അപ്പക്കഷണങ്ങൾ കൊത്തിപ്പറക്കാം

അപ്പക്കഷണങ്ങൾ കൊത്തിപ്പറക്കാം

റവ.ജോർജ് മാത്യു പുതുപ്പള്ളി

മിക്ക സായാഹ്നങ്ങളിലും ഭവനത്തിനു സമീപമുള്ള ഒരു തടകക്കരയിൽ ഒരു മനുഷ്യൻ ഉലാത്താറുണ്ടായിരുന്നു. തടാകക്കരയിൽ നിന്ന് ദേശാടനക്കിളികൾക്ക് അപ്പക്കഷങ്ങൾ എറിഞ്ഞു കൊടുക്കുന്നത് അദ്ദേഹത്തിന്റെ ഒരു വിനോദമായിരുന്നു. ദേശാടനത്തിനിടയിൽ തടാകക്കരയിലെ വൃക്ഷങ്ങളിൽ അവ വിശ്രമിക്കുമ്പോഴാണ് അദ്ദേഹം അവയ്ക്ക് അപ്പക്കഷണങ്ങൾ എറിഞ്ഞു കൊടുത്തിരുന്നത്. ഈ സമയം പക്ഷികളുടെ പ്രതികരണം കൗതുകപൂർവം അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചില പക്ഷികൾ ചിലച്ചുകൊണ്ട് പറന്നകലും. ചിലത് ഭയപ്പെട്ട് മാറിനിൽക്കും. ചിലതാകട്ടെ അദ്ദേഹം എറിഞ്ഞ അപ്പക്കഷണങ്ങൾ കൊത്തിയെടുത്ത് പറന്നകലും.

ജീവിതയാത്രയുടെ ഇടത്താവളങ്ങളിൽ ദൈവസഹായത്തിന്റെയും അനുഗ്രഹത്തിന്റെയും വാഗ്ദത്തങ്ങൾ ദൈവം നമുക്ക് എറിഞ്ഞു തരാറുണ്ട്. എന്നാൽ അവയെ കൊത്തിയെടുത്ത് സ്വന്തമാക്കുന്നതിൽ നാം പലപ്പോഴും പരാജയപ്പെടുന്നു. അവന്റെ അത്ഭുതകരമായ ശബ്ദത്തോട് നാം വളരെ വിചിത്രമായ നിലയിലാണ് പ്രതികരിക്കുന്നത്.

ദൈവത്തിന്റെ സ്നേഹത്തെയോ നമ്മെക്കുറിച്ചുള്ള ശുഭനിരൂപണങ്ങളെയോ മനസിലാക്കുവാൻ നമുക്ക് കഴിയാതെ പോകുന്നു. ദൈവം നമുക്ക് വാഗ്ദാനം ചെയ്തത് സ്വീകരിക്കാതെയിരിക്കുമ്പോൾ നാം അതിനെ നിഷേധിക്കുകയാണ് ചെയ്യുന്നത്. അവിടുത്തെ വാഗ്ദത്തങ്ങളെ സ്വീകരിക്കാതെയിരിക്കുന്നിടത്തോളം അവ നമ്മുടെ ജീവിതത്തിൽ യാഥാർത്ഥ്യങ്ങളായിത്തീരുകയില്ലയെന്ന പരമാർത്ഥം നാം അറിയേണ്ടതുണ്ട്.

സ്വന്ത ഭവനം വിട്ടോടിയ യാക്കോബ് ലൂസിൽ രാപാർത്തു. സ്വർഗത്തോളം എത്തുന്ന ഒരു കോവണിയുടെ ദർശനം അവൻ അപ്പോൾ കണ്ടു. സ്വർഗീയ ദൂതന്മാർ ആ കോവണിയിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും അവൻ കണ്ടു. യാക്കോബ് യഥാർത്ഥത്തിൽ കണ്ടത് ഉടമ്പടിയുടെ കോവണിയാണ്. യാക്കോബിനോട് ഉടമ്പടി ചെയ്യാൻ ദൈവത്തിന്റെ ഹൃദയം കൊതിച്ചതുകൊണ്ടാണ് ആ ദേശാടനത്തിനിടയിൽ ദൈവം അവന് ദർശനം നൽകിയത്.

യാക്കോബിന് ദൈവം നൽകിയ വാഗ്ദത്തങ്ങൾ അവന്റെ പ്രതിഷ്ഠയുടെയും തീരുമാനത്തിന്റെയും അകമ്പടിയോടെ ഒരു ഉടമ്പടിയായി മാറ്റപ്പെട്ടു. നമുക്ക് ദൈവിക വാഗ്ദത്തങ്ങൾ ലഭിക്കണമെങ്കിൽ യേശുക്രിസ്തുവിലുള്ള വിശ്വാസം എന്ന ഉടമ്പടിയിലേക്ക് നാം എത്തിച്ചേരേണ്ടതാണ്. ഗോവണിയുടെ മീതെ നിന്നാണ് ദൈവം യാക്കോബിനോട് സംസാരിച്ചത്. ഗോവണി ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ കാണിക്കുന്നു. ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധം എപ്രകാരമാണെന്ന് ഒന്നു ശോധന ചെയ്തു നോക്കുക.

ചിന്തക്ക് : 'എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി. അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ട് അവിടെ രാത്രി കഴിച്ചു. അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്ന് എടുത്തു തലയണയായിവച്ച് അവിടെ കിടന്നുറങ്ങി. അവൻ ഒരു സ്വപ്നം കണ്ടു : ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി. അതിന്റെ തല സ്വർഗത്തോളം എത്തിയിരുന്നു ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽക്കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു' (ഉല്പത്തി 28 : 10...12).