പുതിയ സര്‍ക്കാര്‍: നിലപാടുകളും പ്രതീക്ഷകളും

പുതിയ സര്‍ക്കാര്‍: നിലപാടുകളും പ്രതീക്ഷകളും


സജി മത്തായി കാതേട്ട്

കോട്ടയം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് നീക്കങ്ങള്‍ ആരംഭിച്ചപ്പോഴേ ചില കടലാസു സംഘടനകളും വാട്ട്സാപ്പ് പുലികളും പെന്തെക്കോസ്തു സഭകള്‍ ഒന്നടങ്കം ഇടതുപക്ഷത്തോടൊപ്പമെന്ന് പ്രസ്താവനകളും മറ്റും ഇറക്കിയിരുന്നു. ആ സമയത്തു തന്നെ ഗുഡ്ന്യൂസും  മറ്റു ചില പെന്തെക്കോസ്തു മാധ്യമങ്ങളും ഇതിനെതിരെ ശക്തമായി നിലകൊള്ളുകയും പെന്തെക്കോസ്തുകാര്‍ ആര്‍ക്കൊപ്പവുമല്ല എന്ന് ബോധ്യമാക്കുകയും ചെയ്തിരുന്നു. തൊട്ടു പിന്നാലെ മുഖ്യധാരാ സഭകളെല്ലാം പെന്തെക്കോസ്തുകാര്‍ ഒരു പക്ഷത്തുമല്ല എന്നും പ്രഖ്യാപിക്കയുണ്ടായി.
ആര്‍ക്കു വോട്ട് ചെയ്യണമെന്ന് സഭകള്‍ നിര്‍ദ്ദേശിക്കാതെ വിശ്വാസികളുടെ മനഃസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്ന ശരിയായ ദിശ കാണിക്കുകയും ചെയ്തു. 

ഇപ്പോള്‍ പുതിയ സര്‍ക്കാര്‍ വന്നിരിക്കുകയാണ്. കേരളത്തിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ ഭരണമാറ്റങ്ങളും ക്രൈസ്തവ സമൂഹത്തിലെ നിര്‍ണ്ണായക വിഭാഗമായ പെന്തെക്കോസ്തു സഭകളില്‍ ചര്‍ച്ചകള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. 

പരമ്പരാഗത വോട്ട് ബാങ്കുകളില്‍ നിന്ന് മാറി, തങ്ങളുടെ സ്വത്വവും അവകാശങ്ങളും സംരക്ഷിക്കുന്ന രാഷ്ട്രീയ നിലപാടുകളിലേക്ക് പെന്തെക്കോസ്തു സമൂഹം നീങ്ങുന്നതായാണ് സമീപകാല സൂചനകള്‍ വെളിപ്പെടുത്തുന്നത്.

സര്‍ക്കാര്‍ നടപ്പിലാക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ തങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പെന്തെക്കോസ്തു വിശ്വാസികള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനു തക്കപരിഹാരം ഉണ്ടാവണം.

പുതിയ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനും പ്രാര്‍ഥനാ യോഗങ്ങള്‍ നടത്തുന്നതിനും സെമിത്തേരിയുടെ പേരിലുള്ള തടസ്സങ്ങളും നീക്കാന്‍ പുതിയ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നത് ഈ സമൂഹത്തിന്‍റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. ഇതിനായുള്ള ചര്‍ച്ചകളും നിവേദനങ്ങളും ഓര്‍മപ്പെടുത്തലുകളും സഭാകേന്ദ്രങ്ങളില്‍നിന്നും ഉണ്ടാവണം.
ഒരുകാലത്ത് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നിരുന്ന പെന്തെക്കോസ്തു വിഭാഗം, ഇപ്പോള്‍ നിര്‍ണായകമായ ഒരു വോട്ട് ബാങ്കായി മാറിയിരിക്കുന്നുവെന്നത് നമ്മുടെ സമൂഹം മനസിലാക്കിയിട്ടില്ലെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അതിനെക്കുറിച്ച് ശരിയായ ബോധ്യമുണ്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഇരുന്നൂറിനടുത്ത് പെന്തെക്കോസ്തു വിശ്വാസികളാണ് വിവിധ പഞ്ചാത്തുകളിലും മറ്റും തിരഞ്ഞെടുക്കപ്പെട്ടത്.
ഈ സാഹചര്യങ്ങളും മറ്റും മുന്‍നിര്‍ത്തിയാവണം ഇലക്ഷന്‍ സമയങ്ങളില്‍ മുന്നണികള്‍ ഇവരുടെ പിന്തുണ തേടി സഭാ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നത്. 

വിശ്വാസപരമായ കാര്യങ്ങളില്‍ കണിശത പുലര്‍ത്തുന്നതോടൊപ്പം തന്നെ, മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുന്ന ഭരണകൂടങ്ങളെ പിന്തുണയ്ക്കുക എന്നതാണ് സഭാ നേതൃത്വങ്ങളുടെ പൊതുവായ നയം.

ഭരണമാറ്റങ്ങള്‍ വരുമ്പോള്‍ സഭകളുടെ പ്രധാന ലക്ഷ്യം സുരക്ഷിതമായ ആരാധനാ അന്തരീക്ഷമാണ്. മതവിവേചനമില്ലാതെ എല്ലാവരെയും തുല്യമായി കാണുന്ന ഒരു ഭരണസംവിധാനത്തെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നതാണ്  സഭകള്‍ക്കുവേണ്ടി ഒരു മാധ്യമം എന്ന നിലയില്‍ ഗുഡ്ന്യൂസിനു സര്‍ക്കാരിന്‍റെ മുന്നില്‍ വയ്ക്കാനുള്ള നിര്‍ദ്ദേശം. ചില പ്രതിസന്ധികളും വെല്ലുവിളികളും ഞങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.

  • ശ്മശാന നിര്‍മാണം, ചര്‍ച്ച് പ്രോപ്പര്‍ട്ടി ടാക്സ് തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും കൂടുതല്‍ അനുഭാവപൂര്‍ണമായ നിലപാട് പെന്തെക്കോസ്ത് സമൂഹം പ്രതീക്ഷിക്കുന്നു.
  • വര്‍ധിച്ചുവരുന്ന വിദ്വേഷ പ്രസംഗങ്ങളും ആക്രമണങ്ങളും തടയാന്‍ കര്‍ശനമായ നിയമനിര്‍മാണം പുതിയ ഭരണകൂടത്തില്‍ നിന്ന് ഈ വിഭാഗം ആഗ്രഹിക്കുന്നു.

കേരളത്തിലെ പുതിയ ഭരണമാറ്റം പെന്തെക്കോസ്ത് സഭകളെ സംബന്ധിച്ചിടത്തോളം കേവലം ഒരു രാഷ്ട്രീയമാറ്റം മാത്രമല്ല, മറിച്ച് തങ്ങളുടെ നിലനില്‍പ്പിന്‍റെയും വളര്‍ച്ചയുടെയും പുതിയ പാതകള്‍ തേടാനുള്ള അവസരം കൂടിയാണ്.

ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണമായാലും ആ സര്‍ക്കാരിന്‍റെ നിലനില്‍പ്പിലും ഉയര്‍ച്ചക്കും പെന്തെക്കോസ്തു സമൂഹം ഒപ്പം ഉണ്ടാകും. അവര്‍ക്കായി പ്രാര്‍ഥിക്കുകയും വേണ്ട പിന്തുണ നല്‍കുകയും ചെയ്യും.

നാളിതുവരെയായി പെന്തെക്കോസ്തു സമൂഹം വളര്‍ന്നത് ദൈവത്തിലും ദൈവവചനത്തിലുമുള്ള ഉറച്ചനിലപാടും സമൂഹത്തോടുള്ള പ്രതിബന്ധതയുമാണ്. എന്നാല്‍, അതാതു കാലത്തെ സര്‍ക്കാരിന്‍റെ പിന്തുണയും കൈത്താങ്ങലും ഇന്നത്തെ സാഹചര്യത്തില്‍ പെന്തെക്കോസ്തു സമൂഹം പ്രതീക്ഷിക്കുന്നു.

വരും ദിവസങ്ങളില്‍ ക്രൈസ്തവ സഭകളും സര്‍ക്കാരും തമ്മിലുള്ള ബന്ധം എങ്ങനെ മുന്നോട്ട് പോകുന്നു എന്നത് ഏറെ ശ്രദ്ധേയമാകും