കാക്കും കരങ്ങളില്‍ തൊമ്മിത്താഴത്ത് അമ്മച്ചി 

കാക്കും കരങ്ങളില്‍ തൊമ്മിത്താഴത്ത് അമ്മച്ചി 

കാക്കും കരങ്ങളില്‍ തൊമ്മിത്താഴത്ത് അമ്മച്ചി 

സണ്ണി ഇലഞ്ഞിമറ്റം 

ടുക്കി ആര്‍ച്ച് ഡാം പണിയുന്നതിന് വേണ്ടി അയ്യപ്പന്‍കോവിലില്‍ നിന്നും നൂറോളം കുടുംബങ്ങളെ 1961-ല്‍ കുമളിക്ക് സമീപം കുടിയിരുത്തി. ആ പ്രദേശത്തിന് പിന്നീട് അമരാവതി എന്ന് നാമകരണം വന്നു. അങ്ങനെ കുടിയിരുത്തിയവരില്‍ ഇപ്പോള്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് 98 വയസ്സ് പിന്നിടുന്ന തൊമ്മിത്താഴെ മറിയക്കുട്ടി മാത്യു. കേരളപ്പിറവിക്ക് മുന്‍പേ പാലാ വലിയപള്ളി ഇടവകയില്‍ അംഗമായിരുന്ന പറമ്പിക്കാട്ടില്‍ അന്നമ്മ-വര്‍ക്കി ദമ്പതികളുടെ മകളായി 1929-ല്‍ ജനിച്ചു. ബാല്യകാല വിദ്യാഭ്യാസത്തെ തുടര്‍ന്ന് കൗമാര പ്രവേശന കാലഘട്ടത്തില്‍ തന്നെ വിവാഹിതയായി.

കാഞ്ഞിരപ്പള്ളി തൊമ്മിത്താഴെ വീട്ടില്‍ മാത്യുവിനെ ദൈവം ജീവിതപങ്കാളിയായി കൂട്ടിച്ചേര്‍ത്തു. ഇവരുടെ ദാമ്പത്യ വല്ലരിയില്‍ 6 മക്കളെ ദൈവം ദാനമായി കൊടുത്തു. ജീവിതഭാരം ഒന്നിന് പുറകെ ഒന്നായി ജീവിതയാത്രയില്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചപ്പോള്‍ അയ്യപ്പന്‍ കോവലീന്ന് കുടിയേറി. ദേശീയ പുരോഗമനത്തിന്‍റെ വെള്ളിവെളിച്ചം അവിടെയും വീശിയപ്പോള്‍ ഇടുക്കി ആര്‍ച്ച് ഡാമിന്‍റെ ജലസംഭരണ മേഖലയില്‍ അയ്യപ്പന്‍കോവില്‍ പ്രദേശവും ഉള്‍പ്പെട്ടതിനാല്‍ 1961-ല്‍ അമരാവതിയില്‍ കുടിയിരുത്തിയ കുടുംബങ്ങളോടൊപ്പം തൊമ്മിത്താഴെ കുടുംബവും ഉണ്ടായിരുന്നു.

മാതാപിതാക്കളോടൊപ്പമാണ് മാത്യു, മറിയക്കുട്ടി ദമ്പതികളും 6 മക്കളും അമരാവതിയില്‍ വരുന്നത്. ഒരു നൂറ്റാണ്ടിന്‍റെ ജീവിതകഥകള്‍ പറയുന്ന അമ്മച്ചിക്ക് എല്ലാം ഇന്നലെ കഴിഞ്ഞതുപോലെയാണ്. കഴിഞ്ഞകാല സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ ആശങ്കകളും നിരാശകളും ഭയവും വിട്ടു മാറുന്നില്ല. ഇരു കണ്ണുകളും നിറഞ്ഞു തുളുമ്പി കവിള്‍ തടങ്ങള്‍ കണ്ണുനീര്‍ ചാലിച്ചു കൊണ്ടാണ് കഥകള്‍ വിവരിക്കുന്നത്. കാലാവസ്ഥയുടെ ദുരവസ്ഥയില്‍ പ്രകൃതിയുടെ വികൃതിയും വിശപ്പിന്‍റെ വിളിയും സഹിച്ച രാവും പകലും തള്ളിവിട്ട സംഭവങ്ങള്‍ പലതും അമ്മച്ചി അയവിറക്കി. ഇപ്പോള്‍ ദൈവം എല്ലാം നന്മയ്ക്കായി ചെയ്തതെന്ന് കരുതുന്നു.

അമരാവതി കുടിയിരുത്തലില്‍ ഇന്നും ജീവിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ജനിച്ചു വളര്‍ന്ന പാരമ്പര്യ വിശ്വാസത്തോടും ആചാരത്തോടും അന്ന് എരുവുള്ള അമ്മച്ചി എല്ലാദിവസവും പുലര്‍ച്ചേ പള്ളിയില്‍ പോയി വന്നാണ് വീട്ടിലെ കാര്യാതികള്‍ ചെയ്തു വന്നിരുന്നത്. ഭര്‍ത്താവ് മാത്യു കുമളിയിലെ ആദ്യത്തെ അക്ഷരഖനിയുടെ ഉടമസ്ഥാനായിരുന്നു. ഇന്ന് കൊച്ചുമകന്‍ മാര്‍ട്ടിന്‍ അത് വിപുലമായി നടത്തുന്നു. 1992 ല്‍ സത്യവിശ്വാസത്തിലേക്ക് ഇറങ്ങുവാനായി രണ്ടാമത്തെ മകന്‍ പി.എം. ജോര്‍ജ് (വക്കച്ചന്‍) മുഖാന്തരമായി. അന്ന് പേരും പെരുമയും ഉള്ള അട്ടപ്പള്ളം പള്ളിയില്‍നിന്ന് സത്യത്തിനു വേണ്ടി ഇറങ്ങിയതില്‍ ഒന്നാമനാണ്. മകന്‍റെ കൂടെ കൂടെയുള്ള സത്യസുവിശേഷ ഉപദേശം അമ്മച്ചി സ്വീകരിച്ചു. ആദ്യം ജീവിതപങ്കാളി എതിര്‍ത്തുവെങ്കിലും അധികം താമസിയാതെ അമ്മച്ചിയുടെ പ്രാര്‍ഥന ദൈവം കേട്ടു.

രണ്ടുപേരും ഒരുമിച്ച് അമരാവതി അസംബ്ലീസ് ഓഫ് ഗോഡ് പെനിയേല്‍ സഭയില്‍ ആരാധനയില്‍ പങ്കുകൊണ്ടു. 2013 ഭര്‍ത്താവ് താന്‍ പ്രീയംവെച്ച നാട്ടിലേക്ക് യാത്രയായി. മൂന്നാമത്തെ മകന്‍ കുട്ടിച്ചന്‍ രക്ഷയുടെ അനുഭവമില്ലാതെ ഇഹലോകവാസം വെടിഞ്ഞു. 6 മക്കളെയും 6 മരുമകളെയും 18 കൊച്ചുമക്കളെയും 18 കൊച്ചു മരുമക്കളെയും അവരുടെ 34 കിടാങ്ങളെയും കാണുവാന്‍ അമ്മച്ചിക്ക് സാധിച്ചു. ജീവിത സായാഹ്നം ഇപ്പോള്‍ ഇളയ മകന്‍ തോമാച്ചിയുടെ കൂടെയാണ്.

അമ്മച്ചിയുടെ ദൈവസന്നിധിയിലെ ഒരു പ്രാര്‍ഥനാവിഷയവും ആഗ്രഹവും അമരാവതി എജി സഭയുടെ പുതിയ ആരാധനാലയവും പാഴ്സനേജും എന്നതായിരുന്നു. എന്നാല്‍, ഇന്ന് അതും ദൈവം സഫലമാക്കി കൊടുത്തു. അമ്മച്ചിയുടെ 4 തലമുറകള്‍ ഇവിടെ കുടുംബമായി ആരാധിക്കുന്നു. സഭയുടെ ഉന്നമനത്തിനും ദേശത്തെ വിടുതലിനും സദാസമയം പ്രാര്‍ഥനയിലാണ്. കാരണം, കാക്കും കരങ്ങളില്‍ അമ്മച്ചി ഭദ്രമാണ്.