വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസ് ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടനിൽ
വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്
കാനഡ: കാനഡയിലെ എഡ്മണ്ടൻ, കാൽഗറി, വാൻകൂവർ എന്നീ പ്രവിശ്യകളും അമേരിക്കയിലെ സിയാറ്റിലും ഉൾപ്പെടുന്ന വെസ്റ്റേൺ പെന്തെക്കോസ്ത് കോൺഫറൻസിൻ്റെ 36-ാമത് സമ്മേളനം ജൂലൈ 16 മുതൽ 19 വരെ എഡ്മണ്ടൻ ലൈഫ് ചർച്ചിൽ നടക്കും. 'The Season of harvest' (ഇത് കൊയ്ത്തിൻ്റെ കാലം) എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താവിഷയം. കോൺഫറൻസ് ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ചെയർമാനും എഡ്മണ്ടൻ കേരള പെന്തെക്കോസ്ത് അസംബ്ലി ശുശ്രൂഷകനുമായ പാസ്റ്റർ സാം വർഗീസ് അറിയിച്ചു.
പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ (മലയാളം വിഭാഗം), പാസ്റ്റർ നിരുപ് അൽഫോൺസ് (ഇംഗ്ലീഷ് വിഭാഗം) എന്നിവർ മുഖ്യ പ്രഭാഷകരായിരിക്കും. സിസ്റ്റർ രമ്യ സാറാ ജേക്കബ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സുവിശേഷകരും സമ്മേളനത്തിൽ സന്ദേശങ്ങൾ നൽകും.
സമകാലിക ആത്മീയ-സാമൂഹ്യ സാഹചര്യങ്ങളിൽ സഭയുടെ പങ്കും ദൗത്യവും വിശകലനം ചെയ്യുന്ന രീതിയിലാണ് സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. സാഹചര്യങ്ങളെ കണ്ടുണർന്ന്, മികച്ച പ്രവർത്തനങ്ങളിലൂടെ സഭകളെ ആത്മീയ കൊയ്ത്തിന് ഒരുക്കുകയാണ് കോൺഫറൻസിൻ്റെ ലക്ഷ്യം.

നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ജൂലൈ 19 ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടെ സമാപിക്കും. കോൺഫറൻസ് ഭാരവാഹികളായ ബ്രദർ റോണി സൈമൺ മാത്യൂസ് (സെക്രട്ടറി), ബ്രദർ ജിജി ഫിലിപ്പ് (ട്രഷറാർ), ബ്രദർ ഗ്ലാഡ് വിൻ കോശി (യൂത്ത് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നു.


