ആരാധനയിൽ ചെണ്ടയുടെ സ്ഥാനം അനിഷേധ്യമോ...?
കാലികം
ആരാധനയിൽ ചെണ്ടയുടെ സ്ഥാനം അനിഷേധ്യമോ...?
സജി പീച്ചി
ചെണ്ടയുടെ രംഗപ്രവേശം പെന്തകോസ്ത് വേദികളിൽ ഇനി പ്രത്യക്ഷപ്പെടുമോ...? ആർക്കറിയാം..?
പെന്തകോസ്തുകാർ കർണ്ണകഠോര ശബ്ദത്തിനുടമകളാണെന്നുള്ള ആക്ഷേപം നാട്ടുകാർ പണ്ടേ ഉന്നയിക്കുന്നതാണ്. പെന്തകോസ്ത്കാരുടെ പാട്ട്, പ്രാർത്ഥന, കയ്യടി, പ്രസംഗം, തപ്പും തമ്പേറുമുപയോഗിച്ചുള്ള ആരാധന, സമീപ പ്രാദേശങ്ങളിൽ ഉള്ളവർക്ക് അലോസരവും ശബ്ദമലിനീകരണമുണ്ടാക്കുന്നു എന്ന ആരോപണം പണ്ട് മുതലുള്ളതാണ്.
വാദ്യോപകരണങ്ങളുടെ കൂട്ടത്തിൽ പെന്തകോസ്ത് ആരാധനയിൽ സ്ഥാനം ലഭിക്കാതെ പോയ ഒന്നാണ് ചെണ്ട. ചെണ്ടയെപ്പറ്റി സംസാരിക്കാനോ സ്വാധീനിക്കാനോ ആരും രംഗത്ത് വന്നില്ല എന്നതും മറ്റൊരു യാഥാർഥ്യം.
18 വാദ്യങ്ങളിൽ പ്രധാനിയാണ് ചെണ്ട. ഹൈന്ദവ ഉത്സവങ്ങളായ പാണ്ടി മേളം, പാഞ്ചാരി മേളം, തായമ്പക എന്നിവയ്‌ക്കെല്ലാം ചെണ്ടയുടെ സ്ഥാനം മുന്നിലാണ്. ഹൈന്ദവ ക്ഷേത്രങ്ങളിലും സാംസ്കാരിക ചടങ്ങുകളിലും ചെണ്ട മുഖ്യമായും ഉപയോഗിക്കുന്നു.
കർണ്ണ കഠോര ശബ്ദത്തിനുടമയാണ് ചെണ്ട. ക്രൈസ്തവ ആരാധനാലയങ്ങളിൽ ചെണ്ടയ്ക്ക് മാത്രമല്ല വിലക്കുണ്ടായത്. മൃദുല ശബ്ദ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന മൃദംഗം, തബല, ഉടുക്ക്, തുടി, എന്നിവയ്ക്കും പെന്തകോസ്ത് ആരാധനകളിൽ പ്രവേശനം നിഷിദ്ധമായിരുന്നു. എന്നാൽ യുവജന കൂട്ടായ്മകളിലും വാദ്യോപകരണ മത്സരങ്ങളിലും ഈ വാദ്യോപകരണങ്ങൾ കാലാനുഗതമായി രംഗപ്രവേശം ചെയ്തെങ്കിലും ചെണ്ട മാത്രം അവഗണന അനുഭവിച്ചു.
ആരാധനയ്ക്ക് കൊഴുപ്പുണ്ടാക്കാനും പാട്ട് താളനിബദ്ധമാക്കാനും പൂർവ്വ സഭാ പിതാക്കന്മാർ തെരഞ്ഞെടുത്ത ഉപകരണമാണ് ഡ്രം അഥവാ തമ്പേറ്. പിന്നീട് ബാൻഡ് മേളങ്ങളിൽ ഡ്രമിന്റെ സ്ഥാനം അനിർവ്വചനീയമാംവണ്ണം വർദ്ധിച്ചു.
വേർപാടുകാരുടെ ആരാധനാലയങ്ങളിൽ ഡ്രമ്മിന്റെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും നിർണ്ണായകമായി തെളിയിക്കപ്പെട്ടിരുന്നില്ല.
എന്നാൽ പെന്തകോസ്ത് ആരാധനകളിൽ തമ്പേറും ടാമറും തകർത്താടുകയായിരുന്നു. അന്നും ഇന്നും പെന്തകോസ്ത് സഭകളിൽ ഡ്രം വായിക്കാനറിയുന്നവർ വിരളമാണ്. പെന്തകോസ്ത് സഭകളിൽ ഒന്നു മാറി മറ്റൊന്നായി എത്ര തമ്പേറുകൾ കൊട്ടി പൊട്ടിച്ചിരിക്കുന്നു.
നമ്മുടെ ഉപവാസ പ്രാർത്ഥനകളിലും ഉണർവ്വ് യോഗങ്ങളിലും ഉശിരും ശക്തിയും പകരാൻ ഡ്രം തന്നെ വേണം. ഇത്തരത്തിൽ ഉപയോഗിച്ച് ഇരു വശവും പൊളിഞ്ഞ തമ്പേറുകൾ പണ്ട് കാലങ്ങളിൽ സഭകളുടെ മൂലയിൽ മാറ്റി വച്ചിട്ടുണ്ടായിരുന്നു.
സമുദായ സഭകളിൽ ക്രിസ്തുമസ്സ് കാലഘട്ടത്തിലാണ് ഡ്രം പ്രത്യക്ഷപ്പെട്ടിരുന്നത്. യേശുവിന്റെ ജനന വാർത്ത മാലോകരെ അറിയിച്ചത് ഡ്രം അടിച്ചായിരുന്നു.
പെന്തകോസ്ത് ഉപദേശത്തിൽ നിന്നും അൽപ്പം വ്യത്യസ്തതയുള്ള മറ്റൊരു പെന്തകോസ്ത് പ്രസ്ഥാനത്തിന്റെ സംഗീത ശുശ്രൂഷയിൽ സഹോദരിമാരാണ് വാദ്യോപകരണങ്ങളായ ഡ്രമ്മും സൈഡ് ഡ്രമ്മും കൈകാര്യം ചെയ്യുന്നത്. ഒരു നിശ്ചിത കാലഘട്ടം വരെ പെന്തകോസ്ത് സഭയുടെ ആരാധനകളിൽ സൈഡ് ഡ്രമ്മിന് സ്ഥാനമുണ്ടായിരുന്നില്ല. ഇപ്പോൾ ചിലയിടങ്ങളിൽ സൈഡ് ഡ്രമ്മും ഉപയോഗിക്കുന്നുണ്ട്.
ഫൈബർ യുഗത്തിൽ സഭാഹാളുകളിൽ മൃഗങ്ങളുടെ തുകലിന് പകരം ഫൈബറാണ് ഉപയോഗിക്കുന്നത്. അപ്പോഴും ചെണ്ട ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ആരും തയ്യാറാവുന്നില്ല.
ചെണ്ട ഒരു വാദ്യോ പകരണമാണെന്ന് തിരിച്ചറിവില്ലാത്ത പല പെന്തകോസ്ത് ഉപദേശിമാർ പോലും നമ്മുടെയിടയിലുണ്ട്. ഇനി ചെണ്ടയുടെ രംഗപ്രവേശം സാധ്യമാക്കിയാലും കാതടപ്പിക്കുന്ന ശബ്ദത്തിന് മുന്നിൽ ആരൊക്കെ പഞ്ച പുച്ഛമടക്കി നിൽക്കുമെന്നും കാത്തിരുന്നു കാണാം.
Advertisement





















































































