നമ്മുടെ നോട്ടം പ്രിയനില്‍ | യേശു പാദാന്തികം

നമ്മുടെ നോട്ടം പ്രിയനില്‍ | യേശു പാദാന്തികം

യേശു പാദാന്തികം  10

നമ്മുടെ നോട്ടം പ്രിയനില്‍

സാജു മാത്യു

ഗരത്തിന്‍റെ മായക്കാഴ്ച്ചകളെ വിട്ടു ഗ്രാമങ്ങളിലേക്കു ഓടിപ്പോകാനുള്ള ത്വരയാണവള്‍ക്ക്. നഗരത്തോടിപ്പോള്‍ അവള്‍ക്ക് വെറുപ്പാണ്. ലോകത്തിന്‍റെ പ്രൗഢി നമ്മെ സ്വാധീനിക്കുവാന്‍ പാടില്ല എന്നതു പ്രഥമ കാര്യം. എന്നാല്‍ ലോകത്തിന്‍റെ മായാ സൗന്ദര്യത്തോടു വെറുപ്പു തോന്നുന്ന ഒരു അവസ്ഥയാണു ശൂലേമിയില്‍ നിന്നു പ്രിയന്‍ പ്രതീക്ഷിക്കുന്നത്.

വായനാഭാഗം: ഉത്തമഗീതം 7:9-8:4

"വരൂ നമുക്ക് ഗ്രാമങ്ങളില്‍ ചെന്നു രാപാര്‍ക്കാം. അവിടെവെച്ചു ഞാന്‍ നിനക്കു എൻ്റെ പ്രേമം തരും"(ഉത്തമഗീതം 7:12-15).

ഒരു ഇടയ യുവാവും അവന്‍റെ കാന്തയായ ശൂലേംകാരത്തിയും (ഉത്തമഗീതം 7:1) തമ്മിലുള്ള പ്രേമമാണ് ഉത്തമഗീതത്തിന്‍റ പശ്ചാത്തല കഥ. അവള്‍ 'പ്രിയ' ആണ് അവന്‍ 'പ്രിയനും'. എന്നാല്‍ ഇതിനിടയില്‍ മറ്റൊരു കഥാപാത്രമുണ്ട്. പ്രിയയില്‍നിന്നും പ്രിയനോടുള്ള അവളുടെ സ്നേഹത്തെ അപഹരിച്ചടുത്ത് അവളെ സ്വന്തമാക്കുവാന്‍ കൊതിക്കുന്ന കലാഹൃദയമുള്ള രാജാവ്! എന്നാല്‍ അധികാരമുപയോഗിച്ചു ശൂലേമിയെ അടിമയാക്കി തന്‍റെ ഭാര്യയാക്കാനല്ല രാജാവിന്‍റെ ശ്രമം. പ്രിയനോടുള്ള അവളുടെ പ്രേമത്തെ തന്നിലേക്കു ചാലുതിരിക്കാനാണു രാജാവായ ശാലോമോന്‍ ശ്രമിക്കുന്നത്!

ഉത്തമഗീതം എങ്ങനെ വായിക്കണമെന്നും വ്യാഖ്യനിക്കണമെന്നുള്ള ആശയക്കുഴപ്പം കാലാകാലങ്ങളായുള്ളതാണ്. ഉല്പത്തി ഒന്നും രണ്ടും അധ്യായങ്ങളില്‍ ഭാര്യാഭര്‍തൃബന്ധത്തിലെ സ്നേഹത്തിന്‍റെ ശാരീരാഘോഷം വിവരിക്കുന്നുവെന്നു പറയാറുണ്ട്. അങ്ങനെയൊരു വായന സ്വാഭാവികമാണെങ്കിലും ഇതു ഉത്തമഗീതമായിരിക്കുന്നത്- എല്ലാ ഗീതങ്ങളുടെയും ഗീതമായിത്തീരുന്നത് ക്രിസ്തുവും അവന്‍റെ കാന്തയായ സഭയും തമ്മിലുള്ള ബന്ധമായി ഇതിനെ വിശദീകരിക്കുമ്പോഴാണ്.

ശൂലേമിയെ രാജാവ് തന്‍റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. രത്നഖചിതമായ ശലോമോന്‍റെ അണിയറ വളരെ തരുണികളെക്കൊണ്ടും അലംകൃതമാണ്. കൊട്ടാരത്തിന്‍റെ പകിട്ടും പത്രാസും ജീവിതഭാഗ്യമായി കണക്കാക്കുന്ന ആ നഗരകന്യകള്‍ക്കു ശലോമോന്‍ ഒരു ദൗത്യം കൊടുത്തു. ഗ്രാമീണയായ ശൂലേമിയുടെ പ്രേമം രാജാവിനുവേണ്ടി നേടിയെടുക്കുക!

ശലോമോന്‍ രാജാവിന്‍റെ മഹിമനിലയും രാജാവിനു ശൂലേമിയോടുള്ള പ്രേമത്തിന്‍റെ ആഴവും യെരുശലേം പുത്രന്മാര്‍ അവള്‍ക്കു വിവരിച്ചു കൊടുത്തു. ഇടയ്ക്കു രാജാവു തന്നെയും രംഗത്തെത്തി തനിക്കു ശൂലേമിയോടുള്ള പ്രേമം എത്ര അഗാധമാണെന്ന് വിവരിച്ചു. എന്തൊക്കയായിട്ടും ശൂലേമിക്കു കുലുക്കമില്ല. അവള്‍ തന്‍റെ പ്രേമത്തെ തന്‍റെ പ്രിയനുവേണ്ടി മാത്രമായി സൂക്ഷിച്ചുവെയ്ക്കുവാന്‍ ഉറച്ചു.

ശലോമോന്‍റെ കൊട്ടാരവും പ്രൗഢിയും ശൂലേമിയെ സ്വാധീനിക്കാന്‍ പോന്നതല്ല എന്ന തിരിച്ചറിവില്‍ പ്രിയനോടുള്ള അവളുടെ പ്രേമത്തെ വഴിതിരിക്കാന്‍ ശലോമോന്‍ പുത്തന്‍ തന്ത്രമൊരുക്കുന്നതാണ് ഏഴാം അധ്യായത്തില്‍ കാണുന്നത്. സാത്താന്‍റെ എക്കാലത്തെയും വലിയ തന്ത്രമായ മുഖസ്തുതിയാണത്! നഗരകന്യകമാരും ചിലപ്പോഴൊക്കെ രാജാവു തന്നെയും വന്നു ശൂലേമിയോടു അവളുടെ സൗന്ദര്യത്തെ വര്‍ണ്ണിക്കുന്നു (ഉത്തമഗീതം 7:6-9).

ഒരു കഥയിലെ സംഭാഷണം പോലെ പല കഥാപാത്രങ്ങളുടെ വാക്കുകള്‍ വ്യത്യസ്തമായി തിരിച്ചറിയേണ്ട ഈ ഭാഗങ്ങള്‍ കവിതയുടെ രൂപത്തിലാക്കിയപ്പോള്‍ ഓരോ ഭാഗവും ആരു പറയുന്നു എന്ന വേര്‍തിരിവ് ഈ വേദഭാഗത്ത് കാണാതായി. അതു അല്പമൊക്കെ നമ്മെ കുഴപ്പിക്കുന്നുണ്ട്. എന്നാല്‍ പുതിയ ജയിംസ് വേര്‍ഷനിലും അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷന്‍റെ പുതിയ പതിപ്പിലും ലിവിംങ് ബൈബിളിലുമൊക്കെ ഓരോ ഭാഗവും ആരു പറയുന്നു എന്നു വേര്‍തിരിവു കാട്ടിയിട്ടുണ്ട്. പല വ്യാഖ്യാതാക്കളും ഓരോഭാഗങ്ങളും ആരുടെ വാക്യങ്ങള്‍ എന്ന വേര്‍തിരിവില്‍ അതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്.

ഏഴാം അധ്യായം 6 മുതല്‍ ശൂലേമിയുടെ സൗന്ദര്യത്തില ബദ്ധനായ രാജാവ് അംഗപ്രത്യംഗം അവളുടെ ശരീരത്തെ വര്‍ണ്ണിക്കുകയാണ്. പറഞ്ഞു നിര്‍ത്തുന്നതു, അവളുടെ അധരങ്ങള്‍ വീഞ്ഞുപോലെ മത്തുപിടിപ്പിക്കുന്നത് എന്നാണ് (9-ാം വാക്യം). അത്രയുമൊക്കെ അവള്‍ സഹിച്ചു. എന്നാല്‍ കാര്യങ്ങള്‍ അതിരുകടക്കുന്നു എന്നു തോന്നിയപ്പോള്‍ അവള്‍ പറഞ്ഞു: "എൻ്റെ അണ്ണാക്കു മേത്തരമായ വീഞ്ഞാണെങ്കില്‍, അതു രാജാവിനു നുകരാനുള്ളതല്ല".

"അതു എന്‍റെ പ്രിയനു മൃദുപാനമായി അധരത്തിലും പല്ലിലുംകൂടെ കടക്കുന്നാതാക്കുന്നു. ഞാന്‍ എന്‍റെ പ്രിയതമനുള്ളവള്‍, അവന്‍റെ ആഗ്രഹം എന്നോടാകുന്നു. ഞാന്‍ എന്‍റെ പ്രിയതമനുള്ളവള്‍, അവന്‍റെ ആഗ്രഹം എന്നോടാകുന്നു" (ഉത്തമഗീതം 7:10,11).

നമ്മുടെ പ്രിയനോടു നമുക്കുള്ള സ്നേഹത്തെ അപഹരിക്കാന്‍ ലോകം എല്ലാ തന്ത്രങ്ങളും ആവിഷ്ക്കരിക്കും. അതിന്‍റെ മഹിമകളെ അവഗണിക്കുന്നവനെ മുഖസ്തുതികളാല്‍ വഞ്ചിക്കാനും ലോകം പരിശ്രമിക്കും. നാം എത്ര 'സ്പെഷ്യല്‍' ആണെന്നു ലോകം നമ്മോടു പറയുമ്പോള്‍ "ഞാന്‍ ക്രിസ്തു എന്ന ഏക പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടവളാണ്" (2 കൊരിന്ത്യര്‍ 11:2) എന്നു നമുക്കു ലോകത്തോടു പറയാം.

പ്രിയനോടുള്ള നമ്മുടെ ഏകാഗ്രതയെ തകര്‍ക്കാനാണ് ലോകത്തിന്‍റെ ശ്രമം. ലോകത്തിന്‍റെ പ്രശംസ കേട്ടു നമ്മുടെ നോട്ടം പ്രിയനില്‍ നിന്നുമാറി നമ്മിലേക്കു തന്നെ ആയിപ്പോകരുത്.

"പ്രിയാ, വരിക, നമുക്കി വെളിമ്പ്രദേശത്തുപോകാം..... നമുക്കു ഗ്രാമങ്ങലില്‍ ചെന്നു രാപാര്‍ക്കാം. അവിടെ വെച്ചു ഞാന്‍ നിന്നക്കു പ്രേമം തരും"!(ഉത്തമഗീതം 7:12, 13) വല്ലവിധേനയും രാജാവിന്‍റെ കൊട്ടാരത്തില്‍ നിന്നും രക്ഷപെട്ടാല്‍ മതി.

ശൂലേമിക്ക് ഇപ്പോള്‍ വല്ലവിധേനയും രാജാവിന്‍റെ കൊട്ടാരത്തില്‍ നിന്നു രക്ഷപെട്ടാല്‍ മതി. പ്രിയനോടുള്ള അവളുടെ പ്രേമത്തിന്‍റെ പാരമ്യത്തില്‍ രാജാവിന്‍റെ കൊട്ടാരത്തില്‍ നിന്നു രക്ഷപെട്ടാല്‍ മതി. രാജാവിന്‍റെ അണിയറ അവള്‍ക്കു തടവറപോലെയായി. നഗരത്തിന്‍റെ മായക്കാഴ്ചകളെ വിട്ടു ഓടിപ്പോകാനുള്ള ത്വരയാണവള്‍ക്ക്. നഗരത്തോടിപ്പോള്‍ അവള്‍ക്കു വെറുപ്പാണ്.

ലോകത്തിന്‍റെ പ്രൗഢി നമ്മെ സ്വാധീനിക്കുവാന്‍ പാടില്ല എന്നതു പ്രാഥമികകാര്യം. എന്നാല്‍ ലോകത്തിന്‍റെ മായാ സൗന്ദര്യത്തോടു വെറുപ്പുതോന്നുന്ന ഒരു അവസ്ഥയാണു ശൂലേമിയില്‍ നിന്നു പ്രിയന്‍ പ്രതീക്ഷിക്കുന്നത്. അപ്രകാരമൊരു വെറുപ്പ് നമുക്ക് ലോകത്തോടുണ്ടോ?

യേശുവുമൊന്നിച്ചു ഏകാന്തതയില്‍ ചെലവിടുന്ന നിമിഷങ്ങളാണ്, ലോകത്തിന്‍റെ എല്ലാ വര്‍ണ്ണപകിട്ടുകളേക്കാള്‍ എന്നെ ത്രസിപ്പിക്കേണ്ടത്. ഗ്രാമത്തിന്‍റെ വിശുദ്ധിയില്‍ "അതികാലത്തു അവനോടൊപ്പം മുന്തിരിത്തോട്ടത്തിലെത്തി മുന്തിരി പൂവിടുന്നതും മാതളനാരകം പൂക്കുന്നതും നോക്കി"!, അവനില്‍ മറയുന്ന ഒരു പ്രഭാതം.

അവിടെവെച്ചു, ഞാനും നീയും മാത്രമുള്ള ആ നിശബ്ദതയില്‍ ലോകത്തിനു തൊടാന്‍ കൊടുക്കാഞ്ഞ എന്‍റെ പ്രേമത്തെ, നിനക്കുവേണ്ടി മാത്രം ഒരുക്കി വെച്ചിരിക്കുന്ന എന്‍റെ മധുരത്തെ, ശുദ്ധവും നിഷകളങ്കവുമായ എന്‍റെ മനസ്സിനെ, കറപുരളാത്ത എന്‍റെ ശരീരത്തെ, എന്നും നിനക്കുവേണ്ടി കൊതിച്ച എന്‍റെ ആത്മാവിനെ ഞാന്‍ നിനക്കു തരും.

സമര്‍പ്പണ പ്രാര്‍ത്ഥന

യേശുവേ, ഈ ലോകത്തിന്‍റെ വ്യര്‍ഥ പകിട്ടുകളോടു വെറുപ്പു സൂക്ഷിക്കാന്‍ എനിക്കൊരു മനസ്സു തരണേ. പ്രഭാതത്തിന്‍റെ നിശബ്ദതയില്‍ നിനക്കു വേണ്ടി മാത്രം സൂക്ഷിച്ചിരിക്കുന്ന എന്‍റെ പ്രേമത്തെ നിനക്കു ഒഴുക്കിത്താരാന്‍ എന്നെ സഹായിക്കണെ. ആമേന്‍.

തുടര്‍വായനയ്ക്ക്: സങ്കീര്‍ത്തനം 27:1-6; ഫിലിപ്പിയര്‍ 3:7-11.

Advt.