ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ കുടുംബ സംഗമം ഒക്ടോ.11 ന്
തിരുവല്ല: ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ സംഘടിപ്പിക്കുന്ന എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കുടുംബ സംഗമം 11ന് (ശനി) 10 ന് പുനലൂർ ബഥേൽ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ.
പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ പ്രസിഡൻ്റ് റവ. പി.ജി.മാത്യൂസ് ഉദ്ഘാടനം ചെയ്യും. മരുപ്പച്ച ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ അധ്യക്ഷത വഹിക്കും. സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ഡോ. കെ.ജെ.മാത്യു മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യ മത്സരത്തിലെ വിജയികളായ ചാക്കോ കെ.തോമസ് ബെംഗളുരു, ഗ്രേസ് സന്ദീപ് വയനാട് എന്നിവർക്ക് അവാർഡുകൾ സമ്മാനിക്കും.
ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നും എഴുത്തുകാരും മാധ്യമ പ്രവർത്തകരും ഗ്രന്ഥകാരമാരും പത്രപ്രതിനിധികളും വിവിധ മാധ്യമങ്ങളുടെ പത്രാധിപന്മാരും പങ്കെടുക്കും. സമകാലിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ച, അനുഭവങ്ങൾ പങ്കുവെയ്ക്കൽ, പുസ്തകങ്ങളുടെ പ്രകാശനം, പ്രമേയ അവതരണം എന്നിവ ഉണ്ടാകുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുളളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.
Advt.














