നമുക്കും വേണം വിശ്വവശ്യത
നമുക്കും വേണം വിശ്വവശ്യത

സത്യം, പരമാർഥത, നേര് (ട്രൂത്, ഇന്റെഗ്രിറ്റി, അപ്രൈറ്റ്) ഈ മൂന്ന് വാക്കുകൾക്കും അർഥം ഏറെക്കുറെ ഒന്നാണെന്ന് തോന്നാമെങ്കിലും പ്രായോഗികതയിൽ വരുമ്പോൾ വ്യത്യാസമുണ്ട്. പാപം ചെയ്യാത്തവർ ആരും ഇല്ല. പൗലൊസ് പോലും പറഞ്ഞു, എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാൽ ഞാൻ നീതിമാൻ എന്നു വരികയില്ല" (1 കൊരി. 4:4). ഇനി ഒരിക്കലും പാപം ചെയ്യില്ല എന്നുപറയാൻ കഴിയുന്നവരും ഇല്ല. വല്ല കോമയിലോ വെജിറ്റേറ്റീവ് സ്റ്റേറ്റ്‌ലോ ആണെങ്കിൽ പാപം ചെയ്യാതിരിക്കുവാൻ ഒക്കുമായിരിക്കും.
അപ്പോൾ പിന്നെ രക്ഷിക്കപ്പെട്ടവർ, മാനസാന്തരപ്പെട്ടവർ എന്നൊക്കെ പറയുന്ന നമുക്ക് സാധ്യമാകുന്ന, പ്രാപ്യമാകേണ്ട നിലവാരമേതാണ് ? എന്ത് സൗന്ദര്യമാണ് നമ്മിലുണ്ടായിരിക്കേണ്ടത് ? ആരോഗ്യം ഉള്ളവരെല്ലാം രോഗമില്ലാത്തവർ ആകണമെന്നില്ല. എന്നാൽ, രോഗിയാണെന്ന് നാം പറയുമ്പോൾ ഉദ്ദേശിച്ചത് ആരോഗ്യത്തെ സാരമായി എന്തോ ബാധിച്ചിരിക്കുന്നു എന്നു തന്നെയാണല്ലോ.
ആത്മീയലോകത്തും ഇതുതന്നെയാണ് സംഭവിക്കുന്നത്. മുഖവുരയിൽ എഴുതിയ മൂന്നു വാക്കുകൾ ശ്രദ്ധിച്ചിരിക്കുമല്ലോ. നമ്മുടെ കർത്താവു മാത്രം ആണ് സത്യം. എന്നുപറഞ്ഞാൽ സത്യത്തിന്റെ ആൾ രൂപം. കർത്താവു പറഞ്ഞു 'ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു" (യോഹ. 14.16). കർത്താവു ഇങ്ങനെയും പറഞ്ഞു, 'സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിൻ്റെ വചനം സത്യം ആകുന്നു." (യോഹ. 17:17). ഈ വാക്യങ്ങളാൽ മാറ്റുവാനോ തിരുത്തപ്പെടുവാനോ കഴിയാത്ത നിത്യതത്വമാണ്, നിത്യമായി വിശുദ്ധവുമാണ് വചനവും വചനത്തിൻ്റെ ആൾരൂപവുമെന്ന് നമുക്ക് ചുരുക്കി പറയാം.
എന്നാൽ, പരമാർഥത മുകളിൽ പറഞ്ഞ സത്യത്തിന്റെ പ്രതിഫലനമായി നമ്മിൽ നിന്നും ഉളവാക്കേണ്ടതാണ്. ചില കണ്ണാടിയിൽ നാം പ്രതിഫലിക്കപ്പെടുന്നത് വികലമായിട്ടാണ്. മെലിഞ്ഞിരിക്കുന്ന ആൾ നല്ല വണ്ണത്തിലും വണ്ണമുള്ള ആൾ മെലിഞ്ഞും നീളം കുറഞ്ഞ ആൾ നല്ല നീളത്തിലും നീളം ഉള്ള ആൾ കുള്ളനായും ഒക്കെ പ്രതിഫലിക്കപ്പെടുന്നത് നാം കണ്ടിട്ടുണ്ടല്ലോ. കാരണം, നാം വീക്ഷിച്ച പ്രതലത്തിൻ്റെ വളവു നിമിത്തമാണത്.
ഇതുപോലെ നാം ദൈവത്തെയും ദൈവവചനത്തെയും എങ്ങനെ ഗൗരവത്തോടെ കാണുന്നുവോ അതുപോലിരിക്കും നമ്മുടെ പര മാർഥത. എഫ്ഐആർ എഴുതിയ, മഹസ്സർ എഴുതിയ വ്യക്തി തൻ്റെ മനോധർമ്മംപോലെ എഴുതുമ്പോൾ കേസിനെ അത് സ്വാധീനിക്കുന്നതു പോലെ.
സത്യത്തോടുള്ള നമ്മുടെ പ്രതിഫലനമാണ് നമ്മുടെ പരമാർഥതയുടെ ആധാരം. “പരമാർഥതയിൽ നടക്കുന്നവൻ നീതിമാൻ; അവൻ്റെ ശേഷം അവൻ്റെ മക്കളും ഭാഗ്യവാന്മാർ" (സദൃ. 20:7). ഇതേ പരമാർഥതയുടെ വെളിച്ചത്തിലാണ് ദാവീദ് പശ്ചാത്തപിക്കുമ്പോൾ "അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു" (സങ്കീ. 53:6) എന്ന് പരാമർശിച്ചത്. വെളിപ്പാട് പുസ്‌തകത്തിൽ ഇതേ കാര്യം പരാമർശിച്ചത് വേറെ വാക്കുകൾകൊണ്ടാണ്, "ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും." (വെളി. 2:23).
അടുത്ത പദം 'നേരോടെ' എന്നതാണ്. സത്യത്തിൻ്റെയും, പരമാർഥതയുടെയും വിവാഹത്തിൽ ജനിച്ച കുഞ്ഞിൻ്റെ പേരാണ് നേര്. 'നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല' (സങ്കീ. 84:11). "നേരുള്ള വർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു' (സങ്കീ. 112:2). ട്രൂത്തും ഇന്റെഗ്രിറ്റിയും ഉള്ളവർ അപ്റൈറ്റായിരിക്കും. ഇതിൻ്റെ വേറൊരു വശമാണ് ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഉള്ളവരാകുക എന്ന് നാം വിവക്ഷിക്കുന്നത്. ഇതൊ ക്കെയുള്ളപ്പോൾ അതുകൊണ്ടുതന്നെ നശിപ്പിക്കുവാൻ ഉന്നം വെക്കുന്നവരും ഉണ്ടാകുമെന്നും മനസ്സിലാക്കണം. അതിനു ഉദാഹരണമാണ് ഇയ്യോബ് (ഇയ്യോ. 1:1). അവൻ നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനുമായിരുന്നു.
പരമാർഥതയും നേരും യേശുക്രിസ്‌തു എന്ന സത്യം കൂടാതെയും ലോകത്തിലുണ്ട്. പക്ഷെ, അത് സൂര്യനുപകരം ഹാലജൻ ബൾബ് ഉപയോഗിക്കുന്നതു പോലെയേ ഉള്ളൂ. നമ്മെക്കാൾ സത്യസന്ധത, പരമാർഥത തുടങ്ങിയ സദ്ഗുണങ്ങൾ ഉള്ളവർ ലോകത്തിലുണ്ട്. പക്ഷെ അതുകൊണ്ടു അവർ പാപികളല്ലാതായി തീർന്നില്ല. എന്നാൽ, നാം പാപികളായിരുന്നിട്ടും യേശുക്രിസ്തുതുവിൻ്റെ പ്രായശ്ചിത്ത മരണത്തിൽ വിശ്വസിച്ചു ദൈവമക്ക ളായവർ എത്ര അധികം പരമാർഥതയും നേരും ഉള്ളവരായിരിക്കണം!
പറഞ്ഞുകേട്ടതോ വായിച്ചതോ ആയ സംഭവകഥ എഴുതട്ടെ, വടെക്കേ ഇന്ത്യയിൽ കന്യാസ്ത്രീയായ ഒരു യുവതിയെ അക്രമികൾ ബലാത്സംഗം ചെയ്യുകയും അവൾ ഗർഭിണിയാകുകയും ചെയ്തു. അവളുമായി ബന്ധപ്പെട്ടവരെല്ലാം ഭ്രൂണഹത്യക്കു പ്രേരിപ്പിച്ചെങ്കിലും അവൾ അതിനു വിസമ്മതിച്ചു. ഉദരത്തിലെ ജീവനെ പരിരക്ഷിക്കുവാൻ അവൾ തീരുമാനിച്ചു. അവളുടെ നിസ്സഹായതയുടെ ആഴം ആർക്കും ഊഹിക്കാവുന്നതിലും അപ്പുറമാണ്. എങ്കിലും സത്യം അറിയാത്തവരുടെ ജീവപര്യന്തമുള്ള നിന്ദ, തിരുവചനസത്യം നിമിത്തമുള്ള ആജീവനാന്ത സഹനം, നേരോടെ നടന്നിട്ടും, ത്യാഗത്തിന്റെ പാത സ്വീകരിച്ചിട്ടും ജീവിതം സമ്മാനിച്ച അനർഹമായ കൈപ്പിൻ്റെയും വേദനയുടെയും ദിനങ്ങൾ...
എങ്കിലും സന്തോഷിക്കുവാൻ അവൾക്കും ഒരു കാരണമുണ്ട്, ദൈവവചനസത്യം (തത്വം) കാത്തു എന്നും പരമാർഥത കൈവിട്ടില്ല എന്നും, നേരോടെ നടന്നു എന്നും. ഈ - വിശ്വവശ്യത- അതിനെ നിസ്സാരമാക്കുവാൻ ഒരു പദവിക്കും ഒരു പ്രസിദ്ധിക്കും ഒരു ധനസമൃദ്ധിക്കും കഴികയില്ല.
Advt.











