ഗാന്ധിജിയും ഞാനും പ്രസംഗവും
റവ. ജോർജ് മാത്യു പുതുപ്പള്ളി
ഗാന്ധിജിയുടെ അടുക്കൽ തന്റെ ചെറിയ മകനെയുംകൂട്ടി ഒരു അമ്മ ചെന്നു. മകനെ ഒരു ദു:ശീലത്തിൽനിന്നു മോചിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. മകൻ ഇടക്കിടെ ആരും കാണാതെ ശർക്കര കട്ടുതിന്നുന്നു, ഇപ്പോൾ ഗ്രഹണിയുടെ ശല്യവുമുണ്ട്. ഗാന്ധിജി അവർ പറഞ്ഞത് ശ്രദ്ധയോടെ കേട്ടിട്ട് 'നാളെ മകനെയുംകൂട്ടി വരാൻ' അവരോട് പറഞ്ഞു. പിറ്റെ ദിവസം അവർ മകനെയുംകൂട്ടി വന്നു.
ഗാന്ധിജി അവനോട് 'ഇനി മുതൽ ശർക്കര കട്ടുതിന്നരുതെന്നു' കുട്ടിയെ ഉപദേശിച്ചു. കുട്ടി ഗാന്ധിജി പറഞ്ഞത് പൂർണസന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു.
മടങ്ങാൻനേരം കുട്ടിയുടെ അമ്മ ഗാന്ധിജിയോടു ചോദിച്ചു : 'മഹാത്മാവേ, ഇന്നലെ ഞങ്ങൾ ഇവിടെ വന്നപ്പോൾ ഈ വിവരം അങ്ങ് അവനോടു പറഞ്ഞിരുന്നെങ്കിൽ ഇന്നത്തെ യാത്ര ഞങ്ങൾക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നല്ലോ? പിന്നെ എന്താണ് ഞങ്ങൾ ഇന്നു വീണ്ടും വരാൻ പറഞ്ഞത് ?'
ഗാന്ധിജി ചിരിച്ചുകൊണ്ട് അവരോടു പറഞ്ഞു : 'ഇന്നലെ വരെ വല്ലപ്പോഴും എന്റെ ഭാര്യ കസ്തൂർബ കാണാതെ ശർക്കര തിന്നുന്ന സ്വഭാവം എനിക്കുമുണ്ടായിരുന്നു. അപ്പോൾ എനിക്ക് എങ്ങനെയാണ് നിങ്ങളുടെ കുട്ടിയെ ഉപദേശിക്കുവാൻ കഴിയുക ? ഇന്നലെ ഞാൻ ആ സ്വഭാവം ഉപേക്ഷിച്ചു. ഇനി എനിക്ക് ധൈര്യമായി നിങ്ങളുടെ കുട്ടിയെ ഉപദേശിക്കാം. അതുകൊണ്ടാണ് നിങ്ങൾ മകനെയുംകൂട്ടി ഇന്നു വരാൻ പറഞ്ഞത്.'
യേശുവിനെ യഥാർത്ഥമായി അനുഗമിക്കുന്നവർ യേശുവിനെ പ്രദർശിപ്പിക്കുന്ന പത്രങ്ങൾ ആയിരിക്കണമെന്ന് തന്റെ ലേഖനത്തിൽ സെന്റ് പോൾ എഴുതി. ദൈവമക്കളുടെ വാക്കുകളിലൂടെയല്ല ജീവിതത്തിലൂടെയായിരിക്കണം ലോകം യേശുവിനെ കാണേണ്ടത്. ഇന്ന് അപ്രകാരം പറയുവാനുള്ള പ്രാഗത്ഭ്യം ക്രിസ്തീയസഭകൾക്കും വിശ്വാസികൾക്കും ഉണ്ടോ എന്ന കാര്യം നാം സ്വയം വിലയിരുത്തേണ്ടത് ആവശ്യമാണ്. പ്രാഗത്ഭ്യമില്ലെങ്കിൽ ഒരു മടങ്ങിവരവ് അനിവാര്യമാണ്.
എന്റെ പ്രസംഗമാണ് എന്റെ ജീവിതം, എന്റെ ജീവിതമാണ് എന്റെ പ്രസംഗം' എന്നു പറയുവാൻ സെന്റ് പോളിനെപ്പോലുള്ള വിശുദ്ധർക്ക് പ്രാഗത്ഭ്യമുണ്ടായിരുന്നു. യേശുവിന്റെ ശിഷ്യന്മാർക്കും അപ്പൊസ്തലന്മാർക്കും അർഹതയുണ്ടായിരുന്നു. 'ഞാൻ വിശുദ്ധൻ ആയിരിക്കുന്നതുപോലെ നിങ്ങളും വിശുദ്ധരായിരിപ്പിൻ' എന്ന് എഴുതുവാൻ അവർക്ക് തന്റേടമുണ്ടായിരുന്നു. ഇന്നു ലോകം നോക്കുന്നത് നാം എന്തു പ്രസംഗിക്കുന്നു എന്നല്ല നമ്മുടെ ജീവിതം എങ്ങനെയാണ് എന്നാണ്. ഓരോ ദിവസവും യേശുവിന്റെ സ്വഭാവം നമ്മുടെ ജീവിതത്തിൽ കൂടുതൽ പകർത്തുവാൻ നമുക്കു കഴിയുന്നില്ലെങ്കിൽ നമ്മുടെ ക്രിസ്തീയജീവിതം കൊണ്ട് വലിയ പ്രയോജനമില്ല.
'എന്റെ ജീവിതമാണ് എന്റെ പ്രസംഗം, എന്റെ പ്രസംഗമാണ് എന്റെ ജീവിതം' എന്നു പറയുവാനുള്ള യോഗ്യത എല്ലാ സുവിശേഷകരും എല്ലാ വിശ്വാസികളും കരഗതമാക്കുമ്പോൾ നാം പറയാതെതന്നെ ലോകം യേശുവിലേക്ക് ആനയിക്കപ്പെടും. സാധു സുന്ദർസിംഗ് ലണ്ടൻ നഗരത്തിലൂടെ നടന്നുപോകുന്നതു കണ്ട ഒരു കൊച്ചുപെൺകുട്ടി അവളുടെ അമ്മയോട് വിളിച്ചു പറഞ്ഞു : മമ്മീ, യേശു നമ്മുടെ വീടിനു മുമ്പിലൂടെ നടന്നു പോകുന്നു.' ഗാന്ധിജി എഴുതി : ക്രിസ്തുവിനെപ്പോലെ ജീവിക്കുന്ന രണ്ടേ രണ്ടു ക്രിസ്ത്യാനികൾ എന്റെ അറിവിൽ സാധു സുന്ദർസിംഗും, ദീനബധു റവ. സി എഫ് ആൻഡ്റൂസുമാണ്.' ഓരോ ദൈവമക്കളെ ക്കുറിച്ചും ലോകം ഇങ്ങനെ പറയട്ടെ.
ചിന്തക്ക് : 'ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നെ പ്രശംസിപ്പാൻ തുടങ്ങുന്നുവോ ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്കു ശുപാർശക്കത്ത് കാണിപ്പാനാകട്ടെ നിങ്ങളോട് അത് വാങ്ങുവാനാകട്ടെ ഞങ്ങൾക്ക് ആവശ്യമോ ? ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ. ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷി കൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മവിനാൽ അത്രേ, കൽപലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നത്. ഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോട് ക്രിസ്തുവിനാൽ ഉണ്ട്' (2 കൊരിന്ത്യർ 3 : 1...4).




