ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്  ജനറൽ കണ്‍വന്‍ഷൻ ജനു.19 മുതല്‍  

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്  ജനറൽ കണ്‍വന്‍ഷൻ ജനു.19 മുതല്‍  

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 19 മുതല്‍ 25 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 19 ന് തിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന സമ്മേളനത്തില്‍ സ്‌റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ.റെജി  ഉത്ഘാടനം ചെയ്യും, അസിസ്റ്റന്റ് ഓവര്‍സിയര്‍ ഡോ. ഷിബു കെ. മാത്യു അദ്ധ്യക്ഷത വഹിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസന്മാര്‍ രാത്രി പകല്‍ യോഗങ്ങളില്‍ ദൈവവചനം ശുശ്രൂഷിക്കും.' കര്‍ത്താവിന്റെ മടങ്ങി വരവും സഭയുടെ ഒരുക്കവും' എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചിന്താവിഷയം.

തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 5.30 മുതല്‍ 8.45 വരെയാണ് പൊതുയോഗങ്ങള്‍.  ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ സഭാ ശുശ്രൂഷ ചെയ്ത് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന സീനിയര്‍ ശുശ്രൂഷകന്മാരുടെ സമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ പവര്‍ കോണ്‍ഫ്രന്‍സ്, 21 ബുധന്‍ പകല്‍ പവര്‍ കോണ്‍ഫറന്‍സും, 22 വ്യാഴം രാവിലെ 9.30 മുതല്‍ എല്‍.എം. വാര്‍ഷിക സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ മിഷനറി സമ്മേളനവും നടക്കും.

23 വെള്ളി രാവിലെ 9.30 മുതല്‍ ദൈവസഭയുടെ സെമിനാരികളുടെ ബിരുദദാന ശുശ്രൂഷയും, ഉച്ചകഴിഞ്ഞു 2 മുതല്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സംയുക്ത സമ്മേളനവും നടക്കും. 24 ശനി രാവിലെ 8 മുതല്‍ സ്‌നാനശുശ്രൂഷയും, 9.30 മുതല്‍ ഉണര്‍വ്വ് യോഗവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈ.പി.ഇ. & സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനവും ഉണ്ടായിരിക്കും. 25ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കര്‍ത്യമേശയോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമാകും. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ക്വയര്‍ ഗാനങ്ങളാലപിക്കും.

ഭാരത ക്രൈസ്തവ സഭകളുടെ കണ്‍വന്‍ഷനുകളില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം വര്‍ഷം പിന്നിടുന്ന ജനറല്‍ കണ്‍വന്‍ഷനാണ് ചര്‍ച്ച് ഓഫ് ഗോഡിന്റേത്. ഇന്ത്യയിലെ പെന്തെക്കോസ്തു വാര്‍ഷിക കണ്‍വന്‍ഷനുകളുടെ മുത്തശ്ശിയെന്ന് അറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ 1923-ല്‍ പമ്പാ നദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്ക് ആരംഭം കുറിച്ചതാണ്. 1923 മുതല്‍ 1990 വരെ കേരളത്തിലെ വിവിധ ഇടങ്ങളിലാണ് ജനറല്‍ കണ്‍വന്‍ഷന്‍ നടന്നു വന്നിരുന്നത്. 1991 മുതല്‍ സഭയുടെ ജനറല്‍ കണ്‍വന്‍ഷന്‍ എല്ലാ വര്‍ഷവും ജനുവരിയില്‍ തിരുവല്ലായില്‍ സഭയുടെ സ്‌റ്റേഡിയത്തില്‍ നടന്നു വരുന്നു.

Advertisement