യൗവ്വനശക്തി ആർക്കുവേണ്ടി?
ആഗസ്റ്റ് 12: അന്തർദേശീയ യുവജന ദിനം
യൗവ്വനശക്തി ആർക്കുവേണ്ടി?
പാസ്റ്റർ സുനിൽ സഖറിയാസ്
യൗവ്വനം ജീവിതത്തിലെ ഏറ്റവും ശക്തമായ കാലഘട്ടമാണ്.
ആരോഗ്യമുണ്ട്, ശക്തിയുണ്ട്, സ്വപ്നങ്ങളുണ്ട്, കഴിവുകളുണ്ട്, പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ധൈര്യമുണ്ട്.
എന്നാൽ ചോദ്യം ഇതാണ്:
“ഈ യൗവ്വനശക്തി ഞാൻ ആർക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്?”
ലോകം യുവാക്കളോട് പറയുന്നു:
“നിനക്ക് ഇഷ്ടമുള്ളത് ചെയ്യുക.”
സമൂഹം പറയുന്നു:
“വിജയിക്കുക, പ്രശസ്തനാകുക, പണം സമ്പാദിക്കുക.”
എന്നാൽ ദൈവം പറയുന്നു:
“നിന്റെ യൗവ്വനം എനിക്ക് സമർപ്പിക്കുക; ഞാൻ അതിലൂടെ വലിയ കാര്യങ്ങൾ ചെയ്യും.”
- യൗവ്വനം പാഴാക്കാനുള്ള കാലമല്ല, പ്രയോജനപ്പെടുത്താനുള്ള കാലമാണ്
ഇന്ന് യുവാക്കളുടെ സമയം അപഹരിക്കുന്ന പല കാര്യങ്ങളുണ്ട്:
സോഷ്യൽ മീഡിയ, അമിത വിനോദം, ലഹരികൾ, തെറ്റായ ബന്ധങ്ങൾ, ഉത്തരാധുനിക ഫിലോസഫികൾ ...
യൗവ്വനം വിനോദത്തിനായി മാത്രമല്ല നൽകിയിരിക്കുന്നത്; ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റാനാണ്. യൗവ്വനം തിരികെ ലഭിക്കാത്ത ഒരു കാലഘട്ടമാണ്, അതുകൊണ്ട് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക.
എല്ലാ യുവജനങ്ങളും ചോദിക്കേണ്ടുന്ന ചോദ്യം:
“എന്റെ യൗവ്വനം കഴിഞ്ഞുപോകുമ്പോൾ ദൈവത്തിനുവേണ്ടി ഞാൻ എന്താണ് ചെയ്തിട്ടുണ്ടാകുക?”
- യൗവ്വനം മാതൃകയാകാനുള്ള കാലമാണ്
യുവാക്കൾക്ക് അനേകരെ സ്വാധീനിക്കാൻ കഴിയും.
അവർക്ക് തങ്ങളുടെ
കുടുംബത്തെ സ്വാധീനിക്കാം
സഭയെ സ്വാധീനിക്കാം
സുഹൃത്തുക്കളെ സ്വാധീനിക്കാം
സമൂഹത്തെ സ്വാധീനിക്കാം
ഒരു തലമുറയെ പോലും സ്വാധീനിക്കാം. പക്ഷേ സ്വാധീനിക്കണമെങ്കിൽ മാതൃകയുള്ള ജീവിതശൈലിയുടെ ഉടമകളാകണം.
മാതൃകയാകേണ്ട മേഖലകൾ
1. സംസാരം:
സംസാരം കേവലം ലൗകീകമോ അശ്ലീലമോ അല്ല ഉദാത്തവും ഉന്നതവുമായതാകട്ടെ.
2. നടപ്പ്:
ജീവിതശൈലിയും പെരുമാറ്റവും മറ്റുള്ളവരെ ആകർഷിക്കുന്നതാകട്ടെ.
3. സ്നേഹം:
മറ്റുള്ളവരെ ചൂഷണം ചെയ്യാതെ നിസ്വാർത്ഥമായി അവരെ സ്നേഹിക്കുക.
4. വിശ്വാസം:
സാഹചര്യങ്ങൾ മാറിയാലും, പ്രതിസന്ധികൾ ഉണ്ടായാലും ദൈവത്തിൽ വിശ്വസിക്കുക.
5. വിശുദ്ധി:
ലോകത്തിന്റെ അശുദ്ധിക്കിടയിലും വിശുദ്ധമായി ജീവിക്കുക.
യുവാക്കളുടെ ഏറ്റവും വലിയ പ്രസംഗം അവന്റെ ജീവിതമാണ്.
- യൗവ്വനം പ്രലോഭനങ്ങളെ ജയിക്കേണ്ട കാലമാണ്
യുവാക്കൾക്ക് വലിയ സാധ്യതകളുണ്ട്; അതുപോലെ വലിയ പ്രലോഭനങ്ങളും ഉണ്ട്.
യോസേഫ് ഒരു യുവാവായിരുന്നു.
അവൻ ഒറ്റയ്ക്കായിരുന്നു.
അവന്റെ കുടുംബം അവന്റെ കൂടെയില്ലായിരുന്നു.
അവന് മേൽനോട്ടം വഹിക്കാൻ ആരുമില്ലായിരുന്നു.
എന്നാൽ പാപത്തിന്റെ അവസരം വന്നപ്പോൾ അവൻ പറഞ്ഞു:
“ഞാൻ ഈ മഹാദോഷം ചെയ്ത് ദൈവത്തോടു പാപം ചെയ്യുന്നതെങ്ങനെ?”
ശ്രദ്ധിക്കുക:
അവൻ പറഞ്ഞില്ല:
“ആരും കാണുന്നില്ല.”
എന്നാൽ അവൻ മനസ്സിലാക്കി:
“എല്ലാം ദൈവം കാണുന്നു.”
ഇതാണ് വിശുദ്ധിയുടെ അടിസ്ഥാനം.
യുവജനങ്ങളേ,
ആരും കാണാത്ത സമയത്തും ശരിയായത് ചെയ്യുക.
ഫോണിൽ ആരും കാണാത്തപ്പോഴും വിശുദ്ധരായിരിക്കുക.
ഒറ്റയ്ക്കായിരിക്കുമ്പോഴും ദൈവത്തെ ഭയപ്പെടുക.
കാരണം നമ്മുടെ ജീവിതത്തിന്റെ യഥാർത്ഥ പ്രേക്ഷകൻ ദൈവമാണ്.
യുവത്വം ലോകത്തെ അനുകരിക്കാൻ വേണ്ടിയല്ല; ക്രിസ്തുവിനെ പ്രതിഫലിപ്പിക്കാൻ വേണ്ടിയാണ്.
- യൗവ്വനം രൂപപ്പെടലുകളുടെ കാലമാണ്
ലോകം യുവാക്കളുടെ മനസ്സിനെ രൂപപ്പെടുത്താൻ ശ്രമിക്കുന്നു.
പരസ്യങ്ങൾ രൂപപ്പെടുത്തുന്നു.
സോഷ്യൽ മീഡിയ രൂപപ്പെടുത്തുന്നു.
സുഹൃത്തുക്കൾ രൂപപ്പെടുത്തുന്നു.
സിനിമകളും സംസ്കാരവും രൂപപ്പെടുത്തുന്നു.
എന്നാൽ ഗൗരവമായ ചോദ്യത്തിന് ഉത്തരം പറയേണ്ടതുണ്ട്.
നിന്റെ മനസ്സിനെ രൂപപ്പെടുത്തുന്നത് എന്താണ് ? *ദൈവ വചനം നിങ്ങളെ രൂപപ്പെടുത്തട്ടെ* .
ദൈവ വചനം മനസ്സിനെ ശുദ്ധീകരിക്കുന്നു.
ദൈവ വചനം ദിശ നൽകുന്നു.
ദൈവവചനം തെറ്റും ശരിയും തിരിച്ചറിയാൻ സഹായിക്കുന്നു.
അതുകൊണ്ട് ദൈവ വചനത്തെ സ്നേഹിക്കുക, ബഹുമാനിക്കുക, ദൈവ വചനത്തിന്റെ സംസ്കാരം ഉൾക്കൊള്ളുക
- യൗവ്വനം ദൈവത്തെ അന്വേഷിക്കേണ്ട കാലമാണ്
യൗവ്വനം ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും തീരുമാനങ്ങളുടെയും കാലമാണ്. അതുകൊണ്ടുതന്നെ ഈ കാലത്ത് ദൈവത്തെ അന്വേഷിക്കുന്ന തീരുമാനം ജീവിതത്തിന്റെ മുഴുവൻ ദിശയെയും സ്വാധീനിക്കും.
ആദ്യം ദൈവത്തെ അന്വേഷിക്കുന്ന ചെറുപ്പക്കാർ ജീവിതത്തിലെ പല തെറ്റായ വഴികളിൽനിന്നും സംരക്ഷിക്കപ്പെടും. ദൈവത്തെ അന്വേഷിക്കുമ്പോൾ നമ്മുടെ കഴിവുകളും സ്വപ്നങ്ങളും ദൈവത്തിന്റെ ഉദ്ദേശ്യവുമായി ബന്ധപ്പെടുന്നു. *ദൈവത്തിനായി ജീവിതത്തിന്റെ ശേഷിപ്പ് നൽകുന്നതിനെക്കാൾ, ജീവിതത്തിന്റെ ആരംഭം തന്നെ ദൈവത്തിന് നൽകുന്നതാണ് ശ്രേഷ്ഠം.* യൗവ്വനം ദൈവത്തിൽ നിന്ന് അകന്നുപോകാനുള്ള കാലമല്ല; ദൈവത്തോട് ഏറ്റവും അടുത്തുചേരേണ്ട കാലമാണ്
- യൗവ്വനം വലിയ കാര്യങ്ങൾ ദൈവത്തിനായി ചെയ്യാനുള്ള കാലമാണ്
വില്യം കേറി പറഞ്ഞ പ്രസിദ്ധമായ വാക്കുകൾ:
“Expect great things from God; attempt great things for God.”
“ദൈവത്തിൽനിന്ന് വലിയ കാര്യങ്ങൾ പ്രതീക്ഷിക്കുക; ദൈവത്തിനായി വലിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.”
ദൈവം യുവാക്കളെ ചെറുതായി കാണുന്നില്ല. ദാവീദ് ഒരു യുവാവായിരിക്കുമ്പോൾ ഗൊല്യാത്തിനെ നേരിട്ടു.
ശമൂവേൽ ചെറുപ്പത്തിലേ ദൈവത്തിന്റെ ശബ്ദം കേട്ടു.
തിമൊഥെയൊസ് യുവാവായിരിക്കുമ്പോൾ സുവിശേഷ ശുശ്രൂഷയിൽ ഉപയോഗിക്കപ്പെട്ടു.
അതുകൊണ്ട്:
“ഞാൻ ചെറുപ്പമാണ്; എനിക്ക് എന്ത് ചെയ്യാൻ കഴിയും?” എന്ന് ചോദിക്കരുത്.
പകരം:
“ദൈവം എന്റെ ജീവിതത്തിലൂടെ എന്ത് ചെയ്യാൻ ആഗ്രഹിക്കുന്നു?” എന്ന് ചോദിക്കുക.
- യൗവ്വനം ക്രിസ്തുവിന് സമർപ്പിക്കേണ്ട കാലമാണ്
യുവാക്കൾ തങ്ങളുടെ കഴിവ്,
ബുദ്ധി, സമയം, സ്വപ്നങ്ങൾ, ബന്ധങ്ങൾ എല്ലാം ദൈവത്തിന് സമർപ്പിക്കുക, ഭാവിയും ദൈവത്തിന്റെ കരങ്ങളിൽ ഏൽപ്പിക്കുക.
ദൈവത്തിന് തങ്ങളെ തന്നെ സമർപ്പിച്ച യുവാക്കൾ ഒരു തലമുറയുടെ അനുഗ്രഹമായി മാറും. " *ദൈവത്തിൻ്റെ കയ്യിൽ പൂർണമായി സമർപ്പിക്കപ്പെട്ട ഒരാളെ കൊണ്ട് ദൈവം എന്ത് ചെയ്യാൻ പോകുന്നു എന്ന് ലോകം ഇതുവരെ കണ്ടിട്ടില്ല."*
“നിന്റെ യൗവ്വനം ആരുടെ കൈകളിലാണ്?”
ലോകത്തിന്റെ കൈകളിലാണെങ്കിൽ ലോകം നിന്റെ ശക്തി ഉപയോഗിക്കും.
പാപത്തിന്റെ കൈകളിലാണെങ്കിൽ പാപം നിന്റെ ഭാവി നശിപ്പിക്കും.
എന്നാൽ ദൈവത്തിന്റെ കൈകളിലാണെങ്കിൽ, നിന്റെ യൗവ്വനം അനേകരുടെ അനുഗ്രഹമായി മാറും, നിങ്ങൾ പ്രശംസിക്കപ്പെടുകയും ചെയ്യും.
പ്രിയ യുവാക്കളേ,
നിങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇന്ന് ഒരു തീരുമാനം എടുക്കുക:
എന്റെ യൗവ്വനം - ക്രിസ്തുവിനായി.
എന്റെ കഴിവുകൾ - ക്രിസ്തുവിനായി.
എന്റെ സമയം - ക്രിസ്തുവിനായി.
എന്റെ സ്വപ്നങ്ങൾ — ക്രിസ്തുവിനായി.
എന്റെ ഭാവി - ക്രിസ്തുവിന്റെ കൈകളിൽ.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.




