വ്യക്തിയെ രൂപാന്തരപ്പെടുത്തുവാൻ ഉതകുന്ന സുവിശേഷത്തിന് ആണ് ശക്തി എന്നതാണ് പെന്തക്കോസ്ത് ആപ്തവാക്യം. അതുകൊണ്ട് സുവിശേഷം ഒരു വ്യക്തിയെ ആകർഷിക്കുന്നതിലൂടെ അവരിൽ വരുത്തുന്ന മാറ്റത്തെ വ്യക്തിപരമായ ഒരു ആത്മീയ അനുഭവം എന്ന നിലയിലാണ് പെന്തക്കോസ്ത് സഭകൾ കാണുന്നത്. ആരെയും ബലാൽക്കാരമായി മതം മാറ്റാൻ താല്പര്യപ്പെട്ടാൽ പോലും പണത്തിലൂടെയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ മറ്റൊരു വ്യക്തിയിൽ മാറ്റം ഉണ്ടാക്കുവാൻ കഴിയുന്നതല്ല എന്നതിലാണ് പെന്തക്കോസ്തിന്റെ അനുഭവ ചരിത്രം നിറഞ്ഞുനിൽക്കുന്നത്. 

കൂടാതെ പുതിയ കാലത്ത് പെന്തക്കോസിന്റെ സാമൂഹ്യ വീഷണത്തിൽ തന്നെ ഒരുപാട് മാറ്റം സംഭവിക്കുന്നുണ്ട്. പല പെന്തക്കോസ്ത് സഭകളും, അതിന്റെ യുവജന സംഘടനകളും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ലഹരിമുക്തി ക്യാമ്പുകൾ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവ വഴി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. ഇത് മതപരിവർത്തനത്തിനായി പണം കൊടുക്കുന്നത് അല്ല, മറിച്ച് ലൗകിക വീക്ഷണത്തിലൂടെ തന്നെ ഉന്നതമായ ജീവിത നിലവാരം ഉയർത്തിക്കൊണ്ട് സമൂഹത്തിലെ തിന്മകളെ തുടച്ചുമാറ്റുവാൻ ഉള്ള അശ്രാന്ത പരിശ്രമം ആണ്. സുവിശേഷം ഉയർത്തുന്ന ആത്മീയതയിലൂടെ സമൂഹത്തിൽ നന്മ വളരും എന്ന ദൗത്യവീക്ഷണത്തിൽ ആണ് പെന്തക്കോസ്ത് സഭകൾ സമൂഹത്തെ ചേർത്ത് പിടിക്കുന്നത്. ഈ വീക്ഷണത്തിൽ പെന്തക്കോസ്തിന്റെ ദൗത്യത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മറ്റ് തെറ്റിദ്ധാരണകൾക്ക് പ്രസക്തി ഉണ്ടാവുകയില്ല.

Advertisement