എഫ്‌സിആർഎ: പുതിയ വ്യവസ്ഥകളും അനുവദിച്ച 105 കാര്യങ്ങളും
എഫ്‌സിആർഎ ചട്ടങ്ങൾ കർശനമാക്കി; വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻജിഒകൾക്ക് മേൽ നിയന്ത്രണം കടുപ്പിച്ചു
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ചട്ടങ്ങൾ കൂടുതൽ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ സന്നദ്ധ സംഘടനകളുടെ വിദേശ ഫണ്ടിംഗിന്മേൽ കൂടുതൽ സുതാര്യതയും കടുത്ത നിരീക്ഷണവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഭേദഗതികൾ നടപ്പിലാക്കിയിരിക്കുന്നത്.
പുതിയ ഭേദഗതി പ്രകാരം വിദേശ സംഭാവന സ്വീകരിക്കുന്നത് എന്തിനാണെന്നും ഏത് ആവശ്യത്തിലേക്കാണെന്നും സംഘടനകൾ കൃത്യമായി സർക്കാരിനെ ബോധ്യപ്പെടുത്തണം. ഏത് ലക്ഷ്യത്തിനാണോ വിദേശ ഫണ്ട് അനുവദിച്ചത്, അതിന് മാത്രമേ ആ തുക വിനിയോഗിക്കാൻ പാടുള്ളൂവെന്നും പുതിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. വിദേശപൗരൻമാർ എൻജിഒയുടെ പ്രധാനസ്ഥാനങ്ങൾ വഹിക്കാൻ പാടില്ല.
വിദേശ പണത്തിന്റെ ദുരുപയോഗം തടയുക, രാജ്യസുരക്ഷ ഉറപ്പാക്കുക, സന്നദ്ധ സംഘടനകളുടെ സാമ്പത്തിക ഇടപാടുകളിൽ കൃത്യത കൊണ്ടുവരിക എന്നിവയാണ് ഈ കർശന നടപടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ചട്ടങ്ങൾ ലംഘിക്കുന്ന സംഘടനകളുടെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പുതിയ വ്യവസ്ഥകളിങ്ങനെ
- എഫ്സിആർഎ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങൾ ഇനി അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ, വെബ്സൈറ്റുകൾ എന്നിവ സർക്കാരിനോട് വെളിപ്പെടുത്തണം. സ്ഥാപനമോ ഭാരവാഹികളോ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള പ്രസിദ്ധീകരണ പ്രവർത്തനം നടത്തിയാൽ അതിന്റെ വിവരങ്ങൾ വാർഷിക റിട്ടേണിൽ അറിയിക്കണം. പുസ്തകം, മാസിക എന്നിവയ്ക്കു പുറമേ പത്രങ്ങളിൽ വരുന്ന ലേഖനങ്ങൾ പോലും ഇത്തരത്തിൽ വെളിപ്പെടുത്തണം. ഉള്ളടക്കത്തിന്റെ ചുരുക്കവും ഉൾപ്പെടുത്തണം.
- അനുവദിച്ച പ്രവർത്തനങ്ങൾക്കല്ലാതെ എഫ്സിആർഎ ഫണ്ട് ഉപയോഗിച്ചാൽ, കുറഞ്ഞത് ഒരു ലക്ഷം രൂപയായിരിക്കും പിഴ. ദുരുപയോഗിക്കപ്പെട്ട തുക ഒരു ലക്ഷത്തിനു മുകളിലെങ്കിൽ 30% വരെ പിഴയായി ഈടാക്കാം. ഭരണപരമായ ചെലവുകൾ പരിധി വിട്ടാലും ലഭിച്ച തുക ഊഹക്കച്ചവടത്തിൽ നിക്ഷേപിച്ചാലും മിനിമം ഒരു ലക്ഷം രൂപ പിഴ നൽകേണ്ടി വരും.
- ഇന്ത്യൻ വംശജരല്ലാത്ത വിദേശ പൗരർ ഭരണസമിതിയിലുള്ള സംഘടനകൾക്ക് സാധാരണ സാഹചര്യങ്ങളിൽ എഫ്‌സിആർഎ റജിസ്ട്രേഷൻ നൽകില്ല. എന്നാൽ, പ്രത്യേക സാഹചര്യങ്ങളിൽ കേന്ദ്രസർക്കാരിന് ഇളവു നൽകാം.
- എഫ്സിആർഎ റജിസ്ട്രേഷൻ പുതുക്കാൻ കഴിഞ്ഞ 2 സാമ്പത്തിക വർഷങ്ങളിൽ കുറഞ്ഞത് 10 ലക്ഷം രൂപ വിദേശ സഹായം ചെലവഴിച്ചിരിക്കണം. പ്രവർത്തനരഹിതമായ സ്ഥാപനങ്ങൾ എഫ്സിആർഎ ലൈസൻസ് കൈവശം വയ്ക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിത്.
- ഒറ്റത്തവണ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള മുൻകൂർ അനുമതി നൽകുന്നതിനും ഉപാധികൾ കടുപ്പിച്ചു. ആദ്യ ഗഡു സംഭാവനയുടെ 75 ശതമാനവും ഉപയോഗിച്ചുവെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടാൽ മാത്രമേ തുടർ ഗഡുക്കൾ നൽകൂ.
- ആദ്യം സർക്കാരിനെ അറിയിച്ച പ്രവർത്തനമേഖലയിലോ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലോ പിന്നീടു മാറ്റമുണ്ടായാൽ പ്രത്യേക അപേക്ഷ നൽകണം. ഇതിന് അംഗീകാരം നൽകിക്കൊണ്ട് ഗവേണിങ് ബോർഡിന്റെ പ്രമേയവും അപേക്ഷയ്ക്കൊപ്പം നൽകണം. സർക്കാരിന് അപേക്ഷ തള്ളാനും അധികാരമുണ്ടാകും.
എഫ്.സി.ആർ.എ: മതപരിവർത്തനം ആരോപിച്ച് ലൈസൻസ് റദ്ദാക്കാം, ചട്ട ഭേദഗതിയിൽ കടുത്ത നിർദേശങ്ങൾ; അനുവദിച്ച 105 കാര്യങ്ങൾ അറിയാം
എഫ്.സി.ആർ.എ ഉപയോഗിക്കാൻ അനുവദിക്കുന്ന കാര്യങ്ങൾ:
മതപരമായ പ്രവർത്തനങ്ങൾ (16 പ്രവർത്തനങ്ങൾ)
- ക്ഷേത്രങ്ങൾ, മോസ്കുകൾ, പള്ളികൾ, ഗുരുദ്വാരകൾ തുടങ്ങിയ ആരാധനാലയങ്ങളുടെ നിർമ്മാണം.
- വിശുദ്ധ ലിഖിതങ്ങളുടെ സംരക്ഷണം, അച്ചടി, പരിഭാഷ, ഡിജിറ്റൈസേഷൻ.
- മതപരമായ തത്വശാസ്ത്രം, ആശയങ്ങൾ, മതചരിത്രം എന്നിവയുടെ പഠനവും സംരക്ഷണവും.
- തീർത്ഥാടന കേന്ദ്രങ്ങളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ.
- ധർമ്മശാലകൾ, ലങ്കറുകൾ, അന്നദാനം, കമ്മ്യൂണിറ്റി കിച്ചണുകൾ എന്നിവയുടെ സ്ഥാപനം.
- മതവിദ്യാഭ്യാസ പരിപാടികൾ, ധാർമ്മിക ഉപദേശങ്ങൾ, സത്സംഗങ്ങൾ, പ്രഭാഷണങ്ങൾ, ധ്യാനം എന്നിവ സംഘടിപ്പിക്കൽ.
- ഭക്തിസംഗീതം, മന്ത്രോച്ചാരണം എന്നിവയുടെ പ്രോത്സാഹനം.
- തദ്ദേശീയ-ആദിവാസി വിഭാഗങ്ങളുടെ വിശ്വാസാനുഷ്ഠാനങ്ങളുടെ സംരക്ഷണം.
- മതപരമായ പൈതൃക കേന്ദ്രങ്ങളുടെയും സ്മാരകങ്ങളുടെയും സംരക്ഷണം.
- വിശ്വാസ സമൂഹങ്ങളുടെ പാരമ്പര്യ രീതികൾ, ഉത്സവങ്ങൾ, വാമൊഴി പാരമ്പര്യങ്ങൾ എന്നിവയുടെ സംരക്ഷണവും ഡിജിറ്റൈസേഷനും.
- മതസൗഹാർദ സംഭാഷണങ്ങളും സമാധാനം ഉറപ്പാക്കാനുള്ള പരിപാടികളും.
- മതപരമായ പ്രസിദ്ധീകരണങ്ങൾ, പത്രമാസികകൾ, ഗവേഷണം എന്നിവ.
- മതപരമായ പുസ്തകശേഖരം, മ്യൂസിയം, ആർക്കൈവുകൾ എന്നിവ ഒരുക്കൽ.
- വിശ്വാസത്തിലധിഷ്ഠിതമായ കൗൺസലിങ്, ലഹരിവിമുക്ത കേന്ദ്രങ്ങൾ.
- പരമ്പരാഗതവും വിശുദ്ധവുമായ കരകൗശല കലകളിലെ പരിശീലനം (ഉദാ: പ്രതിമാ നിർമാണം).
- മൃതദേഹ സംസ്കാരത്തിനുള്ള സ്ഥലങ്ങൾ വികസിപ്പിക്കൽ.
സാംസ്കാരിക പ്രവർത്തനങ്ങൾ (18 പ്രവർത്തനങ്ങൾ)
- പുരാവസ്തു പര്യവേഷണം, സ്മാരകങ്ങളുടെയും പൈതൃക കേന്ദ്രങ്ങളുടെയും പുനരുദ്ധാരണം.
- മ്യൂസിയങ്ങൾ, ആർക്കൈവുകൾ, ലൈബ്രറികൾ എന്നിവയുടെ സ്ഥാപനവും പരിപാലനവും.
- നാടൻ കലകൾ, നാടോടി നൃത്തങ്ങൾ, പാവക്കൂത്ത് തുടങ്ങിയവയുടെ സംരക്ഷണം.
- ശാസ്ത്രീയ കലാരൂപങ്ങൾക്ക് (ഭരതനാട്യം, കഥക്, സംഗീതം തുടങ്ങിയവ) പിന്തുണ നൽകൽ.
- രാഷ്ട്രീയേതരമായ സമകാലിക കലകൾ, സിനിമ, ഡിസൈൻ എന്നിവയുടെ പ്രോത്സാഹനം.
- കരകൗശല തൊഴിലാളികൾക്കുള്ള പരിശീലനവും ശേഷി വികസനവും.
- മതപരമല്ലാത്ത താളിയോല ഗ്രന്ഥങ്ങളുടെയും അപൂർവ സാംസ്കാരിക വസ്തുക്കളുടെയും സംരക്ഷണം.
- പ്രാദേശിക ഭാഷകൾ, ലിപികൾ എന്നിവയുടെ സംരക്ഷണവും വിവർത്തന പദ്ധതികളും.
- സാഹിത്യ അക്കാദമികൾ സ്ഥാപിക്കൽ, എഴുത്തുകാർക്കുള്ള പിന്തുണ, പുസ്തകമേളകൾ.
- ഗോത്രവർഗ്ഗ പൈതൃക സംരക്ഷണം (മതപരമായ ചടങ്ങുകൾ ഒഴിവാക്കി).
- ദേശീയ-അന്തർദേശീയ സാംസ്കാരിക ഉത്സവങ്ങൾ സംഘടിപ്പിക്കൽ.
- കരകൗശല ഗ്രാമങ്ങൾ, പൈതൃക പര്യടന പാതകൾ എന്നിവ വികസിപ്പിക്കൽ.
- പരമ്പരാഗത പാചകരീതികൾ, തനത് കായിക വിനോദങ്ങൾ എന്നിവയുടെ സംരക്ഷണം.
- സാംസ്കാരിക നരവംശശാസ്ത്രം, നാടോടി പഠനങ്ങൾ എന്നിവയിലെ ഗവേഷണം.
- സിനിമ, റേഡിയോ, നാടകം എന്നിവയുടെ ഡിജിറ്റൈസേഷൻ.
- പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളുടെ (ഉദാ: ആയുർവേദം) രേഖപ്പെടുത്തൽ.
- ശാസ്ത്രീയവും വിജ്ഞാനപരവുമായ പൈതൃകത്തിന്റെ (ജ്യോതിശാസ്ത്രം, ഗണിതം തുടങ്ങിയവ) സംരക്ഷണം.
- ആധുനിക ചരിത്ര പ്രസ്ഥാനങ്ങളുടെയും വാമൊഴി ചരിത്രങ്ങളുടെയും ആർക്കൈവ് ശേഖരണം.
സാമ്പത്തിക പ്രവർത്തനങ്ങൾ (19 പ്രവർത്തനങ്ങൾ)
- കാർഷിക വികസനം, കർഷക പരിശീലനം, ജൈവകൃഷി പ്രോത്സാഹനം.
- അനുബന്ധ കാർഷിക പ്രവർത്തനങ്ങൾ (ക്ഷീരകൃഷി, മൃഗസംരക്ഷണം, തേനീച്ച വളർത്തൽ തുടങ്ങിയവ).
- കർഷക ഉൽപ്പാദക സംഘടനകളുടെയും സഹകരണ സംഘങ്ങളുടെയും രൂപീകരണം.
- മൈക്രോഫിനാൻസ്, സ്വയംസഹായ സംഘങ്ങൾ എന്നിവയുടെ നടത്തിപ്പ്.
- തൊഴിലധിഷ്ഠിത ഹ്രസ്വകാല നൈപുണ്യ പരിശീലനങ്ങൾ.
- ഗ്രാമീണ-കുടിൽ വ്യവസായങ്ങളുടെ (നെയ്ത്ത്, മൺപാത്ര നിർമ്മാണം തുടങ്ങിയവ) പ്രോത്സാഹനം.
- ലാഭേച്ഛയില്ലാത്ത സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ.
- വനിതാ സംരംഭകത്വ പ്രോത്സാഹനം.
- യുവജനങ്ങൾക്കായി ഇൻകുബേഷൻ സെന്ററുകളും ഡിജിറ്റൽ നൈപുണ്യ പരിശീലനങ്ങളും.
- ഗ്രാമീണ ചന്തകൾ, ശീതീകരണ സംഭരണശാലകൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനം.
- ഫെയർ ട്രേഡ്, പരിസ്ഥിതി സൗഹൃദ വിതരണ ശൃംഖലകൾ.
- സുസ്ഥിരവും സമൂഹ്യാധിഷ്ഠിതവുമായ വിനോദസഞ്ചാര മാതൃകകൾ.
- മത്സ്യത്തൊഴിലാളികൾക്കുള്ള ഉപജീവന പരിശീലനങ്ങൾ.
- കാർബൺ രഹിത സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ.
- തൊഴിൽ വിനിമയ കേന്ദ്രങ്ങളും വിപണി ബന്ധങ്ങളും തയ്യാറാക്കുക.
- ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കൽ.
- ഡിജിറ്റൽ-സാമ്പത്തിക സാക്ഷരതാ പരിപാടികൾ.
- കുടിയേറ്റ തൊഴിലാളികൾക്കും ദുർബല വിഭാഗങ്ങൾക്കും ഉപജീവന സഹായം.
- സൗരോർജം, ബയോഗ്യാസ് തുടങ്ങിയ നവീന ഊർജ്ജ സംരംഭങ്ങൾ.
വിദ്യാഭ്യാസ പ്രവർത്തനങ്ങൾ (22 പ്രവർത്തനങ്ങൾ)
- സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, ഹോസ്റ്റലുകൾ, ലൈബ്രറികൾ എന്നിവയുടെ നടത്തിപ്പ്.
- പിന്നാക്ക വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകളും സാമ്പത്തിക സഹായങ്ങളും.
- സാക്ഷരതാ പദ്ധതികൾ, തൊഴിലാളികൾക്കുള്ള രാത്രി വിദ്യാലയങ്ങൾ.
- ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സമഗ്ര വിദ്യാഭ്യാസം.
- അധ്യാപക പരിശീലന സ്ഥാപനങ്ങൾ.
- അംഗീകൃത സാങ്കേതിക-വ്യാവസായിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ്.
- ഗവേഷണ സ്ഥാപനങ്ങൾ, നയപഠന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കൽ.
- ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ, സ്മാർട്ട് ക്ലാസ് മുറികൾ.
- പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക പദ്ധതികൾ.
- കുടിയേറ്റ-ഗോത്ര വിഭാഗങ്ങളിലെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ പദ്ധതികൾ.
- ബ്രിഡ്ജ് കോഴ്സുകൾ, പഠനം ഉപേക്ഷിച്ചവരെ തിരികെ എത്തിക്കാനുള്ള പദ്ധതികൾ.
- പരിസ്ഥിതി വിദ്യാഭ്യാസം.
- STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിങ്, ഗണിതം) വിദ്യാഭ്യാസ പദ്ധതികൾ.
- കായിക വിദ്യാഭ്യാസ-പരിശീലന അക്കാദമികൾ.
- ഭാഷാ പഠനവും വിവർത്തന പഠനവും.
- കരിയർ കൗൺസലിങ് കേന്ദ്രങ്ങൾ.
- മികവുറ്റ വിദ്യാർത്ഥികൾക്ക് വിദേശത്ത് ഉന്നത പഠനത്തിനുള്ള ഫെലോഷിപ്പുകൾ.
- മൂല്യാധിഷ്ഠിതവും ധാർമികവുമായ വിദ്യാഭ്യാസം.
- ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചുള്ള രാഷ്ട്രീയേതര ബോധവൽക്കരണം.
- ദുരന്തനിവാരണ സന്നദ്ധതാ വിദ്യാഭ്യാസം.
- ഗ്രാമീണ ഇ-ലേണിങ് കേന്ദ്രങ്ങൾ.
- യുവജന നേതൃത്വ വികസന പരിപാടികൾ.
സാമൂഹിക പ്രവർത്തനങ്ങൾ (30 പ്രവർത്തനങ്ങൾ)
- ആശുപത്രികൾ, മൊബൈൽ ഹെൽത്ത് ക്ലിനിക്കുകൾ, ആംബുലൻസ് സേവനങ്ങൾ.
- പ്രതിരോധ ആരോഗ്യ പരിപാലനം (കുത്തിവെപ്പ് ക്യാമ്പുകൾ തുടങ്ങിയവ).
- മാതൃ-ശിശു ആരോഗ്യ പരിപാലനവും പോഷകാഹാര പദ്ധതികളും.
- ഭക്ഷ്യസുരക്ഷാ പദ്ധതികൾ (ഉച്ചഭക്ഷണം, ധാന്യ ബാങ്കുകൾ തുടങ്ങിയവ).
- കുടിവെള്ള വിതരണ പദ്ധതികൾ.
- ശുചിത്വ ബോധവൽക്കരണവും ആർത്തവ ആരോഗ്യ സംരംഭങ്ങളും.
- അനാഥാലയങ്ങളും ശിശു സംരക്ഷണ കേന്ദ്രങ്ങളും.
- വൃദ്ധസദനങ്ങളും വയോജന ക്ലിനിക്കുകളും.
- ഭിന്നശേഷിക്കാരുടെ പരിപാലനവും പുനരധിവാസവും.
- ലഹരിവിമുക്ത കേന്ദ്രങ്ങൾ.
- മാനസികാരോഗ്യ കൗൺസലിങ്, ആത്മഹത്യാ പ്രതിരോധ ഹെൽപ്പ് ലൈനുകൾ.
- വനിതാ സുരക്ഷ, അഭയകേന്ദ്രങ്ങൾ, നിയമസഹായം.
- മനുഷ്യക്കടത്ത് വിരുദ്ധ പരിപാടികൾ.
- ഭവനരഹിതർക്കുള്ള അഭയകേന്ദ്രങ്ങൾ, രാത്രി താമസ കേന്ദ്രങ്ങൾ.
- നിയമസഹായ ക്ലിനിക്കുകൾ.
- ദുരന്ത നിവാരണവും ദുരിതാശ്വാസ പ്രവർത്തനങ്ങളും.
- ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ (റോഡ്, ലൈറ്റിങ് തുടങ്ങിയവ).
- പരിസ്ഥിതി സംരക്ഷണം (വനവൽക്കരണം, ജൈവവൈവിധ്യ പാർക്കുകൾ).
- മഴവെള്ള സംഭരണവും ജലസ്രോതസ്സ് പരിപാലനവും.
- മാലിന്യ സംസ്കരണ പദ്ധതികൾ.
- റോഡ് സുരക്ഷാ ബോധവൽക്കരണവും ട്രോമ കെയർ കേന്ദ്രങ്ങളും.
- കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷനുകൾ, ബോധവൽക്കരണ പ്ലാറ്റ്‌ഫോമുകൾ.
- ജയിൽ മോചിതരുടെ പുനരധിവാസം.
- ഗാർഹിക-സ്ത്രീധന പീഡന ഇരകൾക്കുള്ള സഹായം.
- പിന്നാക്ക വിഭാഗങ്ങൾക്കായുള്ള കായിക-വിനോദ സൗകര്യങ്ങൾ.
- മൃഗസംരക്ഷണവും രക്ഷാപ്രവർത്തനവും.
- പൊതുജനാരോഗ്യ ഗവേഷണം.
- പാലിയേറ്റീവ് കെയർ സേവനങ്ങൾ.
- ബ്ലഡ് ബാങ്ക്, നേത്ര ബാങ്ക്, അവയവദാന ബോധവൽക്കരണം.
- ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളും മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും.
Advertisement

















































