പ്രസംഗത്തോടൊപ്പം അപ്പവും 

പ്രസംഗത്തോടൊപ്പം അപ്പവും 

സജി മത്തായി കാതേട്ട്

ഴിഞ്ഞയാഴ്ച പിവൈപിഎ കേരളാ സംസ്ഥാന ഘടകം തിരുവല്ലയില്‍ നടത്തിയ 'കഴിവ്' എന്ന പേരില്‍ നടത്തിയ സ്പോര്‍ട്സ് മീറ്റ് ശ്രദ്ധേയമായിരുന്നു. 600-ലേറെ യുവതീയുവാക്കളാണ് വിവിധ മത്സരങ്ങളില്‍ മാറ്റുരച്ചത്. പെന്തെക്കോസ്തു യുവജന സംഘടന നടത്തിയ ഈ സ്പോര്‍ട്സ് മീറ്റില്‍ നമ്മുടെ യുവാക്കളുടെ കഴിവും സംഘാടനാമികവും അവരിലെ അവേശവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ആത്മീയരായ യുവാക്കള്‍ മാത്രം മാറ്റുരച്ച ഈ മീറ്റ് മാതൃകാപരമായിരുന്നു.
യുവലോകം ലഹരിയുടെ പിറകെ ഓടിത്തളരുമ്പോഴാണ് ക്രിസ്തുവാണ്  നമ്മുടെ ആനന്ദമെന്നും സുവിശേഷമാണ് നമ്മുടെ ലഹരിയെന്നും സമൂഹത്തില്‍ പ്രതിഫലിപ്പിക്കുവാന്‍ നമ്മുടെ ചില സംഘടകള്‍ക്കെങ്കിലും കഴിയുന്നത് അഭിനന്ദനാര്‍ഹമാണ്.

വയനാട്ടില്‍ പാസ്റ്റര്‍ വര്‍ഗീസ് ബേബിയുടെ നേതൃത്വത്തില്‍ നടത്തിയ യുവജന ക്യാമ്പും ശ്രദ്ധേയായിരുന്നു. നൂറിലേറെ യുവാക്കളാണ് ആത്മാഭിഷേകം പ്രാപിക്കുകയും ദൈവവേലയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തത്.

തിരുവല്ലയില്‍ നടന്ന സ്പോര്‍ട്ട്സ് മീറ്റില്‍ ചില യുവാക്കളുടെ ആശങ്കകള്‍ ശ്രദ്ധിക്കാനിടയായി. ഒരു മാധ്യമ പ്രവര്‍ത്തകനെന്ന നിലയില്‍ അവരുടെ ഉത്കണ്ഠകളും ആശങ്കകളും വളരെ ശ്രദ്ധയോടെയാണ് ശ്രവിച്ചത്.

തൊഴിലില്ലായ്മയും മാനസിക അസ്വസ്ഥതകളുമാണ് എറെ പേരുടെയും പരിദേവനങ്ങള്‍.
മറ്റു സമുദായ സഭകളുടെ നേതൃത്വം അവരുടെ യുവാക്കള്‍ക്ക് ശരിയായ ദിശാബോധവും തൊഴില്‍ സാധ്യതകളും ഒരുക്കിക്കൊടുക്കുന്നുണ്ടെന്നും യുവ മനസുകളുടെ വേദനകളും ഉത്കണ്ഠകളും പങ്കിടാനും ആശ്വാസം നേടാനും മറ്റു സഭകള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് ഡിപ്പാര്‍ട്ടുമെന്‍റുകള്‍ ഉണ്ടെന്നും പത്തനംതിട്ട ജില്ലയിലെ യുവാക്കളില്‍ ഒരാള്‍ പങ്കിട്ടത് ശ്രദ്ധേയമായിരുന്നു. 
പലവിധ പ്രയാസങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയും മുന്നോട്ടു നീങ്ങുന്ന യുവതീയുവാക്കളെയും കുഞ്ഞുങ്ങളെയും സഭ മറക്കുന്നുവെന്നാണ് യുവാക്കളുടെ പരാതി.

ഓരോ വിധത്തിലും അകപ്പെട്ട വിശ്വാസികളുടെ അഥവാ യുവാക്കളുടെ അതിജീവനത്തിനുള്ള പുതിയ പദ്ധതികള്‍ തയ്യാറാക്കാന്‍ സഭാ നേതൃത്വം മുന്‍കൈയെടുക്കണമെന്ന ആവശ്യം നാം മറക്കരുത്.

ദുരിതത്തിലായവരെ കണ്ടെത്തി ആത്മീയ പ്രോത്സാഹനം നല്‍കുന്നതോടൊപ്പം ജീവസന്ധാരണത്തിനുള്ള പദ്ധതികളും ലഭ്യമാക്കാന്‍ സഭാ നേതൃത്വത്തിനാവണം.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികളെക്കുറിച്ച് പഠിച്ച് അതിനുതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കാന്‍ സഭാനേതൃത്വത്തിനാവണം.
ഈയടുത്തകാലത്തായി നാട്ടില്‍ മടങ്ങിയെത്തുന്ന പ്രവാസികളുടെയും വിദ്യാഭ്യാസം കഴിഞ്ഞെത്തിയ ഉദ്യോഗാര്‍ഥികളുടെയും വിവിധ മേഖലകളില്‍ അവര്‍ക്കുള്ള നൈപുണ്യവും യോഗത്യകളും മനസിലാക്കി സാമ്പത്തിക നിലനില്പിനുതകുന്ന പദ്ധതികളും സംരംഭങ്ങളും തുടങ്ങുന്നതിനാവശ്യമായ പദ്ധതികള്‍ക്ക് രൂപരേഖ നല്‍കണം. അവ ആവിഷ്കരിക്കണം. അതിനായി വിദഗ്ധരുടെ പാനല്‍ രൂപീകരിച്ച് വിഭവ സമാഹരണവും ആശയക്രോഡീകരണവും ഒരുക്കണം. ഇതിനായി വിശ്വാസികളുടെയും വിദഗ്ധരുടെയും സഹകരണം തേടി സഭയുടെയും സമൂഹത്തിന്‍റെയും വികസനത്തിനും ഉന്നമനത്തിനും പങ്കാളികളാകാന്‍ നയം രൂപപ്പെടുത്തണം.
സുവിശേഷവ്യാപനത്തിനും സഭകളുടെ ആത്മീയവളര്‍ച്ചയ്ക്കും ചിട്ടയോടെ പ്രവര്‍ത്തിക്കുന്ന സഭാനേതൃത്വം ശുശ്രൂഷകന്മാരുടെയും വിശ്വാസികളുടെയും സാമ്പത്തിക ജീവിതോന്നമനങ്ങള്‍ക്കും പങ്കാളിയാകുന്നതും സഭയുടെ കടമയാണെന്നു തിരിച്ചറിയണമെന്നാണ് വിശ്വാസികളുടെ അഭിപ്രായം.

സാമൂഹ്യവളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ പ്രവര്‍ത്തകസംഘങ്ങളുടെയും സര്‍ക്കാരിതര സംഘടനകളുടെ സഹായവും അവരുടെ വിദഗ്ധാഭിപ്രായവും തേടണം. വിശ്വാസികളുടെയും സഭകളുടെയും തരിശുഭൂമികളില്‍ അനുയോജ്യമായ പദ്ധതികള്‍ ആവിഷ്കരിക്കണം. ഇതിനായി ബോധവല്‍ക്കരണവും വിദഗ്ധസഹായവും സഭാനേതൃത്വം നല്‍കണം. മാറിയ സാഹചര്യങ്ങള്‍ മനസ്സിലാക്കി, ആധുനിക രീതിയിലുള്ള ആരാധനാസംവിധാനങ്ങളും ശുശ്രൂഷകര്‍ക്ക് നല്‍കാനും അവരെ ശാക്തീകരിക്കാനും നേതൃത്വത്തിനാവണമെന്നാണ് ഗുഡ്ന്യൂസ് നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്.

പ്രസംഗംകൊണ്ട് ആരുടെയും വിശപ്പും ദാഹവും തീരില്ല; മറിച്ച് മരുഭൂമിയില്‍ അപ്പം കൊണ്ടുവന്നവനെ കണ്ടുപിടിച്ച് അനേകര്‍ക്ക് വിളമ്പാന്‍ നേതൃത്വത്തിനു കഴിയുമ്പോഴാണ് പ്രസംഗങ്ങള്‍ എല്ലാവര്‍ക്കും ആശ്വാസമാകുന്നത്.

Advertisement