ഉയർത്തപ്പെട്ട ക്രിസ്തു ദൈവമക്കളുടെ ബലം

ഉയർത്തപ്പെട്ട ക്രിസ്തു  ദൈവമക്കളുടെ ബലം

റവ.ജോർജ് മാത്യു പുതുപ്പള്ളി

ഹൂദപ്രമാണിയായ നിക്കോദിമോസ് രാത്രിയിൽ യേശുവിന്റെ അടുക്കൽ വന്നപ്പോൾ യേശു അവനോട് ഇപ്രകാരം പറഞ്ഞു : 'മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു' (യോഹന്നാൻ 3 : 14). മോശെയുടെ സർപ്പത്തെക്കുറിച്ച് യേശു സംസാരിച്ചത് ക്രൂശിൽ താൻ അനുഭവിക്കുവാൻ പോകുന്ന വീണ്ടുടുപ്പിൻ മരണത്തെക്കുറിച്ച് വിവരിക്കുമ്പോഴാണ്. മോശെ കൊടിമരത്തിൽ സർപ്പത്തെ ഉയർത്തിയപ്പോൾ പിശാചും സാത്താനും എന്ന പഴയ പാമ്പിന്റെ തോൽവിയെ കാണിക്കുകയായിരുന്നു. ക്രൂശീകരണത്തിനു മുമ്പും ഭൂമിയിലെ ശുശ്രൂഷാവേളകളിൽ പിശാചിന്റെ തോൽവിയെക്കുറിച്ച് യേശുകർത്താവ് അനേക പ്രാവശ്യം സംസാരിച്ചിട്ടുണ്ട്.

മോശെ മരുഭൂമിയിൽ താമ്രസർപ്പത്തെ ഉയർത്തിയപ്പോൾ യിസ്രായേൽജനത്തെ കടിച്ച അഗ്നിസർപ്പങ്ങളുടെ ശക്തി നശിപ്പിക്കപ്പെട്ടതുപോലെ ക്രൂശിന്മേൽ നമ്മുടെ കർത്താവായ യേശുക്രിസ്തു മരിച്ചപ്പോൾ പിശാചിന്റെ ശക്തികൾ തകർക്കപ്പെട്ടു.സർപ്പത്താൽ കടിയേറ്റ യിസ്രായേൽജനം മരണത്തിനു വിധേയരായി കിടക്കുമ്പോൾ കൊടിമരത്തിൽ തൂക്കിയിരുന്ന താമ്രസർപ്പത്തെ നോക്കിയ ഉടനെ അവർ പൂർണ്ണമായും സൗഖ്യം പ്രാപിച്ചു. അതേ നിലയിൽ പിശാച് എന്ന പഴയ പാമ്പിന്റെ കടിയേറ്റ് മരണാസന്നരായ പാപികൾ വിശ്വാസത്താൽ യേശുവിന്റെ ക്രൂശിലേക്കു നോക്കുമ്പോൾ അവർക്ക് ദൈവിക രോഗശാന്തി ലഭിക്കുന്നു.

യേശുവിന്റെ ക്രൂശിന്റെ ചിത്രമായ താമ്രസർപ്പത്തെ നോക്കിയപ്പോൾ യിസ്രായേൽ ജനത്തിന് പാപക്ഷമയും രോഗസൗഖ്യവും ഉണ്ടായി. അങ്ങനെയെങ്കിൽ യഥാർത്ഥ രക്ഷകനായ ക്രൂശിന്മേലുള്ള യേശുവിനെ നോക്കുമ്പോൾ നമുക്ക് എത്രയധികം കൃപയും സൗഖ്യവും കണ്ടെത്തുവാൻ കഴിയും ! താമ്രസർപ്പം ഉയർത്തപ്പെട്ടപ്പോൾ യിസ്രായേൽ ജനത്തിന്റെമേൽ വീണ ശാപം നീങ്ങിപ്പോയി. അതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലയ്ക്കു വാങ്ങി. പഴയനിയമകാലത്തെ ജനത്തിന് ദൈവകൃപ ലഭിക്കുവാൻ ദൈവം സാദൃശങ്ങളും ചിത്രങ്ങളും ഉപയോഗിച്ചിരുന്നു. കൊടിമരത്തിന്മേലുള്ള താമ്രസർപ്പം ക്രിസ്തുവിനു സദൃശമാണ്. വരുവാനിരിക്കുന്ന വീണ്ടെടുപ്പുകാരനിൽ അവർ വിശ്വസിച്ചപ്പോൾ അവർക്ക് ദൈവിക രോഗസൗഖ്യം ലഭിച്ചു. അവർ നിഴലുകളിലും സദൃശങ്ങളിലും ചിഹ്നങ്ങളിലുംകൂടെ തങ്ങളുടെ രക്ഷകനിലും വിശ്വസിക്കുകയും ചെയ്തു. പ്രിയമുള്ളവരേ, നാം അനുഗ്രഹിക്കപ്പെട്ടത് യേശുക്രിസ്തുവിന്റെ സുവിശേഷത്താലാണെന്ന് മനസിലാക്കുക.

ചിന്തക്ക് : 'പിന്നെ സ്വർഗത്തിൽ യുദ്ധം ഉണ്ടായി. മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി. തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി, ജയിച്ചില്ലതാനും. സ്വർഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു. അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു. അപ്പോൾ ഞാൻ സ്വർഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത് : ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു. നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ' (വെളിപ്പാട് 12 : 7...10).

Advertisement