ഉപവാസം - ദൈവപ്രസാദമോ? 

ഉപവാസം - ദൈവപ്രസാദമോ? 

ഉപവാസം - ദൈവപ്രസാദമോ? 

 നിബു ജേക്കബ്,പെരുമ്പാവൂർ

പവാസം ഏന്നാൽ ദൈവത്തോട് കൂടെ വസിക്കുക എന്നർത്ഥം. 2 വ്യക്തിത്വങ്ങൾ കൂടെ വസിക്കുമ്പോൾ സംഭവിക്കുന്നത് പരസ്പരം കൂടുതൽ അറിയാൻ കഴിയും, പരസ്പരം ആശയങ്ങൾ പങ്കു വയ്ക്കപ്പെടും, ഇഷ്ടാനിഷ്ടങ്ങൾ പരസ്പരം തിരിച്ചറിയും, അതിലെല്ലാം ഉപരി ഒരാളിൽ ഉള്ള നല്ല  സ്വഭാവങ്ങൾ മറ്റെ ആളെ സ്വാധീനിക്കും. അഥവാ നാം പരിവർത്തനങ്ങൾക്കുവിധേയമാകാൻ തുടങ്ങും ബന്ധങ്ങളിലൂടെ. അതു കൂട്ടുകെട്ടുകളിൽ ആയാലും ശരി, കുടുംബ ജീവിതത്തിൽ ആയാലും ശരി. യഥാർഥത്തിൽ ഇത് തന്നെയല്ലേ ഉപവാസത്തിൽ അഥവാ ദൈവത്തോട് കൂടെ വസിക്കുമ്പോൾ സംഭവിക്കേണ്ടത് . 

ഏതായാലും ദൈവം സർവ്വശക്തനും ഉന്നതനും ആകയാൽ ബലഹീനരായ മനുഷ്യനിൽ നിന്നും ഒന്നും ദൈവത്തിലേക്ക് പകരപ്പെടുകയില്ല എന്നത് നിശ്ചയം ആണല്ലോ! അപ്പൊൾ ഉപവാസത്തിൽ ദൈവത്തിൽ നിന്നും മനുഷ്യനിലേക്ക് ചിലത് ഒക്കെ പകരപ്പെടേണ്ടത് ആയിട്ടുണ്ട് എന്ന് വ്യക്തം ആണല്ലോ. തിരുവചനം പറയുന്നു  നിങ്ങളുടെ സ്വർഗീയ പിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നത് പോലെ നിങ്ങളും സൽഗുണപൂർണരാകുവിൻ (മത്തായി 5:48).ഇത് ഗിരി പ്രഭാഷണത്തിൽ യേശു കർത്താവ് തന്നെ തിരുവായ് മൊഴിഞ്ഞു അരുളിചെയ്തതാണ് എന്ന് നമുക്കറിയാം. അപ്പൊൾ യഥാർഥത്തിൽ നമ്മിൽ ഒരു സ്വഭാവ രൂപീകരണം ആണ് സംഭവിക്കേണ്ടതു , ഏന്നാൽ ഇന്നത്തെ കൂടെ വസിക്കലിൽ കൂടെ അഥവാ ഉപവാസത്തിൽ കൂടെ അങ്ങനെ ദൈവീക സ്വഭാവത്തിലേക്ക് ഉയരാൻ വിശ്വാസികൾക്ക് കഴിയുന്നുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടത് അല്ലേ? 

അങ്ങനെ പൊതുവിൽ പറഞ്ഞത് കൊണ്ട് കാര്യമില്ലല്ലോ? എന്നിൽ സംഭവിക്കുന്നുണ്ടോ ? നമ്മിൽ സംഭവിക്കുന്നുണ്ടോ ?  അതു സംഭവിക്കപ്പെടുന്നില്ലെങ്കിൽ നമ്മുടെ ഉപവാസങ്ങൾ ദൈവത്തിനു ഇഷ്ടം ആകുന്നില്ല എന്നതല്ലേ വാസ്തവം. 1 ൽ തുടങ്ങി 100 എൽ അധികം ദിവസങ്ങളിലേക്ക് നീങ്ങുന്ന വ്യക്തിപരവും കൂട്ടായിട്ടുള്ളതും ആയ എത്രയോ ഉപവാസങ്ങൾ നടന്നു കഴിഞ്ഞു , നടന്നു കൊണ്ടിരിക്കുന്നു , ഇനിയും നടക്കാൻ പോകുന്നു. 

നാം ഒന്ന് തിരിഞ്ഞു ചിന്തിക്കേണ്ട കാലം ആയില്ലേ? നാം നമ്മെത്തന്നെ വിലയിരുത്തേണ്ട സമയം അല്ലേ ഇത്? അതിനു ആർക്കാണ് ഇവിടെ സമയം അല്ലേ! നാം മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത്തിൻ്റെ തിരക്കിൽ ആണല്ലോ! സ്വയം വിലയിരുത്താൻ ആർക്കാണ് ഇവിടെ താൽപര്യം. നമ്മുടെ കണ്ണിൽ കോൽ ഇരിക്കെ മറ്റുള്ളവരുടെ കണ്ണിലെ പൊടി ചൂണ്ടി കണിക്കുകയല്ലേ എളുപ്പം. ( ഞാൻ ആരെയും പഴിപറയുക അല്ല, എന്നെ തന്നെ കുറ്റപെടുത്തുകയാണ് കേട്ടോ).
പുതിയ നിയമത്തിലും പഴയ നിയമത്തിലും അമാതൃകാപരം  ആയ ചില ഉപവാസങ്ങൾ കാണാം . 

  • പുതിയ നിയമം 

അപ്പോസ്തല പ്രവർത്തി 23:12-14 ദൈവീക സുവിശേഷത്തിൻ്റെ ധീരസാക്ഷി ആയി നിലകൊണ്ട ദൈവമനുഷ്യൻ പൗലോസിനെ കൊന്നു കളയുവോളം ഒന്നും തിന്നുകയോ കുടിക്കുകയോ ചെയ്യുകയില്ല എന്ന് ശപഥം ചെയ്ത 40 ൽ അധികം യഹൂദന്മാർ. അതിനു മതമേല ധ്യക്ഷൻമാരുടെ ഒത്താശ ഉറപ്പ് വരുത്തുന്നു ഈ കഠിന ഹൃദയർ. 

യഥാർഥത്തിൽ ഇന്നു ആധുനീക ഭാരതത്തിൽ ഇത് ആവർത്തിക്കപ്പെടുകയല്ലേ. വികസനം എത്തി നോക്കിയിട്ടില്ലാത്ത ഭാരതത്തിൻ്റെ ഉല്‌ഗ്രാമങ്ങളിൽ സുവിശേഷത്തിൻ്റെ സദ് വാർത്തയിലൂടെ അക്ഷരവും അതിലൂടെ ജീവിത നിലവാര ഉയർച്ചകളും അതു സ്വപ്നം കാണാൻ പോലും സമൂഹം ഭ്രഷ്ട് കൽപ്പിച്ച പ്രിയപ്പെട്ടവർക്ക് ജീവിതത്യാഗത്തിലൂടെ അതു കൈമാറി കൊടുക്കുന്ന സുവിശേഷകരെ, സന്യാസ സമൂഹങ്ങളിലെ സഹോദരിമാരെ ഒക്കെ, ഒക്കെ ഇല്ലായ്മ ചെയ്യാൻ ആരെങ്കിലും ഒക്കെ ശപഥം ചെയ്യുന്നെങ്കിൽ , അതിനു അറിയാതെ എങ്കിലും അധികാരങ്ങൾ കൂട്ടു നിൽക്കുന്നെങ്കിൽ നാം ലജ്ജിക്കുക തന്നെ വേണം. ആധുനീക ഭാരതം കെട്ടിപ്പടുക്കാൻ മിഷനറിമാർ നൽകിയ സംഭാവനകൾക്ക് വിലകൊടുക്കാതെ അങ്ങനെ ആരെങ്കിലും ഒക്കെ പരിശ്രമിക്കുന്നെങ്കിൽ അവർ തല മറന്നു എണ്ണ തേക്കുകയാണ് എന്നല്ലാതെ എന്തു പറയാൻ അല്ലേ ! തന്നെ ക്രൂശിക്കാൻ മുൻപിൽ നിന്നവർക്ക് വേണ്ടി യേശു പ്രാർഥിച്ചതുപോലെ അവർക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം..... ഇവർ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്‌കയാൽ ഇവരോട് ക്ഷമിക്കേണമേ! തന്നെ കല്ലെറിഞ്ഞവർക്ക് വേണ്ടി സ്തെഫാനോസ് ചെയ്തതും അതു തന്നെയാണല്ലോ ! അതു തന്നെ നമുക്കും ചെയ്യാം, കാര്യങ്ങൾക്ക് തീർപ്പ് കല്പിക്കുന്ന ഒരു ദൈവം ഉണ്ടല്ലോ എന്ന് നമുക്ക് ആശ്വസിക്കാം. 

യഹൂദന്മാർ പൗലോസിനോട് ചെയ്തത് നമുക്ക് മനസ്സിലാകും. എന്താണ് പൗലോസ് ചെയ്ത തെറ്റ് ? പരിച്ഛേദന അല്ല വേണ്ടത് വിശ്വാസത്താലുള്ള നീതീകരണം ആണ് വേണ്ടത് എന്ന സുവിശേഷത്തിൻ്റെ അന്ത:സത്ത യഹൂദനിൽ ഒതുക്കാതെ ജാതികൾ എന്ന് യഹൂദൻ ഒഴിവാക്കി നിർത്തിയവരിലേക്കും എത്തിക്കാൻ ശ്രമിച്ചപ്പോൾ അതു മതമേലാളന്മാർക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്  ആയിരുന്നു.യഹൂദനു പ്രമാണം നൽകിയ ദൈവം തന്നെ അതു നിവർത്തിച്ച്  പുതിയ പ്രമാണം നൽകി സഭ എന്ന കര്ത്താവിൻ്റെ മണവാട്ടിയെ രൂപപ്പെടുത്താൻ ആരംഭിച്ചപ്പോൾ അതിനു മുൻകൈ എടുത്തവരെ ആക്രമിക്കാൻ മതപിന്തുന്ന ഉളളവർ രംഗത്ത് വന്നതാണ് നാം പ്രവർത്തികളുടെ പുസ്തകത്തിൽ ഉടനീളം കാണുന്നത്. 

അതെ അതു തന്നെയല്ലേ ഇന്നും നടക്കുന്നത് .ദൈവം ഒഴിവാക്കിയിട്ടും പ്രമാണത്തിൻ്റെ കാവലാളുകൾ എന്ന നിലയിൽ ഒഴിവാക്കേണ്ടവകളെ ചേർത്തുപിടിച്ച് അതു മാത്രമാണ് ശരി എന്ന് പിതൃ പാരമ്പര്യത്തിൻ്റെ പേര് പറഞ്ഞു കർത്താവ് നൽകിയ പുതിയ നിയമ പ്രമാണം ഉൽഖോഷിക്കുന്നവരെ ഒതുക്കുവാനുള്ള ശ്രമം , പരിശുദ്ധാത്മാവ് വരുന്നതിനു മുൻപ് മാനുഷീക നിലയിൽ തിരഞ്ഞുടുക്കപ്പെട്ടവരെ അപ്രസക്തർ ആക്കി പരിശുദ്ധാത്മാവ് പുതിയ നേതൃത്വങ്ങളെ തിരഞ്ഞെടുക്കുമ്പോൾ അതു ഉൾകൊള്ളാൻ കഴിയാതിരിക്കുക , പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടേണ്ട സഭയെ മാനുഷീക നയിക്കലുകൾ നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ അതിനെതിരെ ദൈവം നടത്തുന്ന ദൈവീക ഇടപെടലുകളെ കണ്ടില്ലെന്നു നടിക്കുക, ദൈവം നീക്കിയിട്ടും നീങ്ങാതെ മഹാപുരോഹിത വേഷധാരികളെ പോലെ അധികാരം ഉണ്ടെന്ന് ഭാവിച്ചു തുടരുക ഇതെല്ലാം അല്ലേ ആല്മീക ലോകത്തിൽ നാം കണ്ട് വരുന്നത്. 
എന്നിട്ട് ഇവയ്ക്കെല്ലാം വേണ്ടി പ്രാർത്ഥനയുടെയും ഉപവാസത്തിൻ്റെയും കൺവെൻഷൻ്റെയുംഉണർവിൻ്റെയും പേര് പറയുക. മുൻപിൽ ആൽമീകം പിന്നാമ്പുറത്ത് മാനുഷീക കരുക്കൽ നീക്കലുകൾ. ഇതിൽ ദൈവം പ്രസാദിക്കുമോ ? ഇല്ലേ ! ഇല്ല എന്ന് ഏതു സാധാരണക്കാരനും നിസ്സംശയം പറയാവുന്നതേ ഉള്ളൂ! 

  • പഴയ നിയമം

1 രാജാക്കന്മാർ 21:8-10. അധികാര സ്ഥാനത്ത് ഇരിക്കുന്നവർ പ്രസിദ്ധം ചെയ്ത ഉപവാസം.അതിനു ദേശത്തിലെ പ്രമാണിമാർക്കെല്ലാം അധികാരത്തിൻ്റെ മുദ്രയും വച്ച് എഴുത്തും എഴുതി.ആളുകളെ പട്ടണത്തിൻ്റെ പ്രധാന വാതിൽക്കൽ കൂട്ടി വരുത്തി വലിയ യോഗവും നടത്തി. പക്ഷേ പിന്നിലെ അജണ്ട നാബോത്തിൻ്റെ മുന്തിരിത്തോട്ടം എളുപ്പത്തിൽ ചീരതോട്ടം ആക്കണം,അതിനു നാബോത്ത് ഇല്ലാതായാലേ പറ്റൂ.അതിനുള്ള പേര് ഉപവാസം.ഒരു ചീരത്തോട്ടം ഉണ്ടാക്കുക ആണോ എളുപ്പം മുന്തിരി തോട്ടം ഉണ്ടാക്കുക ആണോ എളുപ്പം.നിശ്ചയമായും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നല്ല മുന്തിരി തോട്ടം,അതിൻ്റെ പിന്നിൽ ദീർഘ നാളുകൾ നീണ്ടു നിൽക്കുന്ന അധ്വാനം ഉണ്ട്, ശ്രദ്ധയുണ്ട് ,പണചിലവുണ്ട്,സമയം ചിലവഴിക്കേണ്ടത് ഉണ്ട്.ചീര ചിലപ്പോൾ തനിയെ മുളച്ചു വന്നെന്നിരിക്കും ഏന്നാൽ മുന്തിരി തോട്ടം അങ്ങനെ ഉണ്ടായി വരികയില്ല.

ആൽമീക പ്രസ്ഥാനങ്ങളോ,ഒരു പ്രാദേശിക സഭയോ ഒന്നും ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ചത് അല്ലല്ലോ?എത്രയോ പേരുടെ കഠിന അധ്വാനം,ഉപവാസം,പ്രാർത്ഥന നീണ്ട നാളത്തെ പങ്കപാടുകൾ ഇവയുടെ ഫലമല്ലേ ഓരോന്നും,ഓരോന്നും. ഈ മുന്തിരിത്തോട്ടങ്ങൾ ചീര തോട്ടം ആക്കി അഭംഗി ആക്കുവാൻ എളുപ്പം കഴിയും.അല്പം അധികാരം ഉണ്ടെങ്കിൽ ഭൂരിപക്ഷ പിന്തുണ ഉണ്ടെങ്കിൽ ഇസബലിനു  കഴിഞ്ഞത് പോലെ നാബോത്തിൻ്റെ മുന്തിരി തോട്ടം ചീരതോട്ടം ആക്കുക എളുപ്പം കഴിയും.ഏന്നാൽ വീണ്ടും ഒരു മുന്തിരി തോട്ടം ഉണ്ടാക്കുക എളുപ്പമേ അല്ല.

ഏന്നാൽ പൗലോസിനെ ശുശ്രൂഷ ഏൽപിച്ച ദൈവം, നാബോത്തിന് മുന്തിരി തോട്ടം പണിയുവാൻ ശക്തി നൽകിയ ദൈവം എല്ലാം കാണുന്നുണ്ട്,എല്ലാം അറിയുന്നുണ്ട്.അവൻ ന്യായമായ വിധികല്പിക്കുന്ന ഒരു ദിവസം ഉണ്ട് എന്ന് ഓർത്താൽ എനിക്ക് നന്നു,നിങ്ങൾക്ക് നന്ന് ,നമുക്ക് നന്ന്.
നമ്മുടെ ഉപവാസങ്ങൾ പ്രാർത്ഥനകൾ സുവിശേഷ പ്രഘോഷണ വേദികൾ ദൈവത്തിനു പ്രസാദം ഉള്ള ,ദൈവീക സ്വഭാവങ്ങൾ നമ്മിലേക്ക് സ്വാംശീകരിക്കുന്ന ,നമ്മെ കൂടുതൽ ആൽമീകർ ആക്കുന്ന,സമൂഹത്തിന് മാതൃകാപരമായ സാക്ഷികൾ ആക്കുന്ന ,ക്രിസ്തുവിനെ സമൂഹത്തിന് വായിച്ചറിയുവാൻ കഴിയുന്ന പത്രങ്ങൾ ആക്കുന്ന ഇടങ്ങൾ ആകട്ടെ!അതിനായി നമുക്ക് നമ്മെ സമർപ്പിക്കാം.   ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Advt.

Advt.