ഒരു പുനരുത്ഥാന ആശംസ

ലോകമെങ്ങുമുള്ള ക്രൈസ്തവർ വാരോത്സവമായി മാറ്റിക്കളഞ്ഞ ആഘോഷമാണ് ഈസ്റ്റർ അഥവാ ഉയിർപ്പ്. ആ ദിവസത്തിന്റെ പ്രത്യേകതയോ അന്തസത്തയോ മനസിലാക്കാതെ കേവലം ഒരു ഉത്സവമായിമാത്രം ഈ ലോകമഹാത്ഭുതത്തെയും ക്രിസ്മസ് പോലെതന്നെ കാണുകയും ആ ദിവസത്തിന് മനുഷ്യരാശിയുടെമേൽ ഉള്ള സ്വാധീനത്തെ അപ്രസക്തമാക്കി കളയുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ ജനനം പോലെതന്നെ പ്രാധാന്യമുള്ളതാണു തന്റെ മരണവും. അതിനു കേവലം ആഘോഷത്തിന്റെ പകിട്ടുനൽകി അതിന്റെ പവിത്രത നഷ്ടമാക്കിയവർ ഏതു നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരായാലും ദൈവസന്നിധിയിൽ കണക്കു നല്കേണ്ടിവരുമെന്നതു തീർച്ചയാണ്. പല പരിമിതികൾകൊണ്ടും അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
ക്രിസ്തീയ വിശ്വാസിക്ക് എല്ലാ ഉറപ്പുകളിലും ഏറ്റവും നിർണായകവും ആനന്ദദായകവുമാണ് കർത്താവായ യേശുവിന്റെ പുനരുത്ഥാനം. സുവിശേഷത്തിന്റെ എല്ലാ വീണ്ടെടുപ്പ് മൂല്യങ്ങളും കാൽവരി കുരിശിൽ നിന്നാണ് ആരംഭിക്കുന്നത്; എന്തെന്നാൽ നമ്മുടെ കർത്താവിന്റെ പുനരുത്ഥാനം സംഭവിച്ചില്ലായിരുന്നെങ്കിൽ അവ ഒരിക്കലും നമ്മിലേക്ക് വരിക ഇല്ലായിരുന്നു. മരിച്ചുപോയ ഒരു ക്രിസ്തുവിന് ദൈവത്തിനും മനുഷ്യനും ഇടയിൽ മധ്യസ്ഥനാകാൻ കഴിയില്ലല്ലോ.
എന്നാൽ, തന്റെ പുനരുത്ഥാനത്തിൽ, വീണ്ടെടുപ്പിലൂടെ ദൈവവുമായുള്ള നമ്മുടെ അത്ഭുതകരമായ പുതിയ ബന്ധത്തെ യേശു വസ്തുനിഷ്ഠമാക്കുന്നു. തന്റെ ജനനത്തിലൂടെ അവൻ ദൈവത്തെ നമ്മുടെ മനുഷ്യപ്രകൃതിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. തന്റെ പുനരുത്ഥാനത്തിലൂടെ അവൻ മനുഷ്യപ്രകൃതിയെ ദൈവവുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ് കഴിഞ്ഞനൂറ്റാണ്ടിലെ പ്രശസ്‌തനായ ഒരു വേദപണ്ഡിതൻ പറഞ്ഞിട്ടിരിക്കുന്നത് . അപ്പോൾ, തീർച്ചയായും, നമ്മുടെ കർത്താവിന്റെ പുനരുത്ഥാനം അർത്ഥമാക്കുന്നത് ക്രിസ്തീയ വിശ്വാസികൾക്ക് മരണം നിരായുധീകരിക്കപ്പെടുകയും അവർ രൂപാന്തരപ്പെടുകയും ചെയ്യും എന്നാണ്. തന്റെ സ്വർഗ്ഗാരോഹണസമയം സാക്ഷികളായിരുന്ന ശിഷ്യന്മാർക്കു സ്വർഗ്ഗവാസികളായ ദൂതന്മാർ നൽകിയ സന്ദേശം വളരെ പ്രസക്തമാണ്: "അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു." (പ്രവ 1:11,12)
1തെസ്സലോനിക്യർ 3:13-18 നമ്മോടു പറയുന്നതു ഒരിക്കൽക്കൂടി ഉദ്ധരിച്ചു ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ:
"സഹോദരന്മാരേ, നിങ്ങൾ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന്നു നിദ്രകൊള്ളുന്നവരെക്കുറിച്ചു അറിവില്ലാതിരിക്കരുതു എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും. കർത്താവിന്റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവർക്കു മുമ്പാകയില്ല എന്നു ഞങ്ങൾ കർത്താവിന്റെ വചനത്താൽ നിങ്ങളോടു പറയുന്നു. കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചുകൊൾവിൻ.
നമ്മിൽനിന്നും വിടവാങ്ങിയവരെ ഓർത്തു ഇനി കരയുകയും മരിച്ചുപോയ ദൈവമക്കളെ മരിച്ചവർ എന്ന് വിളിക്കുകയും ചെയ്യരുത്; കാരണം മരണം ഉറക്കമായി ദൈവവചനം വിശുദ്ധീകരിക്കപ്പെടുത്തിയിരിക്കുന്നു, എല്ലാ ശവക്കുഴികളും കേവലം കിടക്കയായി മാറുന്നു. ഉറങ്ങുക എന്നാൽ മരിക്കുക എന്നല്ല! ഉറങ്ങുക, വലിയ ജീവിതത്തിനായി വീണ്ടും ഉണരുക! പ്രവാസത്തിനു പകരം, വിശ്രമം! പോരാട്ടത്തിനു പകരം സമാധാനം! ഒടുവിൽ, പഴയ കാര്യങ്ങൾ കഴിഞ്ഞു, ക്രിസ്തു ഉയിർത്തെഴുന്നേറ്റു! ഇനി നാമും ഉയിർത്തെഴുന്നേൽക്കും!
Advertisement










































