മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനസമയം നീട്ടാനുള്ള തീരുമാനം പിൻവലിക്കണം: പെന്തക്കോസ്തൽ കൗൺസിൽ

മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനസമയം നീട്ടാനുള്ള തീരുമാനം പിൻവലിക്കണം: പെന്തക്കോസ്തൽ കൗൺസിൽ

തിരുവല്ല: മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനസമയം നീട്ടാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ സമിതി ആവശ്യപ്പെട്ടു.

ബാറുകളുടെ രാത്രി സമയം കൂട്ടുന്നതോടെ യുവാക്കൾ വീടുകളിൽ എത്തുന്നത് താമസിക്കുകയും കുടുംബാന്തരീക്ഷം മലീമസമാകുകയും ചെയ്യും. മദ്യപിച്ചുള്ള രാത്രി യാത്ര അപകടങ്ങൾ ക്ഷണിച്ചു വരുത്തുകയും സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം നിരത്തുകളിൽ വർദ്ധിക്കുകയും ചെയ്യും.

കേരളത്തിൻ്റെ പൊതുസമൂഹത്തിൽ മദ്യത്തിനും സാമൂഹിക തിന്മകൾക്കുമെതിരെ പെന്തക്കോസ്ത് സഭകൾ നടത്തിയ ഇടപെടൽ ചെറുതല്ല. അനേകം യുവാക്കളെ ഇത്തരം സമൂഹിക തിന്മകളിൽ നിന്നും മോചനം നൽകാൻ കഴിഞ്ഞു. മദ്യ ഉപയോഗം ഘട്ടം ഘട്ടമായി കുറയ്ക്കുമെന്ന് പറഞ്ഞ് പൊതു സമൂഹത്തിൻ്റെ വോട്ട് വാങ്ങിയ ശേഷം മദ്യശാലകളുടെ എണ്ണം ക്രമാതീതമായി കൂട്ടുകയും ഇപ്പോൾ ഇവയുടെ പ്രവർത്തന സമയം പാതിരാ വരെ നീട്ടുകയും ചെയ്തിരിക്കയാണ്. പഞ്ചനക്ഷത്ര ബാറുകൾക്ക് പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാനും അനുമതി നൽകിയിരിക്കുന്നത് സമധാന കാംക്ഷികളായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പിസിഐ നാഷണൽ കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു.

പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ് പ്രമേയം അവതരിപ്പിച്ചു.
വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം, സാം ഏബ്രഹാം, സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി, ലിജോ കെ. ജോസഫ്, ബെന്നി കൊച്ചുവടക്കേൽ, ട്രഷറർ ജിനു വർഗീസ്, കോ-ഓർഡിനേറ്റർ അജി കുളങ്ങര, കൺവീനർ ബ്ലെസിൻ ജോൺ മലയിൽ എന്നിവർ പ്രസംഗിച്ചു.

Advertisement