മസ്കറ്റ് ഒമാൻ പെന്തക്കോസ്തൽ അസംബ്ലി സഭാഹാളിന് തറക്കല്ലിട്ടു
മസ്കറ്റ്: മധ്യപൂർവ ദേശത്തെ വലിയയൊരു കേരള പെന്തക്കോസ്ത് കൂട്ടായ്മയായ പെന്തക്കോസ്തൽ അസംബ്ലി മസ്കറ്റ് (OPA) സഭാ മന്ദിരത്തിന്റെ ശില സ്ഥാപനം നടന്നു. ഒമാൻ ഗവൺമെന്റ് അനുവദിച്ച സ്ഥലത്താണ് പുതിയ സഭാ ഹാൾ പണിയുന്നത്. പെന്തക്കോസ്ത് അസംബ്ലി മസ്കറ്റ് പ്രസിഡന്റും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ രാജൻ ജോർജ് തറക്കല്ലിടൽ നിർവഹിച്ചു.
മുഖ്യാതിഥികളായ ഡോ. മര്യാദോസ് പോൾ, ഡോ. രഞ്ജി മാത്യു, പ്രൊജക്റ്റ് ഡയറക്ടർ ജോർജ് കെ. സാമുവേൽ എന്നിവർ ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു.
ട്രഷറർ വി.വി. വിൽസൺ, സഹോദര സഭകളുടെ പ്രതിനിധിയായി പാസ്റ്റർ ചെറി സക്കറിയ, സ്റ്റിയറിങ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് പി.എസ്. അലക്സാണ്ടർ, ബിൽഡിംഗ് കൺസൾട്ടൻസിയെ പ്രതിനിധീകരിച്ച് എൻജിനീയർ പ്രവീൺ കലാൽ, വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് അജു പണിക്കർ, ജീസൺ ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു.
പാസ്റ്റർ വി.വി. ചന്ദ്രബോസിന്റെ പ്രാർത്ഥന നയിച്ചു. സഭാ സെക്രട്ടറി സാം ജോൺസൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി മോൻസി മാമ്മൻ കൃതജ്ഞതയും പറഞ്ഞു.
പെന്തക്കോസ്തൽ അസ്സംബ്ലി മസ്കറ്റ്, ഒമാനിൽ 52 വർഷം പിന്നിടുമ്പോഴാണ് ഈ പുതിയ കാൽവയ്‌പ്പ്. മസ്‌കറ്റിലെ സഭയ്ക്ക് പുറമെ ഒമാനിലെ 12 സ്ഥലങ്ങളിലായി ബ്രാഞ്ച് സഭകളുമുണ്ട്.
മൂന്ന് നിലകളിലായി രണ്ടായിരത്തിലധികം സ്ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന പുതിയ സഭാ മന്ദിരത്തിൽ 700 ലധികം പേർക്ക് ഇരിക്കാവുന്ന പ്രധാന ഹാളും 200 ലധികം പേർക്ക് ഇരിക്കാവുന്ന അനക്സ് ഹാളും ക്ലാസ് മുറികളും ഓഫീസ് സൗകര്യവും പാഴ്സനേജുമാണ് വിഭാവനം ചെയ്തിട്ടുള്ളത്.
Advertisement






































































































