നിലയ്ക്കാത്ത പീഡനം: നൈജീരിയയില്‍ വധിക്കപ്പെടുന്നത് ആയിരങ്ങള്‍; മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്
വാർത്ത: മോൻസി മാമ്മൻ
നൈജീരിയയില്‍ ക്രിസ്തുമതത്തിന്റെ നിലനില്‍പ്പിന് ഭീഷണിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംആയ ട്രൂത്തിലൂടെയാണ് ട്രമ്പ് പ്രതികരിച്ചത്. ആയിരക്കണക്കിന് ക്രിസ്ത്യാനികള്‍ നൈജീരിയയില്‍ വധിക്കപ്പെടുന്നുണ്ടെന്നും തീവ്ര ഇസ്ലാമിസ്റ്റുകളാണ് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളെന്നും ട്രംപ് ട്രൂത്തിൽ എഴുതി. നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു.
നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തുന്നത് ഭാവി ഉപരോധങ്ങള്‍ക്കിടയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. നൈജീരിയയുടെ നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ്മാന്‍ റിലേ മൂറിനോടും ചെയര്‍മാന്‍ ടോം കോളെയോടും നിര്‍ദേശിച്ചതായി ട്രംപ് അറിയിച്ചു. തങ്ങള്‍ ലോകത്തിലെ ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ സംരക്ഷിക്കാന്‍ സജ്ജരാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നൈജീരിയയില്‍ ക്രിസ്ത്യന്‍ സഭകൾക്കും വിശ്വാസികള്‍ക്കുമെതിരെ വ്യാപകമായ അക്രമം നടക്കുന്നതായി ഫോക്‌സ് ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളായ ബൊക്കോ ഹറാം, ഇസ്ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സ് തുടങ്ങിയവയാണ് ആക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നൈജീരിയയില്‍ പ്രതിവര്‍ഷം 4000 മുതല്‍ 8000 ക്രിസ്ത്യന്‍ മതവിശ്വാസികള്‍ വരെ കൊല്ലപ്പെടുന്നതായി ഓപ്പണ്‍ ഡോറെന്ന മനുഷ്യാവകാശ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു.

