ഇനി കൺവൻഷൻ സീസൺ: പ്രതീക്ഷ പ്രഭാഷകരിൽ!
അനീഷ് കൊല്ലംകോട്
കാലം മാറി. ഇന്നത്തെ കേള്‍വിക്കാര്‍ വിദ്യാഭ്യാസമുള്ളവര്‍ മാത്രമല്ല, അത്യാവശ്യം വചനബോധ്യമുള്ളവരുമാണ്. അവരുടെ നിലവാരത്തിലേക്ക് പ്രഭാഷകര്‍ ഉയരണം. ലളിത ഭാഷയും പുത്തന്‍ ആശയങ്ങളും പുതിയ കണ്ടെത്തലുകളും ആത്മീയദൂതുകളും കൊണ്ട് സമ്പുഷ്ടമാകണം. ശ്രോതാക്കളുടെ സമയം വിലപ്പെട്ടതാണ്. ഓരോ മിനിറ്റും അര്‍ഥപൂര്‍ണ്ണമായി ഉപയോഗിക്കണം. പരിശുദ്ധാത്മാവിന്‍റെ പേരും പറഞ്ഞ് ജനത്തെ കബളിപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുത്. ഉപദേശ അടിത്തറ വിട്ട് പ്രസംഗങ്ങള്‍ കാടു കയറരുത്. 100 പേര്‍ ആണെങ്കില്‍പോലും അവരിലെ മാന്‍ പവര്‍ വാല്യു മനസ്സിലാക്കിയെങ്കിലും പ്രസംഗത്തിന്‍റെ നിലവാരം പരമാവധി ഉയര്‍ത്തണം.
അര്‍ഥമറിയാതെ എന്തു കേട്ടാലും കയ്യടിക്കുന്ന ആവറേജില്‍ താഴെയുള്ള വിശ്വാസികള്‍ക്കും മുകളില്‍ ഗഹനമായ ആത്മീയചിന്തകള്‍ കേള്‍ക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്ന ആയിരങ്ങളുണ്ട് പുതുതലമുറയില്‍. ബഹുഭൂരിപക്ഷം വരുന്ന പ്രസ്തുത സമൂഹത്തെ അവഗണിച്ചു കൊണ്ടാകരുത് പ്രസംഗങ്ങള്‍.
വൈകാരിക പ്രതികരണവും ഭൗതിക ചിന്തകളുമൊക്കെ ആവശ്യമാണ്, എങ്കില്‍പ്പോലും മനുഷ്യന്‍റെ വൈകാരിക തലങ്ങളെ പരിധിവിട്ട് ഉത്തേജിപ്പിച്ചും ഭൗതീക വിഷയങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചും നടത്തി വരുന്ന പ്രസംഗ രീതികള്‍ മാറണം.
കാലം മാറി. ഭൗതീക കാര്യങ്ങള്‍ നന്നായി നോക്കാന്‍ വിശ്വാസികള്‍ക്ക് അറിയാം. ആത്മീയചിന്തകളാകണം ക്രിസ്തീയ പ്രസംഗങ്ങളെ വ്യത്യസ്തമാക്കേണ്ടത്. വിശ്വാസ സമൂഹത്തിനു വേണ്ടത് ആത്മീയരായി ജീവിക്കാന്‍ ഉത്തേജനം ലഭിക്കുന്ന സന്ദേശങ്ങളാണ്. ഭൗതിക വിഷയങ്ങളൊക്കെ അവര്‍ നോക്കിക്കൊള്ളും. അതിനുള്ള അറിവും അനുഭവവുമൊക്കെ പ്രസംഗകരേക്കാള്‍ വിശ്വാസസമൂഹത്തിനുണ്ട്.
സഭയ്ക്കു പുറത്തുള്ള മനുഷ്യര്‍ നിസാരമായി കൈകാര്യം ചെയ്യുന്ന വിഷയങ്ങളെപോലും ഊതി വീര്‍പ്പിച്ച് പക്വതയില്ലാത്ത വിശ്വാസികളെ കോമാളികള്‍ ആക്കുന്ന അടവുനയങ്ങള്‍ മാറ്റി നന്നായി വചനം വിഭജിക്കണം. സന്ദേശങ്ങള്‍ ആത്മീയമാകണം. അതിന്‍റെ രീതി മനസ്സിലാക്കണമെങ്കില്‍ ഇതര മതവിഭാഗങ്ങളിലെ ആചാര്യന്മാരുടെ പ്രഭാഷണങ്ങള്‍ കേട്ടാലും മതിയാകും. അതിഭൗതിക ചിന്തകള്‍ കൂടാതെ അവരവരുടെ മതചിന്തകളെ അവതരിപ്പിക്കുന്ന രീതി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
സഭാവിശ്വാസികള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് തിരുവചനമാണ്, അതിന്‍റെ ലളിത വ്യാഖ്യാനമാണ്, പുത്തന്‍ചിന്തകളും സന്ദേശങ്ങളും കണ്ടെത്തലുകളുമാണ്. സമര്‍പ്പണത്തിലേയ്ക്കും ആത്മീയ ഉണര്‍വിലേയ്ക്കും വചനത്തിനു വേണ്ടിയുള്ള ദാഹത്തിലേയ്ക്കും നയിക്കുന്ന സന്ദേശങ്ങള്‍ ഈ വരുന്ന കണ്‍വന്‍ഷന്‍ സീസണില്‍ എവിടെയും മുഴങ്ങി കേള്‍ക്കട്ടെ.
നല്ല പ്രസംഗം കേള്‍ക്കാന്‍ മാരാമണ്ണില്‍ പോകണമെന്ന് പെന്തെക്കോസ്തുകാരും പറഞ്ഞു തുടങ്ങിയത് ശുഭസൂചകമല്ല. നല്ല പ്രസംഗകര്‍ ഇല്ലാത്തതല്ല പല സഭകളുടെയും പ്രശ്നം, അവരെ ഉപയോഗിക്കാത്തതാണ്. ഇപ്പോള്‍ എല്ലായിടങ്ങളിലും പ്രസംഗവും സംഗീതവുമൊക്കെ കേവലം പെര്‍ഫോമെന്‍സിനുള്ള അവസരങ്ങള്‍ മാത്രമായി മാറുകയാണ്. വചനം പ്രസംഗിക്കുക എന്നത് ഒരു സുപ്രധാന ശുശ്രൂഷയാണ്. അതിനെ അതിന്‍റെ നിലവാരത്തില്‍ കാണണം. വചന വെളിപ്പാടുള്ളവര്‍ക്ക് വചന ശുശ്രുഷയ്ക്ക് അവസരം നല്‍കണം.
കേവലം നൂറുപേര്‍ ഒരു മണിക്കൂര്‍ അവരുടെ സമയം പ്രസംഗകനു മുന്നില്‍ ചിലവിടുമ്പോള്‍ മാന്‍ പവര്‍ വാല്യൂ ഉള്‍ക്കൊണ്ട് വിലയിരുത്തിയാല്‍ പോലും ഏറ്റവും കുറഞ്ഞത് 10,000 രൂപയുടെ മൂല്യമുണ്ട് അവരുടെ ഒരു മണിക്കൂര്‍ സമയത്തിന്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വരവോടു കൂടി പ്രസംഗത്തിന് ഉള്ളടക്കവും രൂപവും ക്രമവും ഉണ്ടാക്കുന്നതെല്ലാം ഇന്നിപ്പോള്‍ എളുപ്പമായിട്ടുണ്ടാകാം. എവിടെ നിന്നെങ്കിലും കോപ്പി ചെയ്തുകൊണ്ടു വന്ന് അവതരിപ്പിക്കുന്ന പോയിന്‍റ്റുകളില്‍ അല്ല, പ്രസംഗകനിലൂടെ പകരപ്പെടുന്ന ആത്മീയ ചൈതന്യം തിരിച്ചറിയപ്പെടുകയും അതിനനുസൃതമായി പ്രസംഗകര്‍ നിയോഗിക്കപ്പെടുകയുമാണ് വേണ്ടത്.
പ്രസംഗം ദൈവീകമാണോ എന്നു തിരിച്ചറിയാന്‍ ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ. വചനം കേട്ടവരുടെമേല്‍ ആത്മാവ് വന്നു എന്നെഴുതിയിരിക്കുന്നതുപോലെ
പ്രസംഗകന്‍റെ യാതൊരു നിര്‍ബന്ധമോ പ്രേരണയോ കൂടാതെ വചന ശുശ്രൂഷയ്ക്കിടയില്‍ സ്വതവേ സ്തോത്രവും സ്തുതികളും വിശ്വാസ സമൂഹത്തില്‍നിന്ന് ഉയരണം. അത് ശബ്ദമായി പുറത്തു വന്നില്ല എങ്കില്‍ പോലും ശാന്തമായ അന്തരീക്ഷത്തിലും പരിശുദ്ധാത്മാവ് ഇടപെടുന്നത് അറിയാന്‍ പ്രസംഗകനും സംഘാടകര്‍ക്കും സാധിക്കണം. കേള്‍വിക്കാരെ നിര്‍ബന്ധിച്ച് തുടരെത്തുടരെ സ്തോത്രം പറയിപ്പിക്കുന്നവരിലെ പ്രസംഗകന്‍ ഏറെക്കുറെ മരിച്ചു എന്നതാണ് സത്യം. കേള്‍വിക്കാരുടെ ശരീരവും മനസ്സും ആത്മാവും വചനത്തിന്‍റെ ആസ്വാദനത്തില്‍ ലയിക്കുന്ന അന്തരീക്ഷം വചനശുശ്രൂഷകളില്‍ സംഭവിക്കണം. അതു നടക്കട്ടെ! ദൈവ നാമം മഹത്വപ്പെടട്ടെ!
ഒരു കണ്‍വന്‍ഷന്‍ കഴിയുമ്പോള്‍ വിലയിരുത്തേണ്ടത് ഭക്ഷണത്തിലെ വിഭവങ്ങളുടെ കാര്യമോ പങ്കെടുത്തവരുടെ എണ്ണമോ പണം ബാക്കിയുണ്ടോ എന്നിത്യാദി കാര്യങ്ങള്‍ക്കപ്പുറം വചനശുശ്രൂഷ എങ്ങനെയായിരുന്നു എന്നതാകണം. അതായത്, കൂടിവന്ന വിശ്വാസസമൂഹത്തോട് ദൈവം ഇടപെട്ടോ എന്നതാകണം ആത്യന്തികമായ വിലയിരുത്തല്‍. അത് സംഭവിച്ചില്ലെങ്കില്‍ എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും ഒരു കാര്യവുമില്ല.

