സൈക്ലിങ് കോച്ചിങ് : സ്വിറ്റ്സർലൻഡ് പരിശീലനത്തിന് കെസിയ വർഗീസ്


സൈക്ലിങ് കോച്ചിങ് : സ്വിറ്റ്സർലൻഡ് പരിശീലനത്തിന് കെസിയ വർഗീസ്
ad
ad
ad

ചാക്കോ കെ തോമസ്, ബെംഗളൂരു

കൊച്ചി :അന്തർദേശീയ സൈക്ലിങ്ങിൽ  ഇന്ത്യയ്ക്കുവേണ്ടി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ പെന്തെക്കോസ്തുകാരി കെസിയ വർഗീസ്  സ്വിറ്റ്സർലൻഡിൽ ഒരു മാസത്തെ ലെവൽ 3 സൈക്ലിങ് കോച്ചിങ് കോഴ്സിൽ പങ്കെടുക്കുന്നു . ഈ സെപ്റ്റംബർ ബാച്ചിൽ പങ്കെടുക്കുന്ന ഏക ഇന്ത്യക്കാരിയാണു കെസിയ ; ഈ കോഴ്സ് പൂർത്തിയാക്കുന്ന രണ്ടാമത്തെ മലയാളിയും.

ഇന്ത്യക്കായി 13 രാജ്യങ്ങളിൽ നടന്ന അന്തർദേശീയ മത്സരങ്ങളിൽ കെസിയ പങ്കെടുത്തിട്ടുണ്ട്. 6 അന്തർദേശീയ മെഡലും 84 ദേശീയ മെഡലും നേടിയ താൻ  ഒരു ദേശീയ സൈക്ലിങ് മത്സരത്തിൽ മാത്രം  8 സ്വർണ മെഡലും ഒരു വെള്ളി മെഡലും സ്വന്തമാക്കിയിട്ടുണ്ട്. 2014 ലെ കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, വേൾഡ് കപ്പ്  എന്നിവയുൾപ്പെടെ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2016 ൽ ടീം വിഭാഗത്തിൽ 19-ാം ലോക റാങ്കും വ്യക്തിഗത വിഭാഗത്തിൽ 45-ാം ലോക റാങ്കും കെസിയ നേടി.

സ്കൂളിൽ പോകാൻ സൈക്കിൾ ചവിട്ടിയിരുന്ന ബാല്യകാലത്തിൽനിന്നു ലോക വേദിയിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ കെസിയ  കഠിനാധ്വാനത്തിലൂടെയും സമർപ്പണത്തിലൂടെയും സ്വന്തം സ്വപ്നം എങ്ങനെ യഥാർധ്യമാക്കാം എന്നതിന്റെ  ഉദാഹരണമാണ്.  ചെറുപ്പത്തിൽ കൈയിലെത്തിയ സൈക്കിൾ ഇന്നു  വിജയചക്രമായി മാറിയിരിക്കുന്നു.

കായിക രംഗത്തേക്കുള്ള പ്രവേശനത്തിനു വഴി ഒരുക്കിയത് സ്വന്തം ഉയരമായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് എട്ടാം ക്‌ളാസിലേക്കുള്ള സെലക്ഷന്റെ ഭാഗമായി നടത്തിയ കായിക തിരഞ്ഞെടുപ്പിലാണ് അതുവരെ മറ്റ് കായിക ഇനങ്ങളിൽ പങ്കെടുത്തിരുന്ന കെസിയ സൈക്ലിങ് വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അതോടെ സൈക്ലിങ് ഒരു വിനോദം എന്നതിൽ നിന്ന് തന്റെ പ്രധാന കായിക ഇനമായി മാറി. അന്നു തുടങ്ങിയ കഠിനാധ്വാനവും പരിശീലനവും പിന്നീട് ദേശീയ-അന്തർദേശീയ വേദികളിലേക്കുള്ള യാത്രയ്ക്ക് വഴിതുറന്നു. 

  പരിശീലകരംഗത്തും സജീവമായ കെസിയ അന്തർദേശീയ നിലവാരത്തിലുള്ള പരിശീലനം നേടുകയും ഇന്ത്യയിലെ സൈക്ലിങ് താരങ്ങൾക്ക് മികച്ച പരിശീലനം നൽകുന്നതിനുള്ള കഴിവുകൾ കൂടുതൽ വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് 
സ്വിറ്റ്സർലൻഡിൽ നടക്കുന്ന ലെവൽ 3 സൈക്ലിങ് കോഴ്സിൽ പങ്കെടുക്കുന്നത്. 2026 ൽ ചെന്നൈയിൽ നടന്ന സൈക്ലിങ് ഏഷ്യ കപ്പ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ സൈക്ലിങ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് ആയും കെസിയ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുമളി ചേറ്റുകുഴി സ്വദേശിയായ കെസിയ ഐപിസി തണ്ണിപ്പാറ  സഭാപാസ്റ്റർ പി. എം. വർഗീസിന്റെ മകളും എറണാകുളം മാമംഗലം  ചർച്ച് ഓഫ് ഗോഡ് സഭാംഗം  റോണി കോരയുടെ ഭാര്യയുമാണ്.

Advertisement