നൂറാണ്ടിന്റെ പെരുമ: മൗണ്ട് സീയോൺ ബൈബിൾ സെമിനാരി ശതാബ്ദി നിറവിൽ
ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് നവംബർ 17ന് മുളക്കുഴയിൽ തുടക്കം
വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം
മുളക്കുഴ: മുളക്കുഴ സീയോൻ കുന്നിൽ 1927-ൽ റോബർട്ട് എഫ്. കുക്ക് (കുക്ക് സായിപ്പ്) ദൈവസഭയ്ക്കായി ആരംഭിച്ച മൗണ്ട് സിയോൺ ബൈബിൾ സെമിനാരി ശതാബ്ദി വർഷത്തിലേക്ക് പ്രവേശിക്കുന്നു. 2027 സെമിനാരിയുടെ നൂറാം വാർഷിക വർഷമാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ആയിരക്കണക്കിന് ദൈവദാസന്മാരെ പരിശീലിപ്പിച്ച് ക്രിസ്തീയ ശുശ്രൂഷയ്ക്കായി സജ്ജരാക്കാൻ സെമിനാരിക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരിൽ നിരവധി പേർ ദൈവസഭയുടെയും ക്രൈസ്തവ സമൂഹത്തിന്റെയും വിവിധ മേഖലകളിൽ നേതൃത്വപരമായ ഉത്തരവാദിത്വങ്ങൾ വഹിച്ചുവരുന്നു.
2026 നവംബർ 17ന് മുളക്കുഴ ദൈവസഭാ ആസ്ഥാനത്ത് ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ദൈവസഭ സൗത്ത് ഏഷ്യൻ സൂപ്രണ്ട് റവ. ഡോ. സി. സി. തോമസ്, കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി, അസിസ്റ്റന്റ് ഓവർസിയർ റവ. ഡോ. ഷിബു കെ. മാത്യു, എഡ്യുക്കേഷൻ ഡയറക്ടർ റവ. ഡോ. ജയ്സൺ തോമസ്, സെമിനാരി പ്രിൻസിപ്പാൾ റവ. നോബിൾ ജേക്കബ്, കൗൺസിൽ അംഗങ്ങൾ, വിവിധ പെന്തെക്കോസ്ത് സഭാ നേതാക്കൾ, സഭാ ശുശ്രൂഷകന്മാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഒരു നൂറ്റാണ്ട് പിന്നിട്ട സെമിനാരിയുടെ ദൈവിക ദൗത്യത്തിനും ഭാവി പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകുന്ന ശതാബ്ദി ആഘോഷങ്ങളുടെ അനുഗ്രഹത്തിനായി ദൈവദാസന്മാരും ദൈവജനവും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് മൗണ്ട് സിയോൺ ബൈബിൾ സെമിനാരി അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് അഭ്യർത്ഥിച്ചു.





