യാത്രയായത് ഒരു ധീര പോരാളി

യാത്രയായത് ഒരു ധീര പോരാളി

കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ വൈ. ബെന്നി തുവയൂരിനെ  കെ.ജെ. ജോബ് അനുസ്മരിക്കുന്നു

സുദീഘമായ നാല്പത്തിനാല് വർഷത്തെ തന്റെ ശുശ്രൂഷ തികച്ച യാത്രയായ ഭക്തനായ ദൈവദാസനായിരുന്നു പാസ്റ്റർ വൈ ബെന്നി. 34 വർഷം മുമ്പ് അദ്ദേഹം ശുശ്രൂഷിക്കുന്ന കുരമ്പാല ചർച്ചിൽ ദീർഘനാൾ സഭായോഗത്തിൽ ഞാൻ സംബന്ധിച്ചിട്ടുണ്ട്. എന്റെ വിശ്വാസ ജീവിതത്തിന്റെയും വചന പഠനത്തിന്റെയും ആദ്യ നാളുകളായിരുന്നത്. കത്തോലിക്കനായിരുന്ന എനിക്ക് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലൂടെ ലഭിക്കുന്ന ആശയങ്ങൾ തികച്ചും പുതുമ നിറഞ്ഞതായി. ശക്തിയോടെ അദ്ദേഹം വചനം സംസാരിക്കുമായിരുന്നു.   ദീർഘമായ വാചകങ്ങൾ ശ്വാസം വിടാതെ അദ്ദേഹം പറയുന്നത് എന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി യിട്ടുണ്ട്. പ്രവചനവരമടക്കമുള്ള കൃപാവരങ്ങൾ അദ്ദേഹത്തിന് കർത്താവ് നൽകിയിരുന്നു.

ഇന്ത്യ സ്വതന്ത്ര ആകുന്നതിനു ഏഴുവർഷം മുമ്പാണ് അദ്ദേഹo ജനിച്ചത്- (1940 ഏപ്രിൽ 15). മാവേലിക്കര മറ്റംതെക്ക് വാലുപറമ്പിൽ യോഹന്നാൻ -മറിയാമ്മ ദമ്പതികളുടെ മകനായി ജനനം. യുവാവായിരുന്നപ്പോൾ അദ്ദേഹത്തെ അലട്ടിയിരുന്ന കഠിനമായ തലവേദനയും ബ്രയിനിലുള്ള പ്രശ്നങ്ങളും അടുത്തുള്ള  പെന്തക്കോസ്ത് സഭാംഗങ്ങളുടെ പ്രാർത്ഥന വഴി സൗഖ്യം ആയതാണ് വിശ്വാസത്തിലേക്കുള്ള ചുവടുവെപ്പിന് കാരണമായത്. യാക്കോബായ വിശ്വാസം വചനാനുസൃതം അല്ല എന്ന ബോധ്യം പെന്തക്കോസ്ത് സത്യങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചു.പെട്ടെന്ന് തന്നെ സ്നാനപ്പെട്ടു.പരിശുദ്ധാത്മഭിഷേകവും പ്രാപിച്ചു. 1969ൽ ആയിരുന്നു വിവാഹം. കായംകുളം ഭഗവതിപ്പടി മലമേൽ വീട്ടിൽ - മർത്തോമാ സഭ ഭാഗമായിരുന്ന - പൊന്നമ്മ ജോർജ് ആയിരുന്നു ജീവിത പങ്കാളിയായത്.

 ബിസിനസും ജോലിയും ചെയ്തു. കർതൃ വേലയ്ക്കാണ് വിളിയെന്ന് ബോധ്യമായതിനെ തുടർന്ന് 1979 മാവേലിക്കര പി.ജെ. ദാനിയേൽ സാറിന്റെ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ത്രീവത്സര കോഴ്സ് പൂർത്തിയാക്കി. പി.ജെ.ഡാനിയേൽ സാറിന്റെ നേതൃത്വത്തിലുള്ള പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡിന്റെ 
കൊമല്ലൂരിലുള്ള സഭയിൽ തന്റെ ആദ്യപ്രവർത്തനം ആരംഭിച്ചു. മുൻ എ.ജി. സെക്രട്ടറിപാസ്റ്റർ വി.ജെ.മാത്യുവുമായുളള പരിചയമാണ് എ.ജി.യുമായി ചേരാൻ കാരണമായത്. പിന്നീട് എ. ജിയുടെ കൊഴുവല്ലൂർ, അഞ്ചൽ, വെണ്മണി, കുരമ്പാല, തൂവയൂർ, വളഞ്ഞവട്ടം, ചണ്ണപ്പെട്ട, കൊല്ലകടവ് ബഥേൽ, പത്തനാപുരം ശാലേംപുരം തുടങ്ങി വിവിധ സഭകളിൽ  ശുശ്രൂഷിച്ചു.

 എല്ലായിടത്തും രോഗശാന്തി വരമടക്കംകൃപാവര ശുശ്രൂഷ ചെയ്യുവാനും നിരവധി വ്യക്തികളെ കർത്താവിനു വേണ്ടി നേടുവാനും പല ഘട്ടങ്ങളിൽ കർത്താവ് ഉപയോഗിച്ചു. ചില സ്ഥലങ്ങളിൽ സഭയുടെ ഹാൾ/ പാർസനേജ് എന്നിവയുടെ നിർമ്മാണത്തിന് വേണ്ടി കഠിനമായി പ്രയത്നിച്ചു. സുവിശേഷ വിരോധികളുടെ പീഡനം ഏറ്റു വാങ്ങിയപ്പോൾ പോലും ധൈര്യത്തോടെ അതിജീവിച്ച ഭക്തൻ. വിശ്വാസ ജീവിതത്തിൽ അധിഷ്ഠിതമായ ക്രിസ്തീയ ശുശ്രൂഷയായിരുന്നു അദ്ദേഹത്തിന്റേത്. കോലാഹലങ്ങളില്ലാത്ത ജീവിതം.

 പാസ്റ്റർ വൈ. ബെന്നിയുടെ മക്കളും മരുമക്കളും വ്യത്യസ്ത നിലകളിൽ കർത്താവിന് വേണ്ടി പ്രവർത്തിക്കുന്നതായി കാണാൻ കഴിഞ്ഞതും തന്റെ ജീവകാലത്ത് ലഭിച്ച വലിയ ഭാഗ്യമാണ്.
മകൾ മിനി ബാബു - ഭർത്താവ് പാസ്റ്റർ ബാബു തോമസ്, മകൻ ബിനു ബെന്നി- സഹധർമ്മിണി സിസി ബിനു, മകൾ ഷൈനി ജോൺസൺ - ഭർത്താവ് യു. ടി.സി.( ബാംഗ്ലൂർ)പ്രൊഫസർ ഡോ. ജോൺസൺ തോമസുകുട്ടി, ചർച്ച് ഓഫ് ഗോഡ്(കല്ലുമല)കുറത്തികാട് ശുശ്രൂഷകൻ പാസ്റ്റർ ബിജു ബെന്നി -ഭാര്യ എയ്ഞ്ചൽ ബിജു എന്നിവരാണ് അവർ. എട്ട് കൊച്ചുമക്കളെയും മൂന്ന് ചെറുമക്കളെയും നൽകിയും കർത്താവ് തന്നെ ധന്യനാക്കി.
തുവയൂർ ബഥേൽ എ.ജി യുടെ സെമിത്തേരിയിലാണ് പാസ്റ്റർ വൈ. ബെന്നി എന്ന ഭക്തനും വിശ്വസ്തനുമായ ഈ ധീരപോരാളിയും അന്ത്യവിശ്രമം കൊളളുന്നത്. ഉയർപ്പിൻ സുപ്രഭാതം വരെ.

Advertisement