ബ്രെയിൻ റോട്ട് - തലച്ചോർ ചീയൽ

ബ്രെയിൻ റോട്ട് - തലച്ചോർ ചീയൽ

 ബെന്നി പുള്ളോലിക്കൽ

ക്സ്ഫോർഡ് യൂണിവേഴ്സിറ്റി അവരുടെ നിഘണ്ടുവിനായി എല്ലാ വർഷവും കാലിക പ്രസക്തമായ ഒരോ വാക്ക് തെരഞ്ഞെടുക്കാറുണ്ട്. 2024 ലെ വാക്കായി കണ്ടെത്തിയത് തലച്ചോർ ചീയൽ എന്നർത്ഥമുള്ള ബ്രെയിൻ റോട്ട് ( BRAIN ROT )  എന്ന പദമാണ്. സോഷ്യൽ മീഡിയായുടെ കാലഘട്ടങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുൻപ് 1854 ൽ അമേരിക്കൻ എഴുത്തുകാരനായ ഹെൻ്ററി ഡേവിഡ് തോറോ തൻ്റെ ഒരു പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്. താഴ്ന്ന നിലവാരം ഉള്ളതും ഒരു കാമ്പും ഇല്ലാത്തതതുമായ നിസ്സാരമായ ഉള്ളടക്കമുള്ളതുമായ വസ്തുതകൾ പതിവായി സാമൂഹിക മാധ്യമങ്ങൾ വഴി കാണുകയും, വായിക്കുകയും ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ മാനസിക, ബദദ്ധിക നിലവാരത്തിന് ഉണ്ടാകുന്ന അപചയത്തെയാണ് ബ്രെയിൻ റോട്ട് ( തലച്ചോർ ചീയൽ ) എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.

സോഷ്യൽ മീഡിയായിൽ പരിധി വിട്ട് വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുകയും, ധാരാളം സമയം വിനയോഗിക്കുകയും, നിർദോഷമെന്ന് കരുതുന്ന ഹോബികളിൽ ഏർപ്പെട്ടും ക്രമേണ ഇത് ആസ്കതിയായി മാറുന്നു. അത് മാനസിക, ശാരീരിക വൈകല്യങ്ങളിലേക്ക് കുട്ടികളെയും മുതിർന്നവരെയും നയിക്കുന്നു. സന്തോഷത്തിനും സമയം കളയുവാനും ആരംഭിക്കുന്ന സോഷ്യൽ മീഡിയായുടെ തെറ്റായ ഉപയോഗം മാനസിക സമ്മർദ്ദത്തിലേക്കും, ഉത്കണ്ഠയിലേക്കും, നിരാശയിലേക്കും, ഏകാഗ്രത കുറവിലേക്കും, ഓർമ്മ കുറവിലേക്കും , ക്രമരഹിതമായ ജീവിത രീതികളിലേക്കും , ഭക്ഷണ വിരക്തിയിലേക്കും , ഉറക്ക കുറവിലേക്കും നയിക്കും. ആർട്ടിഫിഷൽ സൂപ്പർ ഇൻ്റലിജെൻ്റ്സിൻ്റെ ( ASI ) ഈ യുഗത്തിൽ ധാരാളം പ്രയോജനമുള്ള ഈ മാധ്യമങ്ങളെ തെറ്റായി വിനയോഗിച്ചാൽ അപകടം പതിയിരിക്കുന്നുണ്ടെന്ന ബോധ്യം ഉൾക്കൊണ്ടെ മുന്നോട്ട് പോകാവൂ. എലിയെ പിടിക്കുന്ന പൂച്ച കലവും ഉടയ്ക്കും എന്ന പഴമൊഴി പോലെ പ്രയോജനത്തിനായി തുടങ്ങി നാശത്തിന് കാരണമാകാതെ ശ്രദ്ധിക്കണം.

ഡോ. കെ. രവീന്ദ്രൻ കുമ്മിൾ  എഴുതിയ ബ്രെയിൻ റോട്ട് - തലച്ചോർ ചീയാൻ മക്കളെ വിടല്ലേ - എന്ന ലേഖനത്തിൽ പറയുന്നത് ശരാശരി 47% കുട്ടികളും ഈ ആസ്ക്തിയുടെ സ്ഥാധീനത്തിലാണെന്നാണ്. ആഗോള തലത്തിൽ 2023 - 2024 ൽ 20% കുട്ടികളിൽ ഇതിൻ്റെ ഫലമായി മാനസിക വൈകല്യങ്ങൾ ഉണ്ടായതായി WHO റിപ്പോർട്ട് ചെയ്തിട്ടുണ്ട് .  

പുറത്ത് കടക്കുവാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചേരുന്നതിന് മുമ്പ് അതിൽ നിന്ന് രക്ഷ നേടുവാൻ പല നല്ല നിർദ്ദേശങ്ങളും വിദഗ്ദ്ധർ പങ്ക് വയ്ക്കുന്നു. വായന, വ്യായാമം, വിനോദങ്ങൾ തുടങ്ങി പുതിയ കഴിവുകൾ ആർജിച്ചും, സാമൂഹിക ബന്ധങ്ങൾ വർദ്ധിപ്പിച്ചും, സമീഹൃതമായ ആഹാര ക്രിത്യമായി കഴിച്ചും, ആവശ്യത്തിന് ഉറങ്ങിയും ഒക്കെ ഇതിൻ്റെ മാന്ത്രിക വലയത്തിൽ നിന്ന് പുറത്ത് കടക്കാം.

എന്നാൽ ഒരു ദൈവ പൈതലിനെ സംബന്ധിച്ചെടുത്തോളം  ബാലൻ നടക്കേണ്ടുന്ന വഴിയിൽ ദൈവവചന പ്രകാരം അഭ്യസിപ്പിച്ചാൽ ഏത് പ്രതിസന്ധികളിൽ നിന്നും മാറി നിൽക്കുവാനും തരണം ചെയ്യുവാനും സാധിക്കും. അതുകൊണ്ടാണല്ലോ സങ്കീർത്തനത്തിൽ ( 119: 9 ) പറയുന്നത് ബാലൻ തൻ്റെ നടപ്പിനെ നിർമ്മലമാക്കുന്നത് എങ്ങനെ ? നിൻ്റെ വചന പ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ. 

ഹൃദയ പരമാർത്ഥതയോടും കൈയുടെ നിർമ്മലതയോടും കൂടെ ജീവിതത്തെ ക്രമീകരിച്ച അബിമേലെക്കിനെ അറിയാതെ പാപം ചെയ്തു തെറ്റിൽ അകപ്പെടാതെ തടഞ്ഞ സർവ്വ ശക്തനായ ദൈവം (ഉൽപ്പത്തി 20: 5,6)  നമ്മുടെ കുഞ്ഞുങ്ങളെയും നമ്മെയും പരിപാലിക്കേണ്ടതിനായി ഹൃദയപരമാർത്ഥതയോടെ ജീവിക്കുകയും, പ്രാർത്ഥിക്കുകയും, പ്രവർത്തിക്കുകയും ചെയ്യാം.

ജോൺ വെസ്ലി യൂണിവേഴ്സിറ്റി പഠനത്തിനായി പോയപ്പോൾ കൈയ്യിൽ ബൈബിൾ നൽകിയ ശേഷം അവൻ്റെ മാതാവ് പറഞ്ഞ പ്രസിദ്ധമായ വാചകം  ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് നിറുത്തുന്നു.
" ഒന്നുകിൽ ഈ പുസ്തകം നിന്നെ പാപത്തിൽ നിന്ന് അകറ്റും, അല്ലെങ്കിൽ പാപം നിന്നെ ഈ പുസ്തകത്തിൽ നിന്ന് അകറ്റും."
അതേ ആവോളം ദൈവവചനം കുഞ്ഞുങ്ങൾക്കും യുവാക്കൾക്കും പകർന്ന് നൽകി തലച്ചോർ ചീയലിൽ നിന്ന് അവരെ രക്ഷിക്കാം.

Advertisement