ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ് 11-ാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ ഒഹായോയിൽ;
മാത്യു സാമുവൽ സംസാരിക്കും
ഒഹായോ, സിൻസിനാറ്റി: ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ (IAPC) ആഭിമുഖ്യത്തിലുള്ള 11-ാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഒക്ടോബർ 16, 17, 18 തീയതികളിൽ അമേരിക്കയിലെ ഒഹായോയിലുള്ള സിൻസിനാറ്റി ഷാരോൺവില്ലെ മാരിയറ്റ് ഹോട്ടലിൽ നടക്കും. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, നയതന്ത്ര ഉദ്യോഗസ്ഥർ, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്ത്യൻ ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും എന്ന വിഷയത്തിൽ മുതിർന്ന അന്വേഷണാത്മക മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ സംസാരിക്കും. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ നിലവിലെ അവസ്ഥ, സ്വതന്ത്ര മാധ്യമപ്രവർത്തകർ നേരിടുന്ന സമ്മർദ്ദങ്ങൾ, അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യ സ്ഥാപനങ്ങൾക്കും മുന്നിലുള്ള വെല്ലുവിളികൾ എന്നിവ അദ്ദേഹം അവതരിപ്പിക്കും. പതിറ്റാണ്ടുകളായുള്ള അന്വേഷണാത്മക മാധ്യമപ്രവർത്തന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, അധികാര ദുർവിനിയോഗം, ജനാധിപത്യ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം, ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണം എന്നിവയെക്കുറിച്ചും മാത്യു സാമുവൽ സംസാരിക്കും.





