ദൈവത്തിന്റെ  കാഹളം

ദൈവത്തിന്റെ  കാഹളം

ലേഖനം

ദൈവത്തിന്റെ  കാഹളം

 സുബിൻ ഇലന്തൂർ 
 
ദൈവത്തിന്റെ കാഹളനാദം – ഒരൊറ്റ ശബ്ദം, ഒരേ വിളി, ഒരേ ലക്ഷ്യം
കാഹളത്തിന്റെ തുടക്കം – ദൈവം സംസാരിച്ച ശബ്ദം (പുറപ്പാട് 19:19), ബൈബിളിൽ കാഹളത്തെക്കുറിച്ചുള്ള ആദ്യ പരാമർശമാണിത്.

കാഹളം ദീർഘമായി ഉറച്ചുറച്ചു വന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോടു ഉത്തരം അരുളി (പുറപ്പാട് 19:19). കാഹളത്തിന്റെ “ശബ്ദം” മനുഷ്യനിൽ നിന്നല്ല, ദൈവത്തിൽ നിന്നാണ് വന്നതെന്നത് ശ്രദ്ധേയമാണ്. സീനായി പർവ്വതത്തിൽ ദൈവത്തെ എതിരേൽപ്പൻ മോശ കയറി ചെന്നപ്പോൾ  തൻറെ ജനത്തിനുവേണ്ടിയുള്ള പത്തു  കല്പനകൾ കല്പലകകളിൽ എഴുതി കൊടുക്കുന്നതിനു മുൻപായി ജനം  അടുത്ത് ചെല്ലുവാൻ പോലും ഭയപ്പെട്ട നിലയിൽ ഉണ്ടായ പുകയുടെയും തീയുടെയും നടുവിൽ മുഴങ്ങിയ കാഹളത്തിൻറെ ഗംഭീര ധ്വനിയാണ് പശ്ചാത്തലം. 

കാഹളത്തിന്റ ദൈവീക അർത്ധം വിശ്വാസികളെ ദൈവത്തിന്റെ ശബ്ദം കേൾക്കുന്നതിലേക്കും അതിനനുസരിച്ചു ജീവിക്കുന്നതിലേക്കും ആഹ്വാനം ചെയ്യുക, അതിന്റെ ചരിത്രപരവും പ്രവചനപരവുമായ പ്രാധാന്യം, നമ്മിൽ എന്ത് മാറ്റം സൃഷ്ടിക്കണം എന്നതിൽ ജാഗ്രതയേകുക എന്നുള്ളതാണ്.

പഴയനിയമത്തിൽ ദൈവത്തിന്റെ കാഹളങ്ങളെക്കുറിച്ചുള്ള അവസാന പരാമർശം  സൂചിപ്പിക്കുന്നത് സെഖര്യാ പ്രവചനത്തിലാണ്. “യഹോവ അവർക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നല്പോലെ പുറപ്പെടും; യഹോവയായ കർത്താവു "കാഹളം" ഊതി തെക്കൻ ചുഴലി കാറ്റുകളിൽ വരും  (സെഖര്യാവ് 9:14).ഇവിടെ തന്റെ ജനമായ യിശ്രയേലിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അവരുടെ നിലവിളികേട്ട് ആകാശം ചായ്ച്ചു ഇറങ്ങിവരുന്ന  ദൈവത്തിന്റെ  കരുണയാണ് ദർശിക്കുന്നത് ഇന്നും, നിലവിളിക്കുന്ന തന്റെ ജനത്തിനായി  സഹായകനായി ഇറങ്ങിവരുന്ന ഒരു ദൈവം ജീവിക്കുന്നു.

ദൈവത്തിന്റെ കാഹളത്തെപ്പറ്റി തിരുവചനത്തിൽ പലയിടത്തും പരാമര്ശിച്ചുണ്ടു.. "ആദ്യത്തെ" പുനരുത്ഥാനത്തിൽ ഒരു കാഹളം മുഴങ്ങുമെന്ന് ഉറപ്പാണ്, കാരണം, 1 കൊരിന്ത്യർ 15: 52-ൽ പുനരുത്ഥാനത്തെക്കുറിച്ചുള്ള തന്റെ പ്രസംഗത്തിൽ പൗലോസ് അത് പരാമർശിക്കുകയും അതിനെ "അവസാന കാഹളം" എന്ന് വിളിക്കുകയും ചെയ്യുന്നു. അത് സഭയുടെ പുനരുദ്ധാനത്തിനായി  മുഴങ്ങുന്ന  കാഹളവുമാണ്

1തെസ്സലോനിക്യർ 4:16-ൽ പറയുന്നു, 'കർത്താവു താൻ ഗംഭീര നാദത്തോടും പ്രധാന ദൂതൻറെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും, ക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും, പിന്നെ ജീവനോട് ശേഷിക്കുന്ന നാം അവരോടൊരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം ഇപ്പോഴും കർത്താവിനോടു കൂടെ ഇരിക്കും.

അവസാനമായി മുഴങ്ങുന്ന കാഹളനാദം മണവാളനായ യേശു ക്രിസ്തുവിന്റെ  മണവാട്ടിയാം സഭയുടെ പുനരുദ്ധാനത്തിനായി മുഴക്കുന്നതാണല്ലോ..? 
ഇന്ന് ക്രൈസ്തവ സമൂഹം ഒന്നടങ്കം ചിന്തിക്കുന്നത് എങ്ങനെയും ജീവിച്ചാൽ സ്വർഗത്തിൽ പോകാം എന്നുള്ളതാണ്, ഇത് വെറും മിഥ്യാ ധാരണയാണ്. എങ്ങനെയും ജീവിച്ചാൽ നിത്യതയിൽ പ്രവേശിക്കാൻ ആർക്കും കഴിയില്ല. വചനം പറയുന്നു ''ജീവ പുസ്തകത്തിൽ പേരെഴുതി കാണാത്ത ഏവനെയും          തീപൊയ്യ്യ്കയിൽ തള്ളിയിടും (വെളിപ്പാട് 20:15)
ജീവന്റെ പുസ്തകത്തിൽ പേരെഴുതുവാൻ വചനം തരുന്ന മാർഗനിർദേശം റോമർ 10:9 ൽ പറയുംപോലെ 
''യേശുവിനെ കർത്താവെന്നു വായ് കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയർത്തെഴുന്നേല്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായ് കൊണ്ട് രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു.

വചനം അനുശാസിക്കുന്ന ദൈവീക കല്പനകൾ അനുസരിച്ചു,  വിശുദ്ധിയിലും വേർപാടിലും നില നിന്ന് ജീവിക്കാത്ത ആർക്കും സ്വർഗ്ഗ പ്രാപ്തി ലഭ്യമല്ല എന്ന് വചനം നിർദേശിക്കുന്നു. അപ്പോസ്തലിക ഉപദേശങ്ങളായ, മാനസ്സാന്തരം, വിശ്വാസ സ്നാനം, പരിശുദ്ധാത്മസ്നാനം,  അപ്പം നുറുക്ക്, വേർപാട്കൂ, കൂട്ടായ്മ, പ്രാർത്ഥന   എന്നിവ ആചരിച്ചു  ഏതു നേരത്തും കർത്താവിനായി ഉണർന്നും, പ്രാർത്ഥിച്ചും, ജാഗരിച്ചും വിശുദ്ധിയെ തികക്കാത്ത ഏവരും അന്ത്യ കാഹള നാദത്തിങ്കൽ കൈവിടപ്പെടും.  മരണാനന്തരമുള്ള ശേഷക്രിയകൾക്കു ഒന്നിനും ആരെയും ആർക്കും സ്വർഗത്തിൽ എത്തിക്കുവാൻ കഴിയാവതല്ല. ആകയാൽ ജ്ഞാനികളുടെ ജ്ഞാനിയായ ശലോമോൻ ഓർപ്പിക്കുന്നതുപോലെ,എല്ലാറ്റിന്റെയും സാരം കേൾക്ക, ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്പനകളെ പ്രമാണിച്ചുകൊൾക; അതാകുന്നു സകല മനുഷ്യർക്കും വേണ്ടുന്നത്.  

അവസാന സൈറൺ പോലെ കാഹളം ഏതു നേരത്തും മുഴങ്ങാം... അതെപ്പോഴെന്നു പറയുവാൻ ആർക്കും കഴിയുകയില്ല, ഒന്നുകിൽ നിനയാത്ത നേരത്തു നമ്മുടെ മരണം അല്ലങ്കിൽ കർത്താവിന്റെ വരവ് . ഇത് ഏതു  നേരത്തും സംഭവിക്കാം.... സ്നേഹിതരെ.... കർത്താവിനെ വരവിനായി നിങ്ങൾ ഒരുക്കമുള്ളവരാണോ...? നിങ്ങളുടെ നിത്യത ഉറപ്പാക്കിയിട്ടുണ്ടോ ...?

Advertisement