നമ്മള്‍ എങ്ങനെ ഇങ്ങനെയായി?

റ്റി.എം. മാത്യു
'ഐപിസി' ഇക്കഴിഞ്ഞ ചില മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പരതുന്നവര്‍ കണ്ടുമുട്ടുന്ന ഒരു പേരാണിത്. എന്താണിതെന്ന ആകാംഷയോടെ അതിലേക്കു കടക്കുന്നവര്‍ക്കു വളരെവേഗം മനസിലാകും ഇത് ഐപിസി എന്ന ക്രൈസ്തവ പ്രസ്ഥാനത്തെക്കുറിച്ചാണ് അല്ലാതെ ഇന്ത്യാ മഹാരാജ്യത്തെ മറ്റേതെങ്കിലും സംഭവത്തെക്കുറിച്ചല്ലായെന്ന്. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ 'മതി'പ്പുളവാക്കുന്ന ഒരു പേര് ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയ്ക്കു ലോകരുടെയിടയില്‍ നേടിക്കൊടുക്കാന്‍ സാധിച്ചതില്‍ ചിലര്‍ക്ക് ചാരിതാര്‍ഥ്യം തോന്നുന്നുണ്ടാവണം.
താന്‍ ഐപിസി വിട്ടതിന്‍റെ കാരണവും അതിന്‍റെ വിശദവിവരങ്ങളും ഒരാള്‍ വിശദീകരിക്കുന്നതു കണ്ടു. അതു മാലോകരെ മുഴുവന്‍ അറിയിച്ചിട്ട് എന്തുനേട്ടം? ഇനിയാരും ഈ പ്രസ്ഥാനത്തില്‍ ചേരരുതെന്നു പറയാനാണെങ്കില്‍ അത് തെറ്റി. അത് വ്യക്തികളുടെ താത്പര്യമല്ലേ? അതോടൊപ്പം ദൈവവിളിയും! അത് മറികടക്കാന്‍ മനുഷ്യനെക്കൊണ്ടു ആകുമോ? അതിനു മറുപടിയെന്നോണം മറ്റുചിലര്‍ പുറത്തുവിടുന്ന വെല്ലുവിളികളും ഭര്‍ത്സനങ്ങളുമാണോ ശരി? അത് അതിനേക്കാള്‍ തെറ്റാണെന്നു മാത്രമല്ല നിലവാരമില്ലത്തതുമാണ്.
പ്രസ്ഥാനത്തില്‍ എന്താണ് നടക്കുന്നതെന്നതിന്‍റെ സചിത്ര വിവരണമാണ് ചിലര്‍ നല്‍കുന്നത്. ഇതു കാണുന്നവര്‍ തങ്ങളുടെ സഭയെക്കുറിച്ചു എന്തു ചിന്തിക്കുമെന്ന വിചാരംപോലും ഇല്ലാതെ അവര്‍ കാട്ടുന്ന ഈ സംഗതി സഭയ്ക്ക് ഗുണം ചെയ്യുമോ എന്ന കാര്യം അവരും ചിന്തിക്കുന്നത് നല്ലതാണ്. ഏതായാലൂം അവയെല്ലാം ഗുണത്തേക്കാളേറെ ദോഷമേ വരുത്തുകയുള്ളു എന്ന അഭിപ്രായമാണ് പലര്‍ക്കും.
കേരളത്തില്‍ പെന്തെക്കോസ്തു മുന്നേറ്റമുണ്ടായിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു. അന്നു പിതാക്കന്മാര്‍ മുറുകെപ്പിടിച്ച ആദര്‍ശങ്ങള്‍ ഇന്നത്തെ തലമുറ മറന്നുപോയെന്നോ അല്ലെങ്കില്‍ അവര്‍ക്കറിയില്ലന്നോ തോന്നുന്നു. പ്രബല ക്രൈസ്തവസമുദായങ്ങളില്‍ നിന്നു വേര്‍പാടുസത്യങ്ങള്‍ മനസിലാക്കി, പരിശുദ്ധാത്മാവിന്‍റെ നിയോഗത്തിനും നായകത്വത്തിനും മുന്‍തൂക്കം നല്‍കിയാണു അന്നവര്‍ വേര്‍പ്പെട്ടിറങ്ങിയത്. ഓരോ പ്രാദേശികസഭയുടെയും സ്വാതന്ത്ര്യത്തിനും സുവിശേഷവേലയുടെ ഭാവി മുന്നില്‍ കണ്ടുള്ള സഹകരണത്തിനുമായിരുന്നു അന്നു പ്രാധാന്യം നല്‍കിയത്. 'വിഗ്രഹങ്ങള്‍ നിറഞ്ഞ പള്ളികള്‍ വിട്ടിറങ്ങിയ നിങ്ങള്‍ക്കിന്നു മനുഷ്യവിഗ്രഹങ്ങള്‍ കൂടിക്കൂടിവരികയല്ലേ' എന്നു പുറത്തുള്ളവര്‍ ചോദിച്ചാല്‍ എന്തു മറുപടി പറയും? പൗലൊസിന്‍റെയും അപ്പല്ലോസിന്‍റെയും കേഫാവിന്‍റെയുമൊക്കെ പക്ഷക്കാര്‍ ആദിമനൂറ്റാണ്ടിലുമുണ്ടായിരുന്നു എന്നു പറഞ്ഞു രക്ഷപ്പെടാന്‍ എന്നും ആകുമോ? ചിലരുടെയൊക്കെ സ്ഥാനമഹിമയ്ക്കുവേണ്ടിയുള്ള പരാക്രമം കണ്ടാല്‍ ആരും മൂക്കത്തു വിരല്‍ വച്ചുപോകും. വിശ്വാസിയുടെ രാജകീയ പൗരോഹിത്യം നാം ഉറക്കെ പറയാറുണ്ടെങ്കിലും ശുശ്രൂഷകന്മാര്‍ പുരോഹിതന്‍റെ സ്ഥാനം കൈയടക്കിയിരിക്കുന്നു; അതും കൈയ്യില്‍ കാശുള്ളവരോ വിദേശ ബന്ധമുള്ളവരോ എങ്കില്‍. ഇങ്ങനെയാണ് സഭ മുന്നോട്ടു പോകുന്നതെങ്കില്‍, വേദപുസ്തകം വിഭാവനം ചെയ്യുന്ന സഭയുടെതന്നേ അര്‍ഥം നാം കളഞ്ഞുകുളിക്കുകയാണെന്നതു മറക്കരുത്.
എങ്ങനെ നമുക്ക് ഇത്രമാത്രം മാറാന്‍ കഴിയുന്നു? ചിന്തിക്കേണ്ട വിഷയമാണത്. ഒന്നുകില്‍ നമുക്ക് ഒന്നുമറിയില്ല, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്നു. ഓരോ വിശ്വാസിയും സ്വയം വിശകനം ചെയ്തു കണ്ടെത്തേണ്ട വസ്തുതയാണത്.
സംഘടിച്ചു ശക്തിയാകാന്‍ ആഹ്വാനംചെയ്തതു ക്രിസ്തുവല്ല. അവിടുന്ന് ശിഷ്യഗണത്തോടു പറഞ്ഞത്, അന്യോന്യം സ്നേഹിച്ചുകൊണ്ട് ലോകത്തിനു മാതൃകയാകാനാണ്. തികഞ്ഞ ഭൗതികോന്മുഖത വെടിഞ്ഞ്, ദൈവാരാജ്യാധിഷ്ഠിതമായ നവമാനവികതയിലൂടെ ലോകത്തു ഒരു പുതിയ സംസ്കാരം സൃഷ്ടിച്ച്, അതിനെ മെച്ചപ്പെടുത്താനാണ് അവിടുന്നു നമ്മെ വിളിച്ചത്. ആ ദൈവശബ്ദത്തിനു കാതോര്‍ത്തു, വരാനുള്ള സുന്ദരലോകത്തെ പ്രതീക്ഷിച്ച് വിശുദ്ധിയോടെ കാത്തിരിക്കേണ്ടവരുടെ സംഘമാണു സഭ. സംഘടനയോ, പേരോ ഏതുമായിക്കൊള്ളട്ടെ, അവയൊന്നും സഭയുടെ അവസാനവാക്കല്ല. അതു ക്രിസ്തു പഠിപ്പിച്ച സഹനത്തിന്‍റെ മാര്‍ഗത്തിനു എതിരായതിനാല്‍ ആത്മീയ സംഘടനയെന്ന പേരിനുപോലും അര്‍ഹമല്ല എന്നു വേദപുസ്തകം വായിക്കുന്നവര്‍ക്കുڔ ബോധ്യമാകും. കഷ്ടതയും ഉപദ്രവവും ദൈവസന്നിധിയില്‍ڔ വിലപ്പെട്ടതായി കരുതണമെന്നാണു ക്രിസ്തു പഠിപ്പിച്ചതെങ്കില്‍ڔ അതില്‍നിന്നുڔ ഒഴിഞ്ഞുമാറാന്‍ڔ പഠിപ്പിക്കാന്‍ڔ നമുക്കെങ്ങനെ സാധിക്കും? ആദിമ വിശുദ്ധിയിലേക്കും സ്നേഹത്തിലേക്കും സഹോദര്യത്തിലേക്കും ദൈവവചനത്തിലേക്കും സഭ മടങ്ങിവരേണ്ടതാണ്.ڔഎന്തിനുവേണ്ടി വേര്‍പ്പെട്ടുڔ എന്നതിനെക്കുറിച്ച് വ്യക്തമായ ബോധ്യമില്ലെങ്കില്‍ڔ വിശ്വാസികള്‍ സ്വന്തം സ്വത്വം നശിപ്പിക്കുന്നവരല്ലേ? ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സാമ്പത്തിക തിരിമറിക്കഥകളും വ്യക്തിഹത്യകളും പെന്തെക്കോസ്തു പ്രസ്ഥാനത്തില്‍ ഒരിക്കലും ഒരിടത്തുനിന്നും കേള്‍ക്കരുതെന്നു ആഗ്രഹിക്കുന്നവരാണ് സാധുക്കളായ വിശ്വാസികള്‍ എല്ലാവരുംതന്നെ.
എന്നാല്‍, വിശ്വാസത്തിനും സത്യത്തിനുംവേണ്ടി ഇറങ്ങിപ്പുറപ്പെട്ട നമ്മുടെ പിതാക്കന്മാര്‍ സഹിച്ച ത്യാഗങ്ങളും കഷ്ടതകളും നാം മറന്നുകളഞ്ഞില്ലേ? പള്ളികളും അവിടത്തെ പദവികളും വേണ്ടെന്നു വെച്ച് വിശ്വാസത്തിനു പുറകെ യാത്രതിരിച്ച അവര്‍ക്കു നേരിടേണ്ടിവന്ന പ്രശ്നങ്ങള്‍ നാം ഓര്‍ക്കാറുണ്ടോ? അവര്‍ പള്ളിഭ്രഷ്ടരാക്കപ്പെട്ടത് എന്തിനുവേണ്ടിയായിരുന്നു? കുടുംബങ്ങളില്‍നിന്നും നിഷ്ക്കാസിതരാക്കപ്പെട്ടതിന്‍റെ കാരണം എന്തായിരുന്നു? അവരെല്ലാം വിശ്വാസത്തിനുവേണ്ടിയും നാഥന്‍റെ കല്പനകളുടെ പൂര്‍ത്തീകരണത്തിനും വേണ്ടിയാണെന്ന വസ്തുത വിസ്മരിച്ച്, അവയൊക്കെ അവരുടെ മഠയത്തരങ്ങള്‍ എന്നു ചിന്തിക്കുന്നവര്‍ ആധുനിക പെന്തെക്കോസ്തിലില്ലേ?
പിതാക്കന്മാര്‍ വിശ്വാസത്തിനുവേണ്ടി സഹിച്ച കഷ്ടതകള്‍ മറന്നുകളയുവാന്‍ ദൈവം അനീതിയുള്ളവനല്ല. അവരുടെ മുന്‍തലമുറയെ അവിടുന്നു അനുഗ്രഹിച്ചു ഉന്നതവിദ്യാഭ്യാസത്തിനു അവസരം നല്‍കി. സമൂഹത്തില്‍ ഉന്നതമായ പദവികള്‍ ലഭിക്കുന്നതിനു വഴിയൊരുക്കി. പട്ടിണിയെന്തെന്നറിയുന്നില്ലെന്നു മാത്രമല്ല, സുഖസമൃദ്ധമായ ജീവിതത്തിനുള്ള പാത തുറന്നുകൊടുത്തു. പക്ഷേ, ഇവയൊക്കെ ദൈവത്തിന്‍റെ ദാനവും നീതിയുമാണെന്നു തിരിച്ചറിയാനാവാതെ പുത്തന്‍ തലമുറയുടെ കണ്ണുകളെ ശത്രു അന്ധകാരം നിറഞ്ഞതാക്കി.
പിതാക്കന്മാര്‍ക്കു എല്ലാം ദൈവമായിരുന്നു. അവര്‍ ജീവിച്ചിരുന്നതും ദൈവത്തിനുവേണ്ടി മാത്രമായിരുന്നു. പക്ഷേ, ഇന്നു ദൈവത്തെ മറന്നു ജീവിക്കുന്നവരല്ലേ അധികം. ദൈവവേലയുടെ പേരില്‍ ചെയ്യുന്നവപോലും സ്വന്തപ്രശസ്തി ലക്ഷ്യമിട്ടുകൊണ്ടല്ലേ? ഇന്നത്തെ വേദികളിലെ മിന്നുന്ന പ്രകടനങ്ങള്‍ ദൈവനാമമഹത്ത്വത്തിനോ അതോ, സ്വന്തം പുകഴ്ചയ്ക്കോ? അതേക്കുറിച്ചു കൂടുതല്‍ എഴുതിയാല്‍ ചിലതൊക്കെ ചിലര്‍ക്കു വ്യക്തിപരമായ അവഹേളനമായി തോന്നിയെങ്കിലോ എന്ന ചിന്തകൊണ്ടാണ് വിട്ടുകളയുന്നത്. ആരെയെങ്കിലും അവഹേളിക്കാനോ കളങ്കിതരാക്കാനോ ഗുഡ്ന്യൂസിന്‍റെ താളുകള്‍ ഉപയോഗിക്കരുതെന്ന പത്രധര്‍മ്മവും വിസ്മരിക്കുന്നില്ല. ദൈവപ്രവൃത്തികളെയും ദൈവത്തെപ്പോലും മറന്നുകൊണ്ടുള്ള പ്രയാണവും നാശത്തിലേക്കാണെന്നു മറക്കാതിരിക്കുന്നതു നല്ലത് എന്നുമാത്രം പറഞ്ഞു അവസാനിപ്പിക്കുന്നു.