പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണി-(37)നെ കാണാനില്ലെന്ന് പരാതി
പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണി-(37)നെ കാണാനില്ലെന്ന് പരാതി. ഇക്കഴിഞ്ഞ നാലാം തീയ്യതി ആലപ്പുഴയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയതിന് ശേഷമാണ് രഞ്ജുവിനെ കാണാതായത്. നെയ്യാറ്റിൻകരയിൽ താമസമാക്കിയ രഞ്ജു ആലപ്പുഴയിൽ പ്രോഗ്രാമിന് ശേഷം തിരുവനന്തപുരത്ത് എത്തി എന്നാണ് വീട്ടുകാർ പറയുന്നത്.
തമ്പാനൂരിൽ ബസിറങ്ങിയതിന് ശേഷം വീട്ടുകാരെ വിളിച്ചിരുന്നു. ഫോണിൽ ചാർജ്ജ് കുറവാണെന്നും അതുകൊണ്ട് വെക്കുകയാണെന്നുമാണ് പറഞ്ഞത്. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആകുകയും ആളെ കാണാതാകുകയും ചെയ്‌തു. വീട്ടിൽ എത്താതിരുന്നതോടെയാണ് വീട്ടുകാർ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്
അതേസമയം പരാതി നൽകി ഇത്രയും ദിവസമായിട്ടും രഞ്ജുവിനെ കുറിച്ച് യാതൊരു വിവരവും വീട്ടുകാർക്കും ലഭിച്ചിട്ടില്ല. രഞ്ജുവിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയോ എന്നത് അടക്കമുള്ള ആശങ്കയിലാണ് വീട്ടകാർ. കയ്യിൽ പണം സൂക്ഷിക്കുന്ന വ്യക്തിയാണ് രഞ്ജു. ഗൂഗിൾ പേ അടക്കമുള്ള ഇടപാടുകൾ നടത്താറില്ല. അതുകൊണ്ട് കൂടി ആരെങ്കിലും പണത്തിനായി രഞ്ജുവിനെ തട്ടിക്കൊണ്ടു പോയോ എന്നാണ് കുടുംബത്തിൻ്റെ ആശങ്ക. കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക ബാധ്യതകളോ ഉള്ളയാളല്ല രഞ്ജു.
നവംബർ മുതൽ ആലപ്പുഴയിലാണ് രഞ്ജു താമസിച്ചിരുന്നത്. ആലപ്പുഴ സൗത്ത് പോലീസിന് പരാതി കൈമാറിയിട്ടുണ്ട്. അവിടെ പ്രോഗ്രാം നടന്ന പ്രദേശത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് രഞ്ജു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9544406691 എന്ന നമ്പറിലോ നെയ്യാറ്റിൻകര, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലോ അറിയിക്കുക.
Advertisement
















































