വോട്ടർപട്ടിക : ക്രൈസ്തവ സഭയുടെ ദൗത്യവും ധാർമിക ഉത്തരവാദിത്തവും
മോൻസി മാമ്മൻ തിരുവനന്തപുരം
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (Special Intensive Revision—SIR) ബന്ധപ്പെട്ട വിവാദങ്ങളും പ്രതിഷേധങ്ങളും ഇന്ത്യയുടെ ജനാധിപത്യക്രമത്തെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നു. വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകളും അയോഗ്യരായ വോട്ടർമാരും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തി പട്ടിക ശുദ്ധീകരിക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നു. എന്നാൽ, ഈ പ്രക്രിയയുടെ ഭാഗമായി അർഹരായ വോട്ടർമാർക്കുപോലും വോട്ടവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പരിഷ്കരണം രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടാമെന്നും പ്രതിപക്ഷ പാർട്ടികളും മറ്റു വിമർശകരും ആശങ്ക പ്രകടിപ്പിക്കുന്നു. ഒക്ടോബർ 10-ന് ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവും അതിനെത്തുടർന്നുണ്ടായ പോലീസ് നടപടികളും ഈ വിവാദത്തെ കൂടുതൽ ശ്രദ്ധേയമാക്കി. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതും ചില മേഖലകളിൽ ആശയവിനിമയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും സംബന്ധിച്ച റിപ്പോർട്ടുകൾ പൊതുചർച്ചയ്ക്ക് കാരണമായി. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും തങ്ങൾക്കെതിരായ ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.
ഈ വിഷയങ്ങളിൽ ഒരു വിശ്വാസിക്ക് ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളുടെയും സത്യാവസ്ഥ നിർണയിക്കുക എന്നത് പ്രാഥമിക ദൗത്യമല്ല. വസ്തുതകൾ പരിശോധിക്കുക, തെളിവുകൾ വിലയിരുത്തുക, നിയമപരമായ തർക്കങ്ങളിൽ തീരുമാനമെടുക്കുക എന്നിവയ്ക്ക് ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളുണ്ട്. എന്നാൽ, ജനാധിപത്യത്തിലെ നീതി, പൗരാവകാശങ്ങൾ, ദുർബലരുടെ സംരക്ഷണം, ഭരണാധികാരികളുടെ ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ നാം ഉൾപ്പെടുന്ന സഭയ്ക്ക് ധാർമികമായ ഒരു ചുമതലയുണ്ട്. ഇവിടെ ഉന്നയിക്കപ്പെടുന്ന പ്രധാന ചോദ്യം ഒരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കണമോ എതിർക്കണമോ എന്നതല്ല. അതിലുപരി, ഈ കാലഘട്ടത്തിൽ ദൈവം തന്റെ സഭയെ ഇന്ത്യയിൽ എന്തിനാണ് വിളിച്ചിരിക്കുന്നത്? സമൂഹത്തിലെ നീതി, സത്യം, സമാധാനം, മനുഷ്യന്റെ അന്തസ്സ് എന്നിവയോടുള്ള സഭയുടെ നിലപാട് എന്താണ്? എന്നതാണ്. സഭയുടെ ധൗത്യം ഏതെങ്കിലും രാഷ്ട്രീയ കക്ഷിക്കോ നേതാവിനോ അനുകൂലമായോ പ്രതികൂലമായോ നിലപാടെടുക്കുക എന്നുള്ളതല്ല മറിച്ച്, ബൈബിളിന്റെ വെളിച്ചത്തിൽ സഭയുടെദൗത്യത്തെയും സാമൂഹിക ഉത്തരവാദിത്തത്തെയും ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട ഒരു സമയമാണ് ഇതെന്ന് നാം തിരിച്ചറിയാതെ പോകരുത്.
ധൗത്യം എന്നതിന്റെ അർത്ഥം: ദൈവത്തിന്റെ സമഗ്രമായ ദൗത്യത്തിലേക്ക് മടങ്ങുക
നമ്മുടെ പല പെന്തെക്കൊസ്ത് സഭകളിലും മിഷൻ (ധൗത്യം) എന്ന ആശയം സുവിശേഷപ്രഘോഷണം, സുവിശേഷയോഗങ്ങൾ, സഭാസ്ഥാപനം, ശിഷ്യത്വപരിശീലനം എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും മനസ്സിലാക്കപ്പെടുന്നത്. ഇവയെല്ലാം സഭയുടെ ദൗത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാൽ, ബൈബിളിലെ ധൗത്യദർശനം ഇതിൽ മാത്രം പരിമിതപ്പെടുന്നില്ല. വ്യക്തിയുടെ ആത്മീയ പരിവർത്തനത്തോടൊപ്പം മനുഷ്യന്റെ അന്തസ്സും സാമൂഹികബന്ധങ്ങളും നീതിയും സമാധാനവും പരിഗണിക്കുന്ന സമഗ്രമായ ദൈവിക ദൗത്യമാണ് തിരുവെഴുത്തുകൾ അവതരിപ്പിക്കുന്നത്.
തൻറെ ശുശ്രുഷയുടെ ആരംഭസമയത്തു പള്ളിയിൽ യേശു തന്റെ ശുശ്രൂഷയുടെ ലക്ഷ്യം പ്രഖ്യാപിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു:
“ദരിദ്രരോട് സുവിശേഷം അറിയിപ്പാൻ അവൻ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു; ബദ്ധന്മാർക്ക് വിടുതലും കുരുടന്മാർക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും…” (ലൂക്കൊസ് 4:18). യേശുവിന്റെ ഈ പ്രഖ്യാപനത്തിൽ സുവിശേഷപ്രഘോഷണവും വിടുതലും പീഡിതരോടുള്ള കരുതലും ഒരുമിച്ചുനിൽക്കുന്നു. ദൈവരാജ്യത്തിന്റെ സാന്നിധ്യം മനുഷ്യന്റെ ആത്മീയജീവിതത്തിൽ മാത്രം പ്രതിഫലിക്കുന്നതല്ല; അനീതിയാൽ മുറിവേറ്റവരുടെ ജീവിതത്തിലും അത് പ്രത്യാശയും പുനഃസ്ഥാപനവും സൃഷ്ടിക്കുന്നു. അതേസമയം, എല്ലാ സാമൂഹികപ്രശ്നങ്ങളെയും രാഷ്ട്രീയപ്രശ്നങ്ങളെയും സഭയ്ക്ക് ഒറ്റയ്ക്ക് പരിഹരിക്കാനാകുമെന്ന് ഈ വചനങ്ങൾ അർത്ഥമാക്കുന്നില്ല. സഭയുടെ ദൗത്യം രാഷ്ട്രീയാധികാരം കൈവശപ്പെടുത്തുകയോ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയോ അല്ല. മറിച്ച്, ദൈവരാജ്യത്തിന്റെ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും നീതിക്കും കരുണയ്ക്കും സത്യത്തിനും അനുസൃതമായ ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. “ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ” എന്ന ആമോസ് പ്രവാചകന്റെ ആഹ്വാനം (ആമോസ് 5:24), ആരാധനയും നീതിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു. അതുപോലെ, “ന്യായം പ്രവർത്തിക്കയും ദയാതല്പരനായിരിക്കയും നിന്റെ ദൈവത്തോടുകൂടെ താഴ്മയോടെ നടക്കയും ചെയ്യുക” എന്ന മീഖാ 6:8-ലെ സന്ദേശം വിശ്വാസത്തിന്റെ ധാർമിക സ്വഭാവം വെളിപ്പെടുത്തുന്നു. അതിനാൽ, ക്രൈസ്തവ ധൗത്യം എന്നത് ആളുകളെ സഭയിലേക്ക് ക്ഷണിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. മനുഷ്യരുടെ ജീവിതത്തിൽ ദൈവസ്നേഹത്തിനും നീതിക്കും സത്യത്തിനും സാക്ഷ്യം വഹിക്കുന്നതും അതിന്റെ ഭാഗമാണ്. ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കുന്ന സഭ, സുവിശേഷത്തിന്റെ ധാർമികമായ പ്രാധാന്യം പൊതുജീവിതത്തിലും പ്രകടമാക്കേണ്ടതുണ്ട്.
വോട്ടവകാശവും സഭയുടെ ധാർമിക ഉത്തരവാദിത്തവും
ജനാധിപത്യത്തിൽ വോട്ടവകാശം ഒരു ഭരണഘടനാപരമായ നടപടിക്രമം മാത്രമല്ല; പൗരന്മാർക്ക് പൊതുഭരണത്തിന്റെ ദിശ നിർണയിക്കുന്നതിൽ പങ്കാളികളാകാനുള്ള പ്രധാന മാർഗമാണ്. അതിനാൽ, വോട്ടർപട്ടിക കൃത്യവും വിശ്വസനീയവുമായിരിക്കേണ്ടത് അനിവാര്യമാണ്. അർഹതയില്ലാത്ത പേരുകൾ നീക്കം ചെയ്യുന്നതും വോട്ടർ പട്ടികയിലെ ഇരട്ട വോട്ടുകൾ ഒഴിവാക്കുന്നതും നിയമാനുസൃതമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാണ്. എന്നാൽ, അതോടൊപ്പം അർഹരായ പൗരന്മാരുടെ പേരുകൾ തെറ്റായി നീക്കം ചെയ്യപ്പെടാതിരിക്കാനും അവർക്കു തങ്ങളുടെ അർഹത തെളിയിക്കാനും തെറ്റുകൾ തിരുത്താനും ന്യായമായ അവസരം ലഭിക്കാനും ഉറപ്പുണ്ടാകണം. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത പട്ടികയിലെ കൃത്യതയിൽ മാത്രമല്ല, അർഹരായ ഓരോ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിലും ആശ്രയിച്ചിരിക്കുന്നു.
ദരിദ്രർ, കുടിയേറ്റത്തൊഴിലാളികൾ, വയോധികർ, ഭിന്നശേഷിക്കാർ, വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഭരണപരമായ നടപടിക്രമങ്ങൾ നേരിടുന്നതിൽ പ്രത്യേക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഇവരിൽ ആർക്കെങ്കിലും വോട്ടവകാശം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ട വിഷയമാണ്. ഒരു പ്രത്യേക വിഭാഗത്തിന് അനുപാതാതീതമായി നഷ്ടമുണ്ടായെന്ന നിഗമനത്തിലെത്തുന്നതിന് വിശ്വസനീയമായ വിവരങ്ങൾ ആവശ്യമാണ്. സഭയുടെ ഉത്തരവാദിത്തം ആരോപണങ്ങൾ തെളിവില്ലാതെ ആവർത്തിക്കുക എന്നതല്ല; മറിച്ച്, അർഹരായ ഒരാളും അവബോധമില്ലായ്മയോ നടപടിക്രമങ്ങളിലെ ബുദ്ധിമുട്ടുകളോ കാരണം തന്റെ അവകാശം വിനിയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാകാതിരിക്കാൻ സഹായിക്കുക എന്നതാണ്.
സദൃശവാക്യങ്ങൾ 31:8–9 ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: “ഊമർക്കുവേണ്ടി വായ് തുറക്കുക; അനാഥന്മാർക്കും അഗതികൾക്കും വേണ്ടി ന്യായം പാലിക്കുക.” ഇത് നീതിയോടുള്ള വിശ്വാസിയുടെ ഉത്തരവാദിത്തത്തെ ഓർമിപ്പിക്കുന്നു. സ്വന്തം അവകാശങ്ങൾക്കുവേണ്ടി സംസാരിക്കാൻ കഴിയാത്തവരെയും ഭരണസംവിധാനങ്ങളിലെ സങ്കീർണതകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്നവരെയും സഹായിക്കുന്നത് ക്രൈസ്തവ സ്നേഹത്തിന്റെ പ്രായോഗികമായ പ്രകടനമാണ്. സഭയുടെ ശബ്ദം ഒരു രാഷ്ട്രീയ പാർട്ടിയുടെ ശബ്ദമായി മാറേണ്ടതില്ല. എന്നാൽ, അവഗണിക്കപ്പെടുന്നവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാനും പാടില്ല. നീതിക്കുവേണ്ടി നിലകൊള്ളുക എന്നത് ഒരു രാഷ്ട്രീയ പക്ഷത്തെ അന്ധമായി പിന്തുണയ്ക്കുന്നതല്ല; മറിച്ച്, ഓരോ മനുഷ്യന്റെയും അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന ബൈബിളധിഷ്ഠിതമായ നിലപാടാണ്.
യേശു മതപരമായ കപടഭക്തിയെ വിമർശിച്ചുകൊണ്ട്, അധരങ്ങൾകൊണ്ട് ദൈവത്തെ ബഹുമാനിച്ചിട്ടും ഹൃദയം ദൈവത്തിൽനിന്ന് അകന്നിരിക്കുന്നവരെക്കുറിച്ച് സംസാരിച്ചു (മർക്കൊസ് 7:6). ഈ വിമർശനം ആരാധനയും ജീവിതവും തമ്മിലുള്ള പൊരുത്തക്കേടിനെ വെളിപ്പെടുത്തുന്നു. സമൂഹത്തിൽ നീതി നിഷേധിക്കപ്പെടുമ്പോൾ സഭയുടെ പ്രതികരണം എന്തായിരിക്കണം എന്ന ചോദ്യം അതുകൊണ്ട് പ്രസക്തമാണ്. സഭ എല്ലാ വിവാദങ്ങളിലും ഉടൻ അഭിപ്രായം പറയണമെന്നില്ല. വസ്തുതകൾ അറിയാതെ വിധിപറയാതിരിക്കുക വിവേകത്തിന്റെ ഭാഗമാണ്. എന്നാൽ, സത്യം വ്യക്തമാകുകയും മനുഷ്യരുടെ അവകാശങ്ങൾ അപകടത്തിലാകുകയും ചെയ്യുമ്പോൾ, ഭയമോ പക്ഷപാതമോ കാരണം മൗനം പാലിക്കുന്നത് സഭയുടെ ധാർമിക സാക്ഷ്യത്തെ ദുർബലപ്പെടുത്താം. യോസേഫും ദാനീയേലും അന്യദേശങ്ങളിലെ ഭരണസംവിധാനങ്ങളിൽ ഉത്തരവാദിത്തമുള്ള സ്ഥാനങ്ങൾ വഹിച്ചു. അവർ തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാതെ പൊതുജീവിതത്തിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചു. ദാനീയേൽ 6-ൽ, ദൈവത്തോടുള്ള ആരാധനയെ തടയുന്ന രാജകീയ ഉത്തരവിനെ നേരിട്ടപ്പോൾ, ദാനീയേൽ തന്റെ വിശ്വാസത്തിൽ ഉറച്ചുനിന്നു. ഇവരുടെ ജീവിതം സഭയ്ക്ക് നൽകുന്ന പാഠം, പൊതുജീവിതത്തിൽ പങ്കാളികളാകുന്നതും ദൈവത്തോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുന്നതും പരസ്പരവിരുദ്ധമല്ല എന്നതാണ്. അതേസമയം, ഈ പഴയനിയമ വ്യക്തികളുടെ അനുഭവങ്ങളെ ആധുനിക രാഷ്ട്രീയ സാഹചര്യങ്ങളുമായി യാന്ത്രികമായി തുലനം ചെയ്യാനാവില്ല. അവരിൽനിന്ന് പഠിക്കേണ്ടത് അധികാരം കൈകാര്യം ചെയ്യുന്നതിലെ സത്യസന്ധതയും ദൈവത്തോടുള്ള വിശ്വസ്തതയുമാണ്. നെഹെമ്യാവ് യെരൂശലേമിന്റെ പുനർനിർമാണത്തിനായി പ്രാർത്ഥിക്കുകയും പദ്ധതികൾ ആവിഷ്കരിക്കുകയും ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ, അദ്ദേഹത്തിന്റെ നേതൃത്വം മതപരമായ പുനരുജ്ജീവനത്തിൽ മാത്രം ഒതുങ്ങിയില്ല. ദരിദ്രരെ ചൂഷണം ചെയ്തിരുന്ന പ്രമാണിമാരെയും അധികാരികളെയും അദ്ദേഹം പരസ്യമായി ചോദ്യം ചെയ്തു (നെഹെമ്യാവ് 5). പ്രാർത്ഥനയും പ്രവർത്തനവും, ആരാധനയും സാമൂഹിക ഉത്തരവാദിത്തവും തമ്മിൽ വേർതിരിക്കാനാവില്ലെന്ന് ഈ സംഭവം കാണിക്കുന്നു. ആത്മീയ നേതൃത്വം ജനങ്ങളുടെ യഥാർഥ ജീവിതപ്രശ്നങ്ങളോട് സംവേദനക്ഷമമായിരിക്കണം.
അപ്പൊസ്തലനായ പൗലൊസ് തന്റെ റോമൻ പൗരത്വം ആവശ്യമായ സാഹചര്യങ്ങളിൽ ഉന്നയിച്ചു (അപ്പൊസ്തലപ്രവൃത്തികൾ 16:37; 22:25). തന്റെ ദൗത്യത്തിനും സുരക്ഷയ്ക്കും നീതിപൂർവമായ നടപടിക്രമങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഇത് വിശ്വാസികൾക്ക് നിയമപരമായ അവകാശങ്ങൾ മനസ്സിലാക്കുകയും ഉത്തരവാദിത്തത്തോടെ വിനിയോഗിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നു. ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അറിവുനേടുന്നതും അവ സംരക്ഷിക്കുന്നതിനുള്ള നിയമാനുസൃത മാർഗങ്ങൾ ഉപയോഗിക്കുന്നതും ക്രൈസ്തവ വിശ്വാസത്തിന് വിരുദ്ധമല്ല. അത് നിഷേധിക്കപെട്ടാൽ അത് നേടിയെടുക്കുന്നതിന് കൃത്യമായ ഇടപെടലുകൾ നടത്തുന്നതിന്റെ ആവശ്യകതയും ഇത് ചൂണ്ടി കാട്ടുന്നു. അനീതിയെയോ വിശ്വാസത്തെ നിഷേധിക്കാൻ നിർബന്ധിക്കുന്ന അധികാരത്തെയോ നേരിടുമ്പോൾ, വിശ്വാസിക്ക് ധാർമികമായ നിലപാട് സ്വീകരിക്കേണ്ടിവരാം. “ഞാൻ നിങ്ങളെ പ്രവാസത്തിലേക്കു കൊണ്ടുപോയിരിക്കുന്ന പട്ടണത്തിന്റെ ക്ഷേമം അന്വേഷിക്കയും അതിനുവേണ്ടി യഹോവയോടു പ്രാർത്ഥിക്കയും ചെയ്വിൻ” (യിരെമ്യാവ് 29:7) എന്ന സന്ദേശം പ്രവാസജീവിതം നയിച്ചിരുന്ന ദൈവജനത്തോടാണ് ആദ്യം പറയപ്പെട്ടത്. സ്വന്തം സാഹചര്യങ്ങൾ പ്രതികൂലമായിരുന്നാലും അവർ താമസിക്കുന്ന സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നായിരുന്നു ആഹ്വാനം. ഈ ഭാഗം നമ്മെ ഓർമിപ്പിക്കുന്നത് സമൂഹത്തിന്റെ നന്മയെ സ്വന്തം മതപരമായ താൽപര്യങ്ങളിൽ മാത്രം ഒതുക്കരുത് എന്നതാണ്. രാജ്യത്തിന്റെ സമാധാനം, നീതി, പൊതുനന്മ എന്നിവയ്ക്കായി പ്രവർത്തിക്കുന്നതും പ്രാർത്ഥിക്കുന്നതും സഭയുടെ പൊതുസാക്ഷ്യത്തിന്റെ ഭാഗമാണ്.
ഇന്ത്യയിലെ ക്രൈസ്തവ സഭയുടെ സാഹചര്യം: ഭീതിയും വിശ്വാസവും തമ്മിൽ
ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന പെന്തെക്കൊസ്ത് സഭകളും പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളിലും ചെറിയ കൂട്ടായ്മകളായുമായാണ് പ്രവർത്തിക്കുന്നത്. ചില സഭകൾ വാടകക്കെട്ടിടങ്ങളിലോ ഭവനങ്ങളിലോ ആരാധിക്കുന്നു. ചില പ്രദേശങ്ങളിൽ മതപരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ, ആരാധനാസമ്മേളനങ്ങൾ തടസ്സപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, സാമൂഹിക സമ്മർദങ്ങൾ തുടങ്ങിയവ ക്രൈസ്തവ സമൂഹങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന വിഷയങ്ങളാണ്. ഇത്തരം അനുഭവങ്ങൾ സഭാനേതൃത്വത്തിലും വിശ്വാസികളിലും ഭീതി സൃഷ്ടിച്ചേക്കാം. ഇത്തരമൊരു സാഹചര്യത്തെ ലഘുവായി കാണാനാവില്ല. പ്രത്യേകിച്ച്, പ്രാദേശികതലത്തിൽ സാമൂഹികമായോ രാഷ്ട്രീയമായോ സ്വാധീനം കുറവുള്ള സഭകൾക്ക് പൊതുവിഷയങ്ങളിൽ നിലപാടെടുക്കുന്നത് പ്രായോഗികമായ അപകടസാധ്യതകൾ ഉയർത്തിയേക്കാം. സഭകളുടെ മൗനത്തെ എല്ലായ്പ്പോഴും വിശ്വാസക്കുറവായി വ്യാഖ്യാനിക്കുന്നതും നീതിയല്ല.
എന്നിരുന്നാലും, രണ്ടു നിർണായക ചോദ്യങ്ങൾ സഭ ആത്മാർത്ഥമായി ചോദിക്കണം. ഒന്നാമതായി, നമ്മുടെ മൗനത്തിന്റെ അടിസ്ഥാനം എന്താണ്? വിവേകപൂർവമായ കാത്തിരിപ്പാണോ, വസ്തുതകളെക്കുറിച്ചുള്ള അറിവില്ലായ്മയാണോ, അതോ പ്രതികാരഭയമാണോ? തിമൊഥെയൊസ് 1:7 ദൈവം നമുക്കു തന്നത് ഭീരുത്വത്തിന്റെ ആത്മാവല്ല, ശക്തിയുടെയും സ്നേഹത്തിന്റെയും സുബോധത്തിന്റെയും ആത്മാവാണെന്ന് ഓർമിപ്പിക്കുന്നു. ഈ വചനം ഭയപ്പെടുന്നവരെ കുറ്റപ്പെടുത്താനുള്ള ഉപകരണമല്ല. മറിച്ച്, ഭയത്തിന്റെ നടുവിലും ജ്ഞാനത്തോടും സ്നേഹത്തോടും ധൈര്യത്തോടും കൂടി പ്രവർത്തിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശമാണ്. രണ്ടാമതായി, മൗനം യഥാർഥത്തിൽ നമ്മെ സംരക്ഷിക്കുമോ? സ്വന്തം സുരക്ഷയ്ക്കായി മാത്രം പൊതുനീതിയുടെ പ്രശ്നങ്ങളിൽനിന്ന് പിന്മാറുന്നത് ദീർഘകാലാടിസ്ഥാനത്തിൽ സമൂഹത്തെയും സഭയെയും ബാധിച്ചേക്കാം. വോട്ടവകാശം, മതസ്വാതന്ത്ര്യം, നിയമത്തിനു മുന്നിലെ സമത്വം, സമാധാനപരമായ അഭിപ്രായപ്രകടനം എന്നിവ ഒരു വിഭാഗത്തിന്റെ മാത്രം അവകാശങ്ങളല്ല. ഭരണഘടനയുടെ സംരക്ഷണത്തിൽ എല്ലാ പൗരന്മാർക്കും പങ്കുണ്ട്. അതുകൊണ്ട്, സഭയുടെ പ്രതികരണം അശ്രദ്ധമായ രാഷ്ട്രീയ ഇടപെടലോ ഭയത്തെ അടിസ്ഥാനമാക്കിയ മൗനമോ ആകരുത്. പകരം, വസ്തുതകളെ സൂക്ഷ്മമായി വിലയിരുത്തുകയും നിയമാനുസൃത മാർഗങ്ങൾ ഉപയോഗിക്കുകയും നീതിയുടെ കാര്യത്തിൽ സ്ഥിരത പുലർത്തുകയും ചെയ്യുന്ന വിശ്വസ്തമായ പൊതുസാക്ഷ്യമായിരിക്കണം.
1 തിമൊഥെയൊസ് 2:1–2 എല്ലാ മനുഷ്യർക്കും, രാജാക്കന്മാർക്കും അധികാരസ്ഥാനങ്ങളിലുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. അതിനാൽ, സഭയുടെ പ്രാർത്ഥന ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തിനുവേണ്ടി മാത്രം പരിമിതപ്പെടരുത്. ഭരണാധികാരികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർക്കും പ്രതിഷേധക്കാർക്കും പോലീസിനും പൊതുജനങ്ങൾക്കും വേണ്ടി സഭ പ്രാർത്ഥിക്കണം. സത്യം വെളിപ്പെടാനും നീതി പുലരാനും നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും അക്രമം ഒഴിവാക്കപ്പെടാനും രാജ്യത്ത് സമാധാനം നിലനിൽക്കാനും പ്രാർത്ഥിക്കാം. പ്രാർത്ഥന സാമൂഹിക ഉത്തരവാദിത്തത്തിൽനിന്നുള്ള പിന്മാറ്റമല്ല. മറിച്ച്, നമ്മുടെ നിലപാടുകളെയും പ്രവർത്തനങ്ങളെയും ദൈവത്തിന്റെ നീതിക്കും ജ്ഞാനത്തിനും സമർപ്പിക്കുന്ന ആത്മീയ ശിക്ഷണമാണ്. ഈ സാഹചര്യത്തിൽ സഭയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രായോഗികമായ സേവനങ്ങളിൽ ഒന്നാണ് പൗരന്മാരെ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മനസ്സിലാക്കാൻ സഹായിക്കുക. സഭാംഗങ്ങൾക്കും അയൽവാസികൾക്കും മതഭേദമന്യേ മറ്റ് പൗരന്മാർക്കും തങ്ങളുടെ പേരുകൾ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാനും, ആവശ്യമായ രേഖകൾ മനസ്സിലാക്കാനും, തെറ്റുകൾ തിരുത്തുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ അറിയാനും സഹായം നൽകാം. വയോധികർ, ഭിന്നശേഷിക്കാർ, കുടിയേറ്റത്തൊഴിലാളികൾ, വിദ്യാഭ്യാസപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവർക്കു പ്രത്യേക പരിഗണന നൽകാം. പ്രത്യേകിച്ചു പെന്തെകൊസ്തു യുവജന സംഘടനകൾക്കു ഇക്കാര്യത്തിൽ മുൻകൈ എടുത്തു പ്രവർത്തിക്കുവാൻ സാധിക്കണം. ഇത്തരം സഹായം നിഷ്പക്ഷവും സുതാര്യവുമായിരിക്കണം. ആരെ പിന്തുണയ്ക്കണമെന്ന് നിർദേശിക്കുകയോ ഏതെങ്കിലും പാർട്ടിക്കുവേണ്ടി വോട്ടർമാരെ സ്വാധീനിക്കുകയോ ചെയ്യാതെ, പൗരന്മാർക്ക് തങ്ങളുടെ അവകാശങ്ങൾ സ്വതന്ത്രമായി വിനിയോഗിക്കാൻ സഹായിക്കുക എന്നതായിരിക്കണം ലക്ഷ്യം. മനുഷ്യരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കാൻ സഹായിക്കുന്ന നിസ്വാർഥ സേവനവും ക്രൈസ്തവ സാക്ഷ്യത്തിന്റെ ഭാഗമാണ്.
സത്യസന്ധമായ ആശയവിനിമയം: വ്യാജവാർത്തകൾക്കെതിരെ
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിവരങ്ങൾ അതിവേഗം പ്രചരിക്കുന്ന കാലത്ത്, സത്യത്തെ സംരക്ഷിക്കുക എന്നത് സഭയുടെ പ്രധാന ധാർമിക ഉത്തരവാദിത്തമാണ്. വോട്ടർപട്ടികയെക്കുറിച്ചോ പ്രതിഷേധങ്ങളെക്കുറിച്ചോ സർക്കാരിന്റെ നടപടികളെക്കുറിച്ചോ സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ആശയക്കുഴപ്പത്തിനും വിദ്വേഷത്തിനും കാരണമാകാം. “കള്ളസാക്ഷ്യം പറയരുത്” എന്ന ദൈവകല്പന (പുറപ്പാട് 20:16) പൊതുജീവിതത്തിലെ നമ്മുടെ ആശയവിനിമയത്തിനും ബാധകമാണ്. വാർത്തകളുടെ ഉറവിടം പരിശോധിക്കുകയും ഔദ്യോഗിക രേഖകൾ വായിക്കുകയും വിശ്വസനീയമായ മാധ്യമറിപ്പോർട്ടുകൾ താരതമ്യം ചെയ്യുകയും വേണം. ആരോപണങ്ങളെ തെളിയിക്കപ്പെട്ട വസ്തുതകളായി അവതരിപ്പിക്കരുത്. അതുപോലെ, തെളിവുകൾ പുറത്തുവരുന്നതിനു മുമ്പുതന്നെ എല്ലാ ആശങ്കകളെയും അസത്യമായി തള്ളിക്കളയുകയും അരുത്. സത്യത്തോടുള്ള വിശ്വസ്തത എന്നത് നമുക്ക് ഇഷ്ടമുള്ള വാദങ്ങളെ മാത്രം സ്വീകരിക്കുന്നതല്ല; നമ്മുടെ മുൻധാരണകളെ തിരുത്താൻ തയ്യാറാകുന്നതും അതിന്റെ ഭാഗമാണ്. ബൈബിളിലെ പ്രവാചകശുശ്രൂഷ അധികാരത്തെ അന്ധമായി പിന്തുണയ്ക്കുന്നതോ എല്ലാ അധികാരങ്ങളെയും വിവേചനമില്ലാതെ എതിർക്കുന്നതോ ആയിരുന്നില്ല. അധികാരത്തിന്റെ പ്രവർത്തനങ്ങളെ ദൈവികമായ നീതിയുടെയും സത്യത്തിന്റെയും വെളിച്ചത്തിൽ പരിശോധിക്കുകയായിരുന്നു പ്രവാചകന്മാരുടെ ധാർമിക ഉത്തരവാദിത്തം. ഇന്നത്തെ സഭയ്ക്കും സമാനമായ വിവേകം ആവശ്യമാണ്. ഓരോ യോഗ്യനായ പൗരന്റെയും വോട്ടവകാശം സംരക്ഷിക്കപ്പെടണം; തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും നിഷ്പക്ഷവുമായിരിക്കണം; നിയമപരമായ നടപടികൾ നീതിപൂർവമായിരിക്കണം; സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം നിയമാനുസൃതമായ പരിധികളിൽ മാനിക്കപ്പെടണം; പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇത്തരം നിലപാടുകൾ ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയുള്ള പ്രഖ്യാപനമല്ല. എല്ലാ രാഷ്ട്രീയ കക്ഷികൾക്കും ഒരുപോലെ ബാധകമായ ധാർമിക മാനദണ്ഡങ്ങളാണ് അവ. പെന്തെക്കൊസ്ത് സഭകളുടെ കൂട്ടായ്മകൾക്കും യുവജന സംഘടനകൾക്കും വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇത്തരം പൊതുതത്ത്വങ്ങൾ വ്യക്തമാക്കാൻ കഴിയും. വ്യക്തിഗത സഭകൾക്ക് നേരിടേണ്ടിവരുന്ന സമ്മർദങ്ങൾക്കിടയിൽ കൂട്ടായ്മയോടെയുള്ള ഉത്തരവാദിത്തപൂർവമായ ഇടപെടൽ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായ മാർഗമായി മാറുവാൻ സാധിക്കും.
സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെക്കുറിച്ച് യുവജനങ്ങൾക്കിടയിൽ ചോദ്യങ്ങളും ആശങ്കകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. സഭ ഈ ചോദ്യങ്ങളെ അടിച്ചമർത്തുന്നതിനു പകരം, ബൈബിളിന്റെ വെളിച്ചത്തിൽ അവയെ പരിശോധിക്കാനുള്ള അവസരങ്ങൾ ഒരുക്കണം. യുവജനങ്ങൾക്ക് രാഷ്ട്രീയപാർട്ടികളുടെ പ്രചാരണങ്ങളെ മാത്രം ആശ്രയിക്കാതെ, ഭരണഘടന, പൗരാവകാശങ്ങൾ, ജനാധിപത്യം, മതസ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയെക്കുറിച്ച് പഠിക്കാൻ അവസരം നൽകണം. വ്യത്യസ്ത അഭിപ്രായങ്ങൾ മാന്യമായി കേൾക്കാനും തെളിവുകളെ വിലയിരുത്താനും തങ്ങളുടെ നിലപാടുകൾ തിരുത്താൻ തയ്യാറാകാനും അവരെ പരിശീലിപ്പിക്കണം. സഭയുടെ ലക്ഷ്യം യുവാക്കളെ ഒരു പ്രത്യേക രാഷ്ട്രീയ ചിന്താഗതിയിലേക്ക് നയിക്കുക എന്നതല്ല. മറിച്ച്, ബൈബിളധിഷ്ഠിതമായ ധാർമിക വിവേകത്തോടും പൗരബോധത്തോടും ഉത്തരവാദിത്തത്തോടും കൂടി പൊതുജീവിതത്തിൽ പങ്കാളികളാകാൻ അവരെ സജ്ജരാക്കുക എന്നതാണ്.
സഭയുടെ അംഗങ്ങൾക്കു വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ ഉണ്ടായിരിക്കാം. എന്നാൽ, സഭയുടെ ആത്മീയ അധികാരത്തെ ഏതെങ്കിലും പാർട്ടിയുടെ തിരഞ്ഞെടുപ്പ് താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നത് സഭയുടെ ദൗത്യത്തെ പരിമിതപ്പെടുത്തും. ഒരു പാർട്ടിയെ പിന്തുണയ്ക്കുന്നതും അതിന്റെ എല്ലാ പ്രവർത്തനങ്ങളെയും ധാർമികമായി ശരിവയ്ക്കുന്നതും രണ്ടുതരത്തിലുള്ള കാര്യങ്ങളാണ്. സഭയുടെ നിലപാടുകൾ വ്യക്തികളുടെ പാർട്ടിതാൽപര്യങ്ങളെക്കാൾ നീതി, സത്യം, മനുഷ്യാന്തസ്സ്, പൊതുനന്മ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം. മത്തായി 5:44-ൽ യേശു ശത്രുക്കളെ സ്നേഹിക്കാനും പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാനും ആഹ്വാനം ചെയ്യുന്നു. ഈ ഉപദേശം അനീതിയെ അംഗീകരിക്കണമെന്നല്ല അർത്ഥമാക്കുന്നത്. മറിച്ച്, അനീതിയെ എതിർക്കുമ്പോഴും എതിരാളികളെ മനുഷ്യത്വരഹിതരായി ചിത്രീകരിക്കാതിരിക്കാനുള്ള ക്രൈസ്തവ ഉത്തരവാദിത്തമാണ് അത്. രാഷ്ട്രീയവിയോജിപ്പ് വ്യക്തിവിദ്വേഷമായോ മതവിദ്വേഷമായോ മാറാതിരിക്കാൻ സഭ ശ്രദ്ധിക്കണം. നീതിക്കുവേണ്ടിയുള്ള ശബ്ദം സത്യസന്ധവും ധീരവുമായിരിക്കണം; അതേസമയം, സ്നേഹവും ആത്മനിയന്ത്രണവും കൈവിടരുത്.
പ്രതികാര ഭയത്തെ അടിസ്ഥാനമാക്കിയ മൗനം
സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ യാഥാർഥ്യമാണ്. അതിനാൽ, ഓരോ സഭയും എല്ലാ വിഷയങ്ങളിലും ഒരേ രീതിയിൽ പരസ്യമായി പ്രതികരിക്കണമെന്നില്ല. എങ്കിലും, പ്രതികാരഭയം മാത്രം അടിസ്ഥാനമാക്കി നീതിയുടെ എല്ലാ ചോദ്യങ്ങളിൽനിന്നും മാറിനിൽക്കുന്നത് ആത്മപരിശോധനയ്ക്ക് വിധേയമാക്കണം. ധൈര്യം എന്നത് അപകടസാധ്യതകളെ അവഗണിക്കുന്നതല്ല; മറിച്ച്, വിവേകത്തോടെ അപകടങ്ങളെ വിലയിരുത്തി ശരിയായത് ചെയ്യാനുള്ള സന്നദ്ധതയാണ്. ഫിലിപ്പിയർ 3:20 വിശ്വാസികളുടെ പൗരത്വം സ്വർഗത്തിലാണെന്ന് പ്രഖ്യാപിക്കുന്നു. എന്നാൽ, ഈ സ്വർഗീയ പ്രത്യാശ ഭൂമിയിലെ ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്മാറാനുള്ള അനുമതിയല്ല. ഒരു ക്രിസ്തു അനുയായിയുടെ അന്തിമ പ്രത്യാശ ദൈവരാജ്യത്തിലാണ്; അതുകൊണ്ടുതന്നെ, ഭൂമിയിലെ ജീവിതത്തിൽ നീതിക്കും സത്യത്തിനും സമാധാനത്തിനും സാക്ഷ്യം വഹിക്കേണ്ട ഉത്തരവാദിത്തവും അവനുണ്ട്. സഭയുടെ പ്രത്യാശ രാഷ്ട്രീയവിജയത്തിൽ ആശ്രയിച്ചിരിക്കുന്നതല്ല. അതേസമയം, ഈ ലോകത്തിലെ മനുഷ്യരുടെ ദുരിതങ്ങളോടും അവകാശങ്ങളോടും സഭ നിസ്സംഗത പുലർത്തുകയും അരുത്. “എന്റെ രാജ്യം ഈ ലോകത്തിന്റേതല്ല” എന്ന യേശുവിന്റെ വാക്കുകൾ (യോഹന്നാൻ 18:36) ചൂണ്ടിക്കാട്ടി സഭ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ ഇടപെടേണ്ടതില്ലെന്ന് ചിലർ വാദിക്കുന്നു. ഈ വചനത്തിന് അതീവ പ്രാധാന്യമുണ്ട്. യേശുവിന്റെ രാജ്യം ലോകത്തിലെ രാഷ്ട്രീയ അധികാരമത്സരങ്ങളുടെ മാതൃകയിൽ സ്ഥാപിക്കപ്പെടുന്ന ഒന്നല്ല. സഭയുടെ ലക്ഷ്യം ഭരണകൂടത്തെ കൈവശപ്പെടുത്തുകയോ രാഷ്ട്രീയാധികാരത്തിലൂടെ സുവിശേഷം അടിച്ചേൽപ്പിക്കുകയോ അല്ല. എന്നാൽ, യേശുവിന്റെ വാക്കുകൾ സഭയെ പൊതുജീവിതത്തിലെ ധാർമിക ഉത്തരവാദിത്തങ്ങളിൽനിന്ന് പൂർണമായി ഒഴിവാക്കുന്നില്ല. അതേ സംഭാഷണത്തിൽതന്നെ യേശു താൻ സത്യത്തിന് സാക്ഷ്യം പറയാനാണ് വന്നതെന്ന് പ്രഖ്യാപിക്കുന്നു (യോഹന്നാൻ 18:37). ഇവിടെ നിർണായകമായ വ്യത്യാസം രാഷ്ട്രീയാധികാരം നേടുന്നതും ദൈവരാജ്യത്തിന്റെ മൂല്യങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതും തമ്മിലാണ്. സഭ ഒരു രാഷ്ട്രീയ പാർട്ടിയാകേണ്ടതില്ല; എന്നാൽ, സത്യത്തെയും നീതിയെയും മനുഷ്യാന്തസ്സിനെയും സംബന്ധിച്ച വിഷയങ്ങളിൽ ധാർമിക നിലപാടെടുക്കാൻ അതിന് കഴിയും.
അതുകൊണ്ട്, രാഷ്ട്രീയപക്ഷപാതത്തിൽനിന്ന് വിട്ടുനിൽക്കുക എന്നതിന്റെ അർത്ഥം നീതിയെക്കുറിച്ച് മൗനം പാലിക്കുക എന്നല്ല. അതുപോലെ, നീതിയെക്കുറിച്ച് സംസാരിക്കുക എന്നതിന്റെ അർത്ഥം ഒരു പാർട്ടിയുടെ രാഷ്ട്രീയ അജണ്ട ഏറ്റെടുക്കുക എന്നതുമല്ല. സഭയുടെ വിളി അധികാരം കൈവശപ്പെടുത്തുക എന്നതിലല്ല, അധികാരത്തോടുൾപ്പെടെ എല്ലാവരുടെയും മുമ്പിൽ സത്യത്തിന് സാക്ഷ്യം വഹിക്കുക എന്നതിലാണ്.
ഇന്ത്യയിലെ ക്രൈസ്തവസഭയുടെ ചരിത്രത്തിൽ സുവിശേഷപ്രഘോഷണത്തിനും വിദ്യാഭ്യാസത്തിനും ആരോഗ്യപരിചരണത്തിനും ദരിദ്രരോടുള്ള സേവനത്തിനും വലിയ പ്രാധാന്യമുണ്ട്. ഈ പാരമ്പര്യം സഭയ്ക്ക് അഭിമാനിക്കാനുള്ള കാര്യം മാത്രമല്ല; തുടർന്നും വിശ്വസ്തതയോടെ നിർവഹിക്കേണ്ട ഉത്തരവാദിത്തവുമാണ്. ഇന്നത്തെ വോട്ടർപട്ടികാ വിവാദം സഭയോട് ചില അടിസ്ഥാന ചോദ്യങ്ങൾ ഉന്നയിക്കുന്നു. അർഹരായ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതിൽ സഭ എങ്ങനെ സഹായിക്കും? രാഷ്ട്രീയ വ്യത്യാസങ്ങൾക്കിടയിലും സത്യം എങ്ങനെ അന്വേഷിക്കും? ദുർബലരുടെ ശബ്ദം കേൾക്കപ്പെടാൻ എന്തുചെയ്യും? ഭയത്തിന്റെയും വിദ്വേഷത്തിന്റെയും കാലത്ത് സ്നേഹത്തോടും ധൈര്യത്തോടും കൂടി എങ്ങനെ സാക്ഷ്യം വഹിക്കും?
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ സഭ രണ്ട് കാര്യങ്ങളിൽ സൂക്ഷമത പുലർത്തേണ്ടത് ആവശ്യമാണ്ഒന്നാമത്തേത്, രാഷ്ട്രീയ അധികാരത്തിന്റെ ഉപകരണമായി മാറുക; രണ്ടാമത്തേത്, ആത്മീയതയുടെ പേരിൽ സാമൂഹിക ഉത്തരവാദിത്തങ്ങളിൽനിന്ന് പിന്മാറുക. ഇവയ്ക്കു പകരം, വചനത്തിൽ വേരൂന്നിയതും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതും നീതിയോടും കരുണയോടും പ്രതിബദ്ധത പുലർത്തുന്നതുമായ ഒരു പൊതുസാക്ഷ്യമാണ് സഭ വളർത്തേണ്ടത്. നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ അയൽക്കാരെ സഹായിക്കാം. സത്യവും അസത്യവും വേർതിരിച്ചറിയാൻ വിവേകം വളർത്താം. മനുഷ്യരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതിനായി നിയമാനുസൃതമായ മാർഗങ്ങളിലൂടെ പ്രവർത്തിക്കാം. അനീതിയെ എതിർക്കുമ്പോഴും സ്നേഹവും സമാധാനവും




